രാജ്യത്ത് മരുന്ന് പരീക്ഷണം; മരണം 24,117; ഇരകൾ പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികൾ

മരുന്നു കമ്പനികൾ നടത്തിയ പരീക്ഷണങ്ങളിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ മരിച്ചത് 24,117 പേർ. വിവരാവകാശ നിയമപ്രകാരം ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യയാണ് വിവരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കൈമാറിയത്. ഇതിൽ നഷ്ടപരിഹാരം ലഭിച്ചതാവട്ടെ വളരെ കുറച്ചു പേരുടെ ആശ്രിതർക്കു മാത്രം.

2005 ജനുവരിക്കും 2016 സെപ്തംബറിനുമിടയിലുള്ള കണക്കാണ് പുറത്തു വന്നിരിക്കുന്നത്. 2009ൽ ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികളെയാണ് മരുന്നു പരീക്ഷണത്തിനായി ദേശീയ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം റിക്രൂട്ട് ചെയ്തത്. സെർവിക്കൽ കാൻസറിനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) പരീക്ഷിക്കാനായിരുന്നു റിക്രൂട്ട്മെന്റ്. മാസങ്ങൾ നീണ്ട പരീക്ഷണത്തിനിടെ ഏഴു പെൺകുട്ടികൾ മരിച്ചു. ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയതു സംബന്ധിച്ച് വ്യക്തതയില്ല.

വിവരാവകാശ പ്രകാരം നൽകിയിരിക്കുന്ന കണക്ക്

മരുന്നു പരീക്ഷണം:

വർഷം              മരണമടഞ്ഞവർ                     നഷ്ടപരിഹാരം ലഭിച്ചവർ
2013                      590                                                 45
2014                      443                                                 21
2015                      341                                                   4
2016                      252                                                ഇല്ല

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ പണം നൽകി വശീകരിച്ചാണ് കമ്പനികൾ മരുന്നു പരീക്ഷണത്തിന് തിരഞ്ഞെടുക്കുന്നത്. കൃത്യമായ വിവരങ്ങൾ ഇവരെ ബോദ്ധ്യപ്പെടുത്താറുമില്ല. വെള്ളപ്പേപ്പറിൽ ഒപ്പിടുവിച്ച് വാങ്ങിയ ശേഷമാണ് പണം കൈമാറി ആളെ കണ്ടെത്തുന്നത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ടിൽ മരുന്നു പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷകളൊന്നും പരാമർശിക്കുന്നില്ല. അതുകൊണ്ടുതന്നെ മരുന്നു കമ്പനികൾക്ക് പണത്തിന്റെ ബലത്തിൽ യഥേഷ്ടം ആളുകളെ കണ്ടെത്താനാവും.

മരുന്നു പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടത് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയാണ്. എന്നാൽ ഈ സമിതിയുടെ പ്രവർത്തനത്തിലും സുതാര്യതയില്ലെന്നാണ് ആക്ഷേപം. 2010ൽ മരുന്നു പരീക്ഷണങ്ങളിലൂടെ 22 മരണങ്ങൾ മാത്രമാണ് സമിതിയുടെ റിപ്പോർട്ടിലുള്ളത്. എന്നാൽ വിവരാവകാശ പ്രവർത്തകർ നടത്തിയ നിയമ പോരാട്ടങ്ങളിലൂടെ മരണത്തിന്റെ കണക്ക് 610 ആണെന്നു വ്യക്തമായി. മരുന്നു പരീക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ കമ്പനികൾ അറിയിക്കേണ്ടത് ഈ സമിതിയെയാണ്.