പതിനൊന്ന് പ്രകാശവർഷം ദൂരെ, ഭൂമിയുടെ അത്രയും വലിപ്പത്തിൽ, അതേ കാലാവസ്ഥയിൽ ഭൂമിയെ പോലൊരു ഗ്രഹത്തെ കണ്ടെത്തിക്കഴിഞ്ഞു. ജീവന്റെ തുടിപ്പുകൾക്ക് സാദ്ധ്യത നൽകിക്കൊണ്ടാണ് ഭൂമിയുടെ അപരന്റെ രംഗപ്രവേശം. ചിലിയിലെ ‘ലാ സില്ല’ വാനനിരീക്ഷണ കേന്ദ്രത്തിൽ ഹൈ അക്വറസി റേഡിയൽ വെലോസിറ്റി പ്ലാനറ്റ് സെർച്ചർ (ഹാർപ്സ്) സംഘമാണ് പുതിയ ഗ്രഹത്തിന്റെ കണ്ടെത്തലിനു പിന്നിൽ.
ഭൂമിയിലെ താപനിലയോട് ഏറെ അടുത്തു നിൽക്കുന്ന ഈ ഗ്രഹത്തിൽ മിതശീതോഷ്ണമായ കാലാവസ്ഥയാണെന്നാണ് നിരീക്ഷണം. ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ‘റോസ് 128’ എന്നു പേരു നൽകിയ ഈ ഗ്രഹമാണ് ജീവന്റെ തുടിപ്പിന് പ്രതീക്ഷ നൽകുന്ന ഇടം. ചുവന്ന കുള്ളൻ (റെഡ് ഡ്വാർഫ്) നക്ഷത്രത്തെ ചുറ്റിയാണ് റോസിന്റെ സഞ്ചാരം.
താരതമ്യേന തണുത്ത അന്തരീക്ഷമുള്ള ചുവന്ന കുള്ളനാണ് ഗവേഷകർക്ക് ഏറെ പ്രതീക്ഷയേകുന്ന ഘടകം. ഭൂമിയെ പോലെ നിരവധി ഗ്രഹങ്ങൾ ഈ നക്ഷത്രത്തെ ചുറ്റിക്കറങ്ങുന്നുണ്ടാകാം എന്നാണ് ഗവേഷകരുടെ അനുമാനം. ഹാർപ്സ് സംഘത്തിന്റെ പത്തു വർഷത്തെ ഗവേഷണത്തിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തൽ.


