രാജ്യത്ത് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചന. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് ബില്‍ തയ്യാറാക്കുന്നത്. ഇക്കാര്യത്തില്‍ ആറ് മാസത്തിനകം നിയമനിര്‍മാണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
മുത്തലാഖ് നിരോധന ബില്ലിന്റെ കരട് തയ്യാറാക്കാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബില്‍ സഭയില്‍ പാസ്സായാല്‍ തന്നെയും നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സംസ്ഥാനങ്ങളുടെ പിന്തുണ ആവശ്യമാണ്. മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങള്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബില്ല് നിയമമാകൂ.
മൂസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗസമത്വവും ഉന്നയിച്ച് മുത്തലാഖിനെതിരെ സുപ്രീം കോടതിയിൽ കേന്ദ്ര സർ ക്കാർ സത്യവാങ്മൂലം നൽകിട്ടുള്ളതു വിധിയെ അനുകൂലമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണ വിഷയം മന്ത്രിസഭ ചർ;ച്ചയ്ക്കെടുത്തേ മതിയാവൂ. നിയമ നിർമ്മാണം നടത്തുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞു നിൽക്കാനാവില്ല. അതിൽ നിന്ന് പിൻമാറാനും സാധിക്കില്ല.
പക്ഷെ, മുത്തലാഖ് നിരോധനത്തിനായി നിയമനിർമാണം നടത്തണമെങ്കിൽ അത് പാർലമെന്റിൽ അവതരിപ്പിക്കണം. ഇതിനായി വിവിധ മുസ്ലിം സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന് അഭിപ്രായം തേടേണ്ടതുണ്ട്. അതുപോലെ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും. നിലവിലെ സാഹചര്യത്തിൽ അത് എത്രത്തോളം അനുകൂലമാക്കി എടുക്കാനാവും എന്നാതായിരിക്കും കേന്ദ്ര സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.
പാർലമെന്റിൽ അവതരിപ്പിക്കുന്ന നിയമനിർമാണ ബിൽ പരാജയപ്പെട്ടാൽ അത് വലിയ തിരിച്ചടിയാവും. മറിച്ച് ബിൽ പാസാവുകയാണെങ്കിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്താൻ പ്രത്യേക സമിതിയെ നിയമിച്ച് വിവിധ സംസ്ഥാനങ്ങളുടെ പിന്തുണ തേടേണ്ടതുണ്ട്. മൂന്നിൽ ഒന്ന് സംസ്ഥാനങ്ങൾ പിന്തുണച്ചാലേ നിയമം യാഥാർഥ്യമാവൂ.
എന്നാൽ ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതി നിർദേശിച്ച ആറ് മാസത്തിനുള്ളിൽ തന്നെ നേടിയെടുക്കുക ഭഗീരഥ പ്രയത്നമായിരിക്കും. ഈ കടമ്പകളെല്ലാം പരിഗണിക്കുമ്പോൾ ഇത്തരത്തിൽ ഒരു സുപ്രധാന നിയമത്തെ സംബന്ധിച്ച് ആറ് മാസമെന്നത് പര്യാപ്തമല്ലാത്ത വളരെ ചെറിയ കാലയളവാണ്.
ഖുറാന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് നിരോധനമെന്ന വാദമാണ് മുസ്ലിം വ്യക്തിനിയമ ബേർഡ് പ്രധാനമായും കോടതിയിൽ കൈക്കൊണ്ടത്. ഇതിന് കൂടുതൽ പ്രചാരണം നൽകുന്നതോടെ വിവിധ മുസ്ലിം സംഘടനകളിൽ നിന്ന് എതിർപ്പ് നേരിടാനും സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ നിയമനിർമാണം നടത്തുക എന്നത് കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദന തന്നെയാകും.

