Thu. Mar 28th, 2024

അർത്തുങ്കൽ പള്ളിക്കു ശേഷം എരുമേലി വാവര്‍പള്ളിക്കെതിരെ ക്യാംപയിനുമായി ഹിന്ദുഹെല്‍പ്പ് ലൈന്‍. ശബരിമലയില്‍ പോകുന്നവര്‍ വാവര്‍ പള്ളിയില്‍ പോകരുതെന്നും അവിടെ കാണിക്കയിടരുതെന്നുമാണ് ഹെല്‍പ്പ് ലൈനിന്റെ ആഹ്വാനം. സംഘപരിവാര്‍ സംഘടനകളുടെ ആശയ പ്രചരണം നടത്തുന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ്.

ശബരിമലയില്‍ പോകുന്നവര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടരുതെന്നാണ് ഹിന്ദു ഹെല്‍പ് ലൈനിന്റെ ആഹ്വാനം. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുതെന്നും അവിടെ കാണിക്കയിടുന്ന പണം ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സയ്ക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ ആവശ്യപ്പെടുന്നു.

ശബരിമലയില്‍ പോകുന്ന അയ്യപ്പ ഭക്തര്‍ പള്ളിയില്‍ കയറി വണങ്ങിയ ശേഷമാണ് ഭക്തര്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാറുള്ളത്. മുമ്പ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനം പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം.

അതേസമയം ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ ആഹ്വാനത്തിനെതിരെ നിരവധി ഭക്തര്‍ രംഗത്തെത്തി. ക്ഷേത്രങ്ങള്‍ കൈയ്യടക്കാനുള്ള സംഘപരിവാര്‍ അജണ്ടകളുടെ ഭാഗമാണ് ഇത്തരം പ്രചരണങ്ങള്‍ എന്നും മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഇത്തരം സ്ഥാപിത താല്‍പര്യക്കാരുടെ പ്രചരണത്തില്‍ യഥാര്‍ത്ഥ ഭക്തര്‍ വീഴില്ലെന്നും അവര്‍ പറയുന്നു.

ഇത്തരത്തില്‍ ആണെങ്കില്‍ അറബിക്കടലില്‍ അറബി എന്ന വാക്ക് ഉളളതിനാല്‍ ആ വെളളത്തില്‍ നിന്നും ഉണ്ടാക്കുന്ന ഉപ്പ് ഉപയോഗിക്കരുത് എന്നു കൂടെ സംഘികൾ തട്ടി വിടില്ലെയെന്നും പോസ്റ്റിനു താഴെ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയരുന്നുണ്ട്.