Sun. Feb 25th, 2024

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും മുൻ മൈസൂർ യൂണിവേഴ്സിറ്റി പ്രൊഫസറും യുക്തിവാദിയുമായ ഡോ. കെ എസ് ഭഗവാനുമായി ലിബി.സി എസ് നടത്തിയ അഭിമുഖത്തിൻറെ മലയാള പരിഭാഷ.

?) ഭഗവദ്ഗീതയെയും രാമായണത്തെയും കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും അവര്‍ വധഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു. തീവ്രനിലപാടുള്ള ഒരുവിഭാഗത്തില്‍നിന്ന് ഇത്തരം എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ഗീതയെയും രാമായണത്തെയും കുറിച്ച് നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ താങ്കള്‍ക്ക് പിന്നീട് എന്തെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ടോ?

ഇല്ല, ഒരിക്കലുമില്ല. വളരെയേറെ ആഴത്തില്‍ വായിച്ചും ഗൗരവമായി ചിന്തിച്ചുമാണ് ഭഗവത് ഗീതയെയും അതുപോലുള്ള മറ്റുകാര്യങ്ങളെയും കുറിച്ച് ഞാന്‍ നിഗമനത്തിലെത്തിയത്. ഇതുവരെ എഴുതിയതെല്ലാം അതിന്റെ അടിസ്ഥാനത്തിലുമാണ്. അതുകൊണ്ടുതന്നെ പശ്ചാത്തപിക്കേണ്ട പ്രശ്‌നമേ ഉദിക്കുന്നില്ല.

?) ഭഗവത്ഗീതയെ കുറിച്ചുള്ള താങ്കളുടെ പ്രധാന വിമര്‍ശനങ്ങളിലൊന്ന് അത് എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുകയല്ല മറിച്ച് തിരസ്‌കരിക്കുകയാണ് എന്നാണ്. ഗീതയെയും രാമായണത്തെയും കുറിച്ചുള്ള പ്രധാന നിരീക്ഷണങ്ങള്‍ എന്തെല്ലാമാണ്?

ഭഗവത്ഗീത എഴുതിയത് എഡി രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ ആണ്. എന്നാല്‍ പാരമ്പര്യവാദികള്‍ അവകാശപ്പെടുന്നത് അതിനും എത്രയോ മുമ്പെയെന്നാണ്. അതിന് ഒരു അടിസ്ഥാനവുമില്ല. ഇന്ത്യയിലും പുറത്തുമുള്ള ഗവേഷകരും പണ്ഡിതരും എത്തിച്ചേര്‍ന്ന തീര്‍പ്പ് എഡി മൂന്നാം നൂറ്റാണ്ടിലാണ് ഇത് രചിക്കപ്പെട്ടതെന്നാണ്. ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ പ്രഭാവം ഏതാണ്ട് അവസാനിക്കാന്‍ തുടങ്ങിയതായിരുന്നു ആ കാലം. ബുദ്ധമതത്തിന്റെ സ്വാധീനത്തെ മറികടക്കുയെന്ന ലക്ഷ്യത്തോടെയാണ് ഗീത രചിക്കപ്പെട്ടത്.

ജാതി സമ്പ്രദായത്തെ പൂര്‍ണമായും നിരാകരിച്ചയാളായിരുന്നു ബുദ്ധന്‍. ജാതി സമ്പ്രദായത്തിന്റെ ദൂഷ്യഫലങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് ബുദ്ധനാണ്. മാത്രമല്ല ഉന്നത ബോധജ്ഞാനം (Enlightened) നേടിയ ബുദ്ധന്‍ ഉദ്ദിഷ്ടഫലം (Efficacy) സാധ്യമാകുന്നതിന് എല്ലാവരേയും യോജിപ്പിക്കേണ്ട അനിവാര്യതയും തിരിച്ചറിയുകയുണ്ടായി. അതുകൊണ്ടാണ് ബുദ്ധസംഘത്തില്‍ ജാതി സമ്പ്രദായത്തെ നിരാകരിക്കുകയും സംഘത്തില്‍ അതില്ലാതാക്കുകയും ചെയ്തത്. തൊട്ടുകൂടായ്മയെ അദ്ദേഹം ഗൗനിച്ചില്ല. ഏതു ജാതിയില്‍പെടുന്നവരായാലും ബുദ്ധസംഘത്തില്‍ അംഗമാവുകയോ അതിന്റെ ഭാഗമാവുകയോ ചെയ്തുവെങ്കില്‍ അവരെല്ലാം തുല്യരായിരുന്നു. സംഘത്തില്‍ തുല്യപദവിയും പരിഗണനയുമാണ് ലഭിച്ചത്. ഇത് അന്നത്തെ പരമ്പരാഗത സാമൂഹിക ഘടനയ്ക്ക് വലിയ ഭീഷണിയായിരുന്നു. കാരണം അവര്‍ക്കാവശ്യം മേലാള-കീഴാള സങ്കല്പമായിരുന്നു. വ്യവസ്ഥാപിതമായ അധികാരശ്രേണി (Hierarchy) യായ ചാതുര്‍വര്‍ണ്യമാണ് അവര്‍ സ്ഥാപിച്ചത്. ചാതുര്‍വര്‍ണ്യത്തില്‍ ബ്രാഹ്മണനാണ് ഏറ്റവും ഉന്നതന്‍. ശൂദ്രന്‍ ഏറ്റവും കീഴാളനും. ഈ സമ്പ്രദായം ഇല്ലാതാകുമെന്നായപ്പോള്‍ അത് നിലനിര്‍ത്താനാണ് അവര്‍ ഗീത രചിക്കുന്നത്.

സമൂഹത്തില്‍ നാല് അടുക്കുകളുള്ള സംവിധാനം സൃഷ്ടിച്ചത് തന്നെ കൃഷ്ണനാണെന്ന് ഗീതയില്‍ പറയുന്നു. കൃഷ്ണന്‍ തന്നെ അത് സമ്മതിക്കുകയും ചെയ്യുന്നു. അതിനര്‍ഥം അസമത്വം (Inequality) ആണ് കൃഷ്ണനും വിശ്വസിച്ചതും പിന്തുടര്‍ന്നതും എന്നാണ്. ശുദ്രവിഭാഗത്തില്‍പെട്ട, കീഴാളനായ, യാദവനായ കൃഷ്ണന് എങ്ങനെയാണ് സ്വയം താഴ്ന്ന വിഭാഗത്തിലുള്ളവനായി മാറി ഒരു വ്യവസ്ഥയെ സൃഷ്ടിക്കാനും അതിന് സാധൂകരണം നല്‍കാനും അതിന്റെ സ്ഥാപനവത്കരണത്തിനും സാധ്യമാവുക? അതാണ് തന്ത്രം. യാഥാസ്ഥിതിക ശക്തികള്‍ കൃഷ്ണന്റെ പേരില്‍ കെട്ടിച്ചമച്ച ഒരു രീതിയാണിത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നാല് അടുക്കുകളുള്ള ഈ സമ്പ്രദായത്തെ അംഗീകരിക്കാന്‍ നമുക്ക് സാധ്യമല്ല.


ഗുണ, കര്‍മ്മ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വ്യവസ്ഥ സൃഷ്ടിച്ചതെന്ന് ഇവര്‍ പറയുന്നു. സത്വ, രജസ്, തമസ് എന്നിങ്ങനെ മൂന്നു ഗുണങ്ങളെ കുറിച്ചാണ് ഇവര്‍ പറയുന്നത്. സത്വ വിഭീഷണനെ പ്രതിനിധാനം ചെയ്യുന്നു. രജസ് രാവണനെയും തമസ് കുംഭകര്‍ണനെയും. എവിടെയാണ് നാലാമത്തെ ഗുണം. അവിടെ നാലാമത് ഒന്നില്ല. അതുകൊണ്ടുതന്നെ ഇത് മിഥ്യാബോധം സൃഷ്ടിക്കുന്ന (Fallacious) തെറ്റായ (Erroneous) ഒരു വ്യവസ്ഥയാണ്. കൃഷ്ണന്റെ പേരില്‍ കെട്ടിച്ചമച്ച ഒന്നാണത്.

ഗീതയിലെ ഒമ്പതാം അധ്യായത്തിലെ 32ാം ശ്ലോകത്തില്‍ കൃഷ്ണന്‍ പറയുന്നു; എല്ലാ സ്ത്രീകളും പാപികളാണെന്ന്, ബ്രാഹ്മണ സ്ത്രീകളടക്കം. ശൂദ്രന്മാരും വൈശ്യന്മാരും പാപികളാണ്. ബ്രാഹ്മണരും ക്ഷത്രിയരും മാത്രമാണ് പുണ്യവാന്മാര്‍. ഇതെങ്ങനെ അംഗീകരിക്കാനാവും. രണ്ടുശതമാനം മാത്രം വരുന്ന ബ്രാഹ്മണരെയും ക്ഷത്രിയരെയും ഒഴിവാക്കിയാല്‍ ശേഷിക്കുന്ന ജനത 98 ശതമാനമുണ്ട്. എങ്ങനെയാണ് രാജ്യത്തെ 98 ശതമാനം ജനങ്ങളെയും പാപികളായി കാണാന്‍ സാധിക്കുക. ഇവരെല്ലാം പാപികളാണെന്ന് കൃഷ്ണന്‍ പറയുന്നുവെങ്കില്‍ കൃഷ്ണനും പാപി തന്നെയാണ്. കാരണം കൃഷ്ണന്‍ യാദവ വിഭാഗത്തില്‍പെട്ടയാളാണ്. അതുമാത്രമല്ല, പതിനാറായാരം സ്ത്രീകളെ തന്റെ വരുതിയില്‍നിര്‍ത്തി കൃഷ്ണന്‍. മറ്റൊരാളുടെ ഭാര്യയായ രാധയ്‌ക്കൊപ്പം ഒളിച്ചോടുക (Eloped) യും ചെയ്തു. കൃഷ്ണന്‍ പാപിയായിരിക്കാം. അതിനര്‍ത്ഥം ഞങ്ങളെല്ലാം പാപികളാണെന്നല്ല. അതുകൊണ്ടുതന്നെ ഈ കൃതി സാധാരണക്കാരന് ഒരു ആദരവും നല്‍കുന്ന ഒന്നല്ല. എന്നെ മാനിക്കാത്ത ഒരു കൃതിയെ ഞാന്‍ എന്തിന് മാനിക്കണം? അതുകൊണ്ടാണ് ഞാന്‍ പാപിയല്ലെന്നും അദ്ദേഹമാണ് പാപിയെന്നും ഞാന്‍ പറയുന്നത്.

രാമായണത്തിന്റെ കാര്യത്തില്‍ നോക്കാം. രാമന്‍ ദൈവത്തിന്റെ അവതാരമാണെന്ന് വാത്മീകി ഒരിടത്തും പറഞ്ഞിട്ടില്ല. മനുഷ്യനാണെന്ന് വളരെ വ്യക്തമായി പറയുകയും ചെയ്യുന്നു. രാമന്‍ സ്വയം പറയുന്നു ഞാന്‍ ദശരഥന്റെ മകനാണ്, മനുഷ്യനാണ് എന്ന്. ‘അഹം മാനുഷം മന്യേ; രാമം ദശരഥാത്മജം’ എന്നാണ് രാമന്‍ പറയുന്നത്. രാമായണത്തിന്റെ പലഭാഗത്തും ഇത് ആവര്‍ത്തിക്കുക കൂടി ചെയ്യുന്നു. വാത്മീകിയും ഇതുതന്നെയാണ് പറഞ്ഞത്. എന്റെ ലളിതമായ ചോദ്യം ഇതാണ്; രാമന്‍ ദൈവമാണെങ്കില്‍, ദൈവത്തെ കുറിച്ചുള്ള നിര്‍വചനമെന്താണ്. ത്രികാല ജ്ഞാനിയെന്നാണ്. മൂന്നുകാലത്തെ കുറിച്ചും അറിവുള്ളവന്‍, സര്‍വ്വശക്തന്‍. ഇതെല്ലാം അറിയുന്ന ദൈവമാണ് രാമനെങ്കില്‍, രാമന് അറിയില്ലേ സീത എവിടെയെന്നും ആരാണ് ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയതെന്നും? അദ്ദേഹത്തിന് അത് മനസ്സിലാക്കാനായില്ലല്ലോ. അതിനര്‍ഥം രാമന്‍ ദൈവമല്ലെന്നും മനുഷ്യനാണെന്നുമാണ്. ഇതിനുള്ള ധാരാളം തെളിവുകള്‍ രാമയണത്തിലുടനീളം കാണം.


ഇതുമാത്രമല്ല, രാമന്‍ സീതയോട് പാതിവ്രത്യം തെളിയിക്കാന്‍ പലതവണ ആവശ്യപ്പെടുന്നുണ്ട്. പന്ത്രണ്ടുവര്‍ഷം വനത്തില്‍ വത്മീകിയുടെ ആശ്രമത്തില്‍ കഴിഞ്ഞ് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി തിരിച്ചെത്തിയപ്പോഴും രാമന്‍ സീതയോട് പതിവ്രതയാണോ എന്ന് ചോദ്യം ഉന്നയിക്കുന്നു. ആര്‍ക്കെങ്കിലും ഇത് അംഗീകരിക്കാനാകുമോ? അങ്ങനെയല്ലേ സ്വയം ലജ്ജാവതിയായും രാമനെ കുറിച്ച് ഓര്‍ത്ത് ലജ്ജിച്ചും സീത വേദനയോടെ അമ്മയെ വിളിച്ച് എന്നെ രക്ഷിക്കൂ എന്ന് വിലപിക്കുന്നതും അമ്മയിലേക്ക് മടങ്ങി അപ്രത്യക്ഷയാകുന്നതും. പിന്നീടെന്താണ് ഉണ്ടായത്. ദുഃഖിതനായ രാമന്‍ സരയൂനദിയിലേക്ക് പോയി ആത്മഹത്യ ചെയ്തു. രാമന്‍ ദൈവമായിരുന്നുവെങ്കില്‍ എങ്ങനെയാണ് ആത്മഹത്യ ചെയ്യാനായത്? ഒരു മനുഷ്യന്‍ മാത്രമായ രാമന്, ദുഃഖം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് സരയൂനദിയിലേക്ക് പോകുന്നതും ആത്മഹത്യ ചെയ്യുന്നതും. ആത്മഹത്യ ചെയ്തതിനാണോ ജനങ്ങള്‍ രാമനെ ആരാധിക്കേണ്ടത്? ഒരുതരത്തില്‍ നോക്കിയാലും രാമന്‍ ഒരു മാതൃകാപുരുഷനല്ല. അദ്ദേഹം നല്ലൊരു ഭര്‍ത്താവിയിരുന്നില്ല. നല്ലൊരു ഭരണാധികാരിയുമായിരുന്നില്ല. കാരണം, ശംഭുകനെ പോലുള്ള ശൂദ്രന്റെ കഴുത്ത് വെട്ടുകയാണ് രാമന്‍ ചെയ്തത്. അതുകൊണ്ടുതന്നെ ഈ കാവ്യം എങ്ങനെയാണ് മാതൃകാപരമാകുന്നത്? ഇതാണ് എന്റെ ചോദ്യം.

?) രാമന്റെ മക്കള്‍ക്കാണ് രാജ്യം ഭരിക്കാനുള്ള അവകാശം എന്നാണ് ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ പറയുന്നത്. കേന്ദ്രത്തില്‍ അധികാരം ലഭിച്ചതിന് ശേഷം ഇത്തരം വാദങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ശക്തിയാര്‍ജിക്കുകയും ചെയ്യുന്നു ?

അത് അസാധ്യമാണ്. ആരാണ് രാമന്റെ മക്കള്‍. തങ്ങള്‍ രാമന്റെ മക്കളാണെന്ന് അവര്‍ അവകാശപ്പെടുന്നുവെങ്കില്‍ എനിക്ക് അവരോട് സഹതാപമേയുള്ളൂ. കാരണം അവര്‍ നല്ല ഭര്‍ത്താക്കന്മാരോ അച്ഛന്മാരോ ആകുന്നില്ല. അവരൊന്നും വാത്മീകിയുടെ രാമയണമല്ല വായിച്ചിട്ടുണ്ടാവുക. രാമന്റെ കഥ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും ഭാഷയിലെഴുതിയ പുസ്തകങ്ങളാവും വായിച്ചിട്ടുണ്ടാവുക. ഞാന്‍ വായിച്ചതും എന്റെ നിരീക്ഷണങ്ങളും വാത്മീകി രാമായണത്തെ കുറിച്ചാണ്. വാത്മീകിയുടെ രാമായണം ഒരു കഥയല്ല, ഒരു തത്വദര്‍ശനമാണ്, സാമൂഹികവ്യവസ്ഥയാണ്. ദര്‍ശനത്തെയും സാമുഹികവ്യവസ്ഥയെയും കലയിലൂടെ ഉള്‍ച്ചേര്‍ത്തതാണ് ആ കൃതി.

സമൂഹത്തിലെ നാല് അടുക്കുകളുള്ള വ്യവസ്ഥയെ സംരക്ഷിക്കാന്‍തന്നെയാണ് രാമന്‍ നിലകൊള്ളുന്നതെന്ന് രാമായണം വ്യക്തമായി പറയുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ രക്ഷകനായാണ് രാമന്‍ അറിയപ്പെടുന്നത്. ചാതുര്‍വര്‍ണ്യ രക്ഷക എന്നതിലൂടെ വിവക്ഷിക്കുന്നത് സാമൂഹിക അസന്തുലിതാവസ്ഥയാണ്. ബ്രാഹ്മണര്‍ ഏറ്റവും ഉന്നതിയിലും ശൂദ്രര്‍ താഴെതലത്തിലുമുള്ള അധികാരഘടന പിന്തുടരുന്ന ഒരു സമൂഹം തന്നെയാണ് ഇതിലും പറയുന്നത്. എന്തിനാണ് നമുക്ക് ഇത്തരത്തിലുള്ള ഒരു സമൂഹം. എല്ലാ ജാതികള്‍ക്കും തുല്യപദവി നല്‍കുന്ന ഒരു സംവിധാനം വേണ്ടസ്ഥാനത്ത് മറിച്ചുള്ള ഒന്നിനെ എന്താണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മതപരമായ സംഹിതയെ പിന്തുടരേണ്ടതില്ല. അതില്‍ ഒരു മതവുമില്ല. അത് അധികാരവര്‍ഗങ്ങളുടെ അധീശത്വം പ്രകടിപ്പിക്കുന്ന ഒരു സംഹിതമാത്രമാണ്. അതില്‍ മാനവികതയില്ല, മനുഷ്യമതവുമില്ല. അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഈ കൃതികളെ പുനര്‍വിലയിരുത്തലിന് വിധേയമാക്കുകയും പ്രയോജനരഹിതമായ ഒന്നാണെന്ന തീര്‍പ്പുകളിലേക്ക് എത്തിച്ചേരുകയും വേണ്ടത്.

?) ഗീതയും രാമായണവും അടക്കം ഹിന്ദുത്വ ദര്‍ശനങ്ങളെ കുറിച്ചുള്ള താങ്കളുടെ പഠനങ്ങള്‍ പുറത്തുവന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ശങ്കരാചാര്യരെ കുറിച്ചുള്ള പുസ്തകം 13 വര്‍ഷം മുമ്പെഴുതുകയും 18 പതിപ്പുകള്‍ പുറത്തിറങ്ങുകയും ചെയ്തു. ഇപ്പോള്‍ എങ്ങനെയാണ് തീവ്രഹിന്ദുത്വ വിഭാഗങ്ങള്‍ പരസ്യമായ എതിര്‍പ്പും ഭീഷണിയുമായി വരുന്നത്?

കേന്ദ്രത്തില്‍ തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നുവെന്ന തോന്നലാവാം ഒരുപക്ഷെ ഇപ്പോള്‍ ഇത്ര ശക്തമായ എതിര്‍പ്പുയരാനുള്ള കാരണമങ്ങളിലൊന്ന്. രണ്ട്, കര്‍ണാടക രാജ്യരായത് സംഘ, കര്‍ണാടക ദളിത സംഘര്‍ഷ സമിതി എന്നിങ്ങനെ രണ്ട് അതിശക്തമായ സാമുഹിക സംഘടനകള്‍ കര്‍ണാടകത്തിലുണ്ടായിരുന്നു. വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംഘടനകളായിരുന്നു ഇവ. പക്ഷെ പിന്നീട് ഇത് പലവിഭാഗങ്ങളായി ചിതറിപ്പോയി, അങ്ങനെ ശക്തിക്ഷയിച്ചു. മതനിരപേക്ഷ ശക്തികളുടെ ഈ അഭാവത്തിലാണ് യാഥാസ്ഥിതിക മൗലികവാദ ശക്തികളും ഗ്രൂപ്പുകളും കൂടുതല്‍ ബലന്മാരായി മാറിയത്. തങ്ങളെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന തോന്നല്‍ അവര്‍ക്കിടയിലുണ്ടായിരിക്കുന്നു. പ്രത്യേകിച്ച് കേന്ദ്രത്തില്‍ തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളെ തടയാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും അവര്‍ കരുതുന്നുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ തങ്ങളെ സംരക്ഷിക്കുമെന്നും അവര്‍ക്ക് വിശ്വാസമുണ്ടാകും. ഇത്തരം ധാരണകളിലൂടെയാവം ഈ തീവ്രഗ്രൂപ്പുകള്‍ ഇപ്പോള്‍ കൂടുതല്‍ തലയുയര്‍ത്തുന്നത്.

?) കേന്ദ്രത്തിലെ അധികാരം, മുമ്പ് സംസ്ഥാനത്ത് ലഭിച്ചതിനേക്കാള്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ ശക്തരാക്കുന്നുണ്ടോ?

ഇല്ല, നിലവില്‍ കേന്ദ്രത്തിലെ അധികാരം കര്‍ണാടകത്തില്‍ ഹിന്ദുത്വഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതേയില്ല. എന്നാല്‍, അടുത്തവണ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. അത് അസാധ്യമെന്നാണ് എന്റെ വിശ്വാസം. അടുത്തിടെ കന്നഡ കവി ചന്ദ്രശേഖര്‍ പാട്ടീല്‍, അദ്ദേഹം ലിംഗായത്ത് വിഭാഗക്കാരനാണ് എന്നാല്‍ ജാതിവ്യവസ്ഥയ്ക്കതീതമായ നിലപാട് സ്വീകരിക്കുന്നയാളുമാണ്, ലിംഗായത്ത് വിഭാഗത്തെ രൂക്ഷമായി ആക്രമിച്ച് രംഗത്തുവന്നു. കാരണം ലിംഗായത്ത് വിഭാഗം ബിജെപിക്ക് അനുകൂലമായ നിലപാടെടുത്തു. കര്‍ണാടകത്തില്‍ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ലിംഗായത്ത് വിഭാഗമാണ്. രണ്ടാം സ്ഥാനം വൊക്കലിംഗയും. മൂന്നാമത് കുര്‍ബ വിഭാഗവും.ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധാരാമയ്യ കുര്‍ബ വിഭാഗക്കാരനാണ്. അങ്ങനെയെങ്കിലും അദ്ദേഹവും തികഞ്ഞ മതേതര വാദിയാണ്.

ജനാധിപത്യമൂല്യങ്ങളിലൂന്നിയുള്ള മതേതര നിലപാട് സ്വീകരിച്ച സാംസ്‌കാരിക സംഘടനകളുടെ അഭാവമാണ് കര്‍ണാടകത്തില്‍ തീവ്രമൗലികവാദികള്‍ക്ക് ശക്തമായി ഉയര്‍ന്നുവരാനുള്ള സാഹചര്യമൊരുക്കിയത്. അത് ക്രൂരമായ സാഹചര്യമാണ്. കാരണം കല്‍ബുര്‍ഗിയെ പോലുള്ള വലിയ പണ്ഡിതനെ വധിച്ചതിലൂടെ അത് പ്രകടമായി. ഇത് അപകടകരമായ പ്രവണതയാണ്. അത് നിയന്ത്രിക്കപ്പെട്ടേ പറ്റൂ. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യം ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ലിംഗായത്ത് വിഭാഗം ബിജെപിയെ പിന്തുണയ്ക്കുകയാണെങ്കില്‍ അവര്‍ക്ക് അധികാരത്തില്‍ വീണ്ടും എത്താനുള്ള സാഹചര്യമൊരുങ്ങും.

ഇതില്‍ ഒരു അസ്വാഭാവികതയുണ്ട്. എന്തെന്നാല്‍, ലിംഗായത്ത് വിഭാഗം ഉയര്‍ന്നുവരുന്നത് എഡി 12ാം നൂറ്റാണ്ടിലാണ്. വൈദികസമൂഹത്തിന്റെ ജാതി സമ്പ്രദായത്തിനെതിരായിരുന്നു ലിംഗായത്തിന്റെ ഉദയം. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ബസവണ്ണയെന്ന സാമൂഹിക പരിഷ്‌കര്‍ത്താവിന്റെയും വലിയ വിപ്ലവകാരിയുടെയും നേതൃത്വത്തിലായിരുന്നു ഈ മഹാമുന്നേറ്റം. അത് വേദസമ്പ്രദായത്തിലെ ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരെയായിരുന്നു. രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ ഒരു സമൂലവിപ്ലവമാണ് ബസവണ്ണയുടെ നേതൃത്വത്തില്‍ അന്നുണ്ടായത്. അദ്ദേഹത്തിന്റെ അനുയായികളാണ് ലിംഗായത്ത് ധര്‍മ്മം അഥവാ ബസവ ധര്‍മ്മം എന്ന പേരില്‍ ഒരു വിഭാഗത്തിന് രൂപം കൊടുക്കുന്നത്.


അതുകൊണ്ടാണ് കവി ചന്ദ്രശേഖര്‍ പാട്ടീല്‍ ലിംഗായത്തുകാരോട് നിങ്ങള്‍ എന്തുകൊണ്ടാണ് വേദസംഹിതയ്ക്ക് പിന്നാലെ പോകുന്നത് എന്ന് ചോദിക്കുന്നത്. ലിംഗായിസമാണോ അല്ല ജാതിസമ്പ്രദായാണോ പിന്തുടരുന്നത് എന്ന് ചോദിക്കുന്നത്. ഒന്നുകില്‍ ലിംഗായത്തിസം അല്ലെങ്കില്‍ ആര്‍എസ്എസിന്റെ ജാതി-വര്‍ഗീയ സംഹിതയും ഇവയിലേതെങ്കിലും ഒന്ന് പിന്തുടരൂ എന്ന് അവരോട് ആവശ്യപ്പെടുന്നത്. രണ്ടും ഒരുപോലെ പിന്തുടരാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് വര്‍ഗീയത ശക്തിപ്രാപിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ നിങ്ങളായിരിക്കും എന്ന് ലിംഗായത്തുകാരോട് ചന്ദ്രശേഖര്‍ പറഞ്ഞതും ഇതുകൊണ്ടുതന്നെയാണ്.

?) തീവ്രമൗലികവാദ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങളെയും കര്‍ണാടക സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍, മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്‍സാരയെ വധിച്ചും തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുകനുനേരെ ഭീഷണിയുയര്‍ത്തിയും സമാന സാഹചര്യങ്ങള്‍ രാജ്യത്ത് മറ്റിടങ്ങളും ഉണ്ടായി രാജ്യം മുഴുവന്‍ ഇങ്ങനെ ഇത് വ്യാപിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലേ?

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരിടപെടലും നടത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ നിശബ്ദമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കുന്നുണ്ടാകാം. എനിക്ക് അക്കാര്യത്തില്‍ ഉറപ്പില്ല. ഒരുപക്ഷെ എന്റെ ധാരണ തെറ്റായിരിക്കാം. കര്‍ണാടകത്തില്‍ സിദ്ധാരാമയ്യയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ട്. അത് മേതതരവും ജനാധിപത്യ മൂല്യത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാരാണ്. ഈ സര്‍ക്കാരിന് ഇത്തരം ഗ്രൂപ്പുകളെ ശക്തമായി നിയന്ത്രിക്കാന്‍ സാധിക്കണം. ഇത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. അതേസമയം തന്നെ മതേതര, ജനാധിപത്യ വിശ്വാസികളും ഗ്രൂപ്പുകളും ഇതിനെതിരെ ഒരുമിച്ച് നിന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍നടക്കുന്ന കേന്ദ്രീകരണത്തെ ചെറുക്കേണ്ടതുണ്ട്.


എന്നാല്‍ നമ്മുടെ മതേതര കക്ഷികള്‍ ഇവിടെ എന്താണ് ചെയ്യുന്നത്. ഞങ്ങള്‍ ബിജെപിയും ആര്‍എസ്എസിനെയും വിമര്‍ശിക്കുക മാത്രം ചെയ്യുന്നു. അതുകൊണ്ടായില്ല. മൗലികവാദ വിഭാഗങ്ങള്‍ ദൈവത്തിന്റെ പ്രവചനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണം നടത്തുന്നത്. മതേതരവാദികളായ ഞങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കുന്നേയില്ല. രാമനിലും കൃഷ്ണനിലും കടിച്ചുതൂങ്ങുന്നതിന് പകരം ജനങ്ങളെ ബദല്‍ മാര്‍ഗങ്ങളും കാര്യങ്ങളും പഠിപ്പിച്ചുകൊടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. വേദങ്ങളിലെ ദൂഷ്യങ്ങളെ കുറിച്ച് നമ്മള്‍ പറഞ്ഞുകൊടുക്കുന്നില്ല. ബുദ്ധനും ബസവണ്ണയും, വിവേകാനന്ദനും ശ്രീരാമകൃഷ്ണപരമഹംസനും എന്തായിരുന്നുവെന്നും എങ്ങനെയാണ് അവര്‍ മഹാന്മാരായതെന്നും നമ്മള്‍ ജനങ്ങളെ പറഞ്ഞുപഠിപ്പിക്കുന്നില്ല. ദൈവത്തേക്കാള്‍ മഹത്വമുള്ളവരാണ് ഇവരെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇവരെല്ലാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വേദസംഹിതകളേക്കാള്‍ ഉയര്‍ന്നതാണെന്നും.

?) ഹിന്ദുത്വ ശക്തികളില്‍നിന്ന് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു. പൂര്‍ണ പിന്തുണ അവരില്‍നിന്ന് താങ്കള്‍ക്ക് ലഭിക്കുകയുണ്ടായോ?

തീര്‍ച്ചയായും. മതനിരപേക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കിടയിലും നേരത്തെ വിശാലമായ ഒരു ഐക്യം ഉണ്ടായിരുന്നു. അത് നഷ്ടപ്പെടുത്തി ഭിന്നിച്ചുപോയത് അവര്‍തന്നെയാണ്. അങ്ങനെയാണ് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് യോജിച്ചുപ്രവര്‍ത്തിക്കാന്‍ മതനിരപേക്ഷ ശക്തിക്കള്‍ക്ക് സാധിക്കണം. രാജ്യത്തെ കുറിച്ച് ചിന്തിക്കൂ, ജനങ്ങളെ കുറിച്ച് ചിന്തിക്കൂ, ജനാധിപത്യത്തെ കുറിച്ച് ചിന്തിക്കൂ. വിശാലമായ ലക്ഷ്യങ്ങള്‍ക്കായി ചെറിയ പിടിവാശികളെ ബലികൊടുക്കാന്‍ തയ്യാറാകൂ. ഇതുമാത്രമാണ് ഹിന്ദുത്വവാദത്തിനുള്ള ബദല്‍.

മതേതരത്വ സങ്കല്‍പങ്ങള്‍ക്കുനേരെ ആശയപരമായ ആക്രമണങ്ങള്‍ ആര്‍എസ്എസില്‍നിന്നും തീവ്രഹന്ദുത്വ ശക്തികളില്‍നിന്നും നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ വധിച്ചതിലൂടെ ആക്രമണം വ്യക്തിപരമായി. പിന്നീട് കല്‍ബുര്‍ഗി, പന്‍സാരെ, പെരുമാള്‍ മുരുകന്‍, താങ്കള്‍….. ആശയത്തെ ആക്രമിക്കുകയെന്നതില്‍നിന്ന് മാറി ആശയപ്രചാരണം നടത്തുന്ന വ്യക്തികളെ ലക്ഷ്യമിടുകയെന്ന നിലയിലേക്ക് തീവ്രഹിന്ദുത്വം സ്വഭാവം മാറിയിട്ടുണ്ടല്ലേ?

ഹിന്ദുത്വ എന്ന സങ്കല്‍പം തന്നെ നോക്കൂ, അതൊരു ഹിന്ദി വാക്കല്ല. ഹിന്ദുത്വത്തെ ഞാന്‍ ഭൂമി ശാസ്ത്രപരമായും മതപരമായും വിശദമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴാണ് ഇന്ത്യന്‍ എഴുത്തുകളില്‍ ഹിന്ദു എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്. നാല് വേദങ്ങളിലും ഹിന്ദു എന്ന വാക്ക് കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. രാമായണത്തിലും മഹാഭാരതത്തിലും ഹിന്ദു എന്ന വാക്ക് നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല. ഒരു ഉപനിഷത്തിലും ഹിന്ദു എന്ന വാക്ക് കണ്ടെത്താനാവില്ല. കാളിദാസന്റെ കൃതികളില്‍പോലും നിങ്ങള്‍ക്ക് ഹിന്ദു എന്ന വാക്ക് കണ്ടെത്താനാകില്ല.


പത്താം നൂറ്റാണ്ടിന് ശേഷം മാത്രമാണ് ഹിന്ദു എന്ന പദം വരുന്നത്. 1030ലായിരുന്നു അത്. മുഹമ്മദ് ഗസ്‌നിയുടെ അധിനിവേശകാലത്ത് ഇന്ത്യയിലെത്തിയ ചരിത്രകാരനും ജ്യോതിശാസ്ത്രജ്ഞനുമായ അല്‍-ബിറുനി എഴുതിയ പുസ്തകത്തില്‍ സിന്ധു നദിയെ ഹിന്ദു എന്ന് വിളിച്ചുകൊണ്ടാണ് ഈ പദം വരുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ എന്ന അക്ഷരമില്ല. അതുകൊണ്ടാണ് ‘സ’ എന്നതിന് പകരം അദ്ദേഹം ‘ഹ’ എന്ന് ഉപയോഗിച്ചത്. അതിന് ശേഷം പതിനഞ്ചാം നൂറ്റാണ്ടില്‍ അക്ബര്‍ ഭരണരേഖകളിലും സൈനികാവശ്യത്തിനും ഹിന്ദു എന്നും ഹിന്ദുസ്ഥാന്‍ എന്നും ഉപയോഗിച്ചു. അങ്ങനെയാണ് ഹിന്ദു എന്ന വാക്കിന് പ്രചാരം ലഭിക്കുന്നത്. അതിലൂടെ അത് ഇന്ത്യയുടെ ചരിത്രത്തിന്റെ കൂടി ഭാഗമായി. അതിന് മുമ്പ് ഒരിക്കലും ഇതുണ്ടായിരുന്നില്ല.

ഹിന്ദു എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കുകയാണെങ്കില്‍ കൂടുതല്‍ അത്ഭുതപ്പെടും. കശ്മീരി താന്ത്രവാര്‍ദകത്തില്‍ പറയുന്നത് ‘ഹീനഞ്ച ദൂഷ്യന്തേവ ഹിന്ദുഹി ഇതി ഉച്ചതേ’ എന്നാണ്. അതായത് അശുദ്ധനും അകറ്റിനിര്‍ത്തേണ്ടവനുമെന്നാണ്. അങ്ങനെയെങ്കില്‍ ഹിന്ദു എന്ന് വിളിക്കപ്പെടാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ.

?) ഹിന്ദുത്വ ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത് ഹിന്ദുമതം സഹിഷ്ണുതയുടെ മതമെന്നാണ്?

ഒരിക്കലുമല്ല. എനിക്ക് അതിനോട് യോജിക്കാനാവില്ല. ഹിന്ദുത്വത്തിന്റെ ശരിയായ പേര് ബ്രാഹ്മണിസം അല്ലെങ്കില്‍ വേദിസം എന്നാണ്. അതുമല്ലെങ്കില്‍ ആര്യധര്‍മം എന്നുവളിക്കാം. എന്തുവിളിച്ചാലും ഇതിന്റെ അടിസ്ഥാനതത്വം നാല് അടുക്കുകളുള്ള ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണ്. ചാതുര്‍വര്‍ണ്യത്തിന് ഉപരിയായി മറ്റൊന്നും ഹിന്ദുത്വത്തിലില്ല. മാനുഷിക മൂല്യങ്ങള്‍ക്ക് വിലയില്ല. തുല്യതയ്ക്ക് സ്ഥാനമില്ല. ബ്രഹ്മണന്‍ മേലാളനും മറ്റുള്ളവര്‍ അടിമകളുമാണ്. ഇതിനെ എങ്ങനെയാണ് ഒരു മതമായി സ്വീകരിക്കാനാവുക. ഹിന്ദുത്വത്തെ കുറിച്ച് അറിയാതെയാണ് ജനങ്ങള്‍ ഹിന്ദുവിനും ഹിന്ദുത്വത്തിനുമായി വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നത്.


ആര്‍എസ്എസുകാരെന്നും ഹിന്ദുത്വത്തിന്റെ പ്രചാരകരെന്നും അവകാശപ്പെട്ട് നടക്കുന്നവരോടുള്ള എന്റെ അഭ്യര്‍ത്ഥന നിങ്ങള്‍ മനുസ്മൃതി വായിക്കൂ എന്നാണ്. മനുസ്മൃതിയില്‍ വ്യക്തമായി പറയുന്നു, ശൂദ്രന്മാര്‍ അതായത് നാലാം വിഭാഗത്തില്‍പെട്ടവര്‍, ഇന്ത്യയിലെ ജനസംഖ്യയില്‍ 80-85 ശതമാനം വരുന്ന പാവനത്വത്തിന്റെ പൂണൂലില്ലാത്ത ഈ വിഭാഗം ബ്രാഹ്മണരുടെ അടിമകളാണ് എന്നാണ്. ബ്രാഹ്മണനെ സേവിക്കാനാണ് ശൂദ്രനെ സൃഷ്ടിച്ചതെന്ന് മനുസ്മൃതി വ്യക്തമായി പറയുന്നു. ഇതിനെ എങ്ങനെയാണ് ഒരു മതമായി പരിഗണിക്കാനും സ്വീകരിക്കാനും സാധിക്കുക. അതുകൊണ്ടാണ് അംബേദ്കറെ പോലുള്ളവര്‍ ഇതിനെ തിരസ്‌കരിച്ചത്. പെരിയാറിനെ പോലുള്ളവര്‍ മനുസ്മൃതി കത്തിച്ചത്. അവര്‍ക്കെല്ലാം ആത്മാഭിമാനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഇതിനെ നിരാകരിച്ചത്. ആത്മാഭിമാനമില്ലാത്തവരാണ് ഹിന്ദുത്വം ഒരു മതമായി സ്വീകരിക്കുന്നത്.

?) ചാതുര്‍വര്‍ണ്യമാണ് അടിസ്ഥാനമാക്കുന്നതെങ്കിലും വിശാല ഹിന്ദു ഐക്യം എന്ന വാദമുയര്‍ത്തി രാജ്യത്ത് പലയിടത്തുമുള്ള ദളിത് വിഭാഗങ്ങളെപോലും ഒപ്പം നിര്‍ത്താന്‍ ആര്‍എസ്എസിനും ബിജെപിക്കും സാധിക്കുന്നു. കര്‍ണാടകത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ആര്‍എസ്എസ് പിന്തുണയോടെ ബിജെപി ദളിത് പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയധാരണകളിലെത്തിച്ചേരുന്നു. എങ്ങനെയാണ് ഈ ദളിത് വിഭാഗങ്ങള്‍ക്ക് ആര്‍എസ്എസുമായി സഹകരിക്കാനാകുന്നത്?

അത് അവരുടെ അജ്ഞതകൊണ്ടാണ്. പണംകൊടുത്ത് സ്വാധീനിക്കുകയാണ്. അവരെല്ലാം വിദ്യാഭ്യാസമില്ലാത്ത ദരിദ്രരായ ജനവിഭാഗമാണ്. അവര്‍ക്ക് പണം ആവശ്യമാണ്. ആ സാധ്യതയാണ് ഹിന്ദുത്വഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നത്.

?) തീവ്രഹിന്ദുത്വ പ്രചാരണങ്ങള്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇന്ത്യയിലെ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. മാധ്യമങ്ങളുടെ പങ്ക് എങ്ങനെയാണ്, അവര്‍ ഈ പ്രശ്‌നത്തെ ശരിയായ രീതിയിലാണോ സമീപിക്കുന്നത്?

മാധ്യമങ്ങള്‍ ശരിയായ രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്ന അഭിപ്രായം എനിക്കില്ല. സാമൂഹിക പ്രതിബദ്ധതയില്ലാതെയാണ് പലപ്പോഴും മാധ്യമങ്ങള്‍ ഇതിനെ സമീപിക്കുന്നത്. മതമൗലികവാദികളുടെ ഉപകരണമായിപ്പോലും മാധ്യമങ്ങള്‍ മാറുന്നുണ്ട്. അതേപ്രാധാന്യം യുക്തിചിന്തയ്ക്കും മതനിരപേക്ഷതയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭൂരിപക്ഷംവരുന്ന അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും നിയന്ത്രിക്കുന്നത് തന്നെ ഈ മതമൗലികവാദികളോ അവരെ പിന്തുണയ്ക്കുന്നവരോ ആണ്.


?) കേരളത്തിലെ ജാതി വ്യവസ്ഥയെയും ശ്രീനാരായണ ഗുരു നടത്തിയ സാമൂഹിക മുന്നേറ്റത്തെയും കുറിച്ച് പഠനം നടത്തുകുയും പുസ്തകമെഴുതുകയും ചെയ്തിട്ടുണ്ട് താങ്കള്‍. കേരളത്തില്‍ ഇപ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ പിന്തുടര്‍ച്ചക്കാരെ പ്രതിനിധീകരിക്കുന്നവരുടെ നേതൃത്വം ആര്‍എസ്എസിനോട് പ്രത്യക്ഷമായിതന്നെ അടുപ്പം പുലർത്തുന്നു. എങ്ങനെ വിലയിരുത്തുന്നു ഈ സാഹചര്യത്തെ?

രാജ്യത്തിന്റെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി വളരെയേറെ സാമൂഹിക പുരോഗതി ആര്‍ജ്ജിച്ചെടുത്ത നാടാണ് കേരളം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സാക്ഷരതാ നിരക്ക് വളരെ ഉയര്‍ന്നതാണ്. നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക പരിഷ്‌കരണം കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. ജാതിവ്യവസ്ഥയുടെ കെട്ടുപാടുകളില്‍നിന്ന് പുറത്തുവരാനായിരുന്നു നാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടാണ് കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണത്തിന്റെ പിതാവെന്ന് നാരായണ ഗുരുവിനെ വിശേഷിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. മതേതര പ്രസ്ഥാനങ്ങള്‍, അവയുടെ പേരുകള്‍ എന്തുമായിക്കോട്ടെ, ഒരുമിച്ച് നിന്ന് ഇതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതിലൂടെ മാത്രമേ വര്‍ഗീയതയുടെ വളര്‍ച്ചയെ പ്രതിരോധിക്കാനാവൂ.

?) മോഡി അധികാരത്തില്‍ വന്നതിന് ശേഷം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ? പ്രത്യേകിച്ച് സമൂഹത്തില്‍ അഭിപ്രായരൂപീകരണം നടത്താന്‍ പ്രാപ്തിയുള്ള വിഭാഗങ്ങളില്‍?

ആരെയെങ്കിലും ഭയക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ഉറച്ച അഭിപ്രായമാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ പിന്നെ എന്തിനാണ് ഭയക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരാള്‍ അഭിപ്രായം രൂപീകരിക്കുന്നത്. ആഴത്തില്‍ മനസ്സിലാക്കിയും പഠിച്ചുമാണ് അഭിപ്രായത്തില്‍ എത്തിച്ചേരുന്നത്. അങ്ങനെ രൂപീകരിക്കുന്ന ഒരു അഭിപ്രായത്തെ മറ്റുള്ളവരെ ഭയന്ന് എന്തിനാണ് മാറ്റിവെക്കേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്ന് വിശദീകരിക്കുകയേ വേണ്ടൂ. വസ്തുതകള്‍ പരിപാവനമാണ്, അഭിപ്രായം സ്വതന്ത്രവും. അതുകൊണ്ടുതന്നെ ഒരു സ്വതന്ത്ര ചിന്തകന്‍ ആരെയും ഭയക്കേണ്ടതില്ല. എനിക്ക് ആരെയും ഭയമില്ല. ഞാന്‍ ആദ്യമായല്ല സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നത്. കുറേ വര്‍ഷങ്ങളായി ഞാന്‍ എഴുതുകുയും പറയുകയും ചെയ്യുന്നു.

?) കേരളത്തില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കൂടിയുള്ള പ്രമുഖ ദിനപ്പത്രമായ മാതൃഭൂമിയില്‍ രാമായണത്തെ കുറിച്ച് കോളം എഴുതിയ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അധ്യാപകന്‍ കൂടിയായ ഡോ എംഎം ബഷീറിന് നേരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി ഉയര്‍ന്നുവന്നു. ഇതുകാരണം ബഷീറിന്റെ പംക്തി പത്രം നിര്‍ത്തി. ഈ സംഭവമുണ്ടായെങ്കില്‍പോലും ഇക്കാര്യത്തില്‍ മാതൃഭൂമി മൗനം പാലിക്കുകയാണ് ഉണ്ടായത്. ഇത്തരത്തിലൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ഭീതി നിലനില്‍ക്കുന്നുവോ എന്ന മുന്‍ചോദ്യം?

പത്രം നിശബ്ദത പാലിച്ചതിന് കാരണം അവരുടെ ബിസിനസ് താല്‍പര്യങ്ങളാവാം. സര്‍ക്കുലേഷനെ ബാധിക്കുമോ എന്ന വേവലാതി ഉണ്ടായിക്കാണും. അവരുടെ ഇത്തരം പ്രശ്‌നങ്ങളെ കൂടി നമ്മള്‍ പരിഗണിക്കണം. എന്നാല്‍ ബഷീര്‍ എഴുത്ത് നിര്‍ത്തരുതായിരുന്നു. അദ്ദേഹം എഴുത്ത് തുടരുകതന്നെ വേണമായിരുന്നു. നിങ്ങള്‍ക്കറിയുമോ രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളും ഉന്നതജാതിക്കാരായ ബ്രാഹ്മണ പുരോഹിതരുടെ നിയന്ത്രണത്തിലാണ്. ഏറെക്കുറെ എല്ലാ മാധ്യമങ്ങളും അവര്‍ക്കൊപ്പാണ്. അവരാണ് സമൂഹത്തില്‍ അഭിപ്രായം രൂപീകരിക്കുന്നവരായി പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അവരാണ് ഇന്ത്യക്കാരുടെ ബോധനിലവാരത്തെപോലും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍നിന്ന് പുറത്തുകടക്കുകയാണ് വേണ്ടത്. ജനങ്ങളുടെ ചിന്താഗതിയെയാണ് മാറ്റേണ്ടത്. അത് വലിയ പ്രയത്മാണ്. ബുദ്ധന്‍ 2600 വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രമിച്ചതും വിജയിച്ചതും.

?) മോഡി അധികാരത്തില്‍വന്നതിന് ശേഷം ഇന്ത്യയുടെ ചരിത്രത്തെ തന്നെ തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ തിരുത്താനുള്ള ശ്രമം നടക്കുന്നു. ഗവേഷണ സ്ഥാപനങ്ങളുടേതടക്കം തന്ത്രപ്രധാനമായ സ്ഥാനങ്ങളുടെയെല്ലാം തലപ്പത്ത് ഇതിന് യോജിച്ചവരെ നിയോഗിക്കുന്നു. എങ്ങനെയാണ് ഈ സാഹചര്യങ്ങളെ നേരിടാനാവുക?

പാര്‍ലമെന്റ് അംഗങ്ങള്‍, അവര്‍ വ്യത്യസ്ത പാര്‍ട്ടികളില്‍പെട്ടവരായിരിക്കാം, ഇത്തരം സന്ദര്‍ഭങ്ങളില്‍ യോജിച്ച് നിലകൊള്ളേണ്ടതുണ്ട്. ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ഇത്തരം നീക്കങ്ങളെ അങ്ങനെയെ എതിര്‍ക്കാന്‍ സാധിക്കൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭൂരിപക്ഷം വരുന്ന എംപിമാര്‍ക്കും ഇതൊന്നും അറിയിയില്ല. അവരോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ പലരും നന്നായി വായിക്കുന്ന സ്വഭാവം പോലും ഇല്ലാത്തവരാണ്. എന്താണ് വേണ്ടതെന്ന് അറിയാത്തവര്‍ക്ക് എങ്ങനെയാണ് ഫലപ്രദമായി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും നേരിടാനും സാധിക്കുക. ചരിത്രം അറിയാത്തവര്‍ക്ക് ചരിത്രത്തെ മാറ്റിയെഴുതുന്നതിനെ കുറിച്ച് പറയാന്‍ പോലും സാധിച്ചെന്നുവരില്ല. അതുകൊണ്ട് അവരെകൂടി ഇക്കാര്യങ്ങളെല്ലാം പഠിപ്പിക്കേണ്ടതുണ്ട്. ഒപ്പം പൊതുജനങ്ങളേയും. ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ ഗ്രൂപ്പുകള്‍ കൂടി മുന്നോട്ടുവരേണ്ടതുണ്ട്.


?) താങ്കള്‍ക്ക് വധ ഭീഷണി ഉണ്ടായതിന് പുറമെ കര്‍ണാടകത്തിലെ ബിജെപി നേതാവ് സി ടി രവി താങ്കള്‍ക്ക് ലഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആജീവനാന്ത പുരസ്‌കാരം പിന്‍വലിക്കണമെന്നുകൂടി ആവശ്യപ്പെടുകയുണ്ടായല്ലോ അതേക്കുറിച്ചു എങ്ങനെ പ്രതികരിക്കുന്നു?

കര്‍ണാടകത്തിലെ കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സി ടി രവി. അദ്ദേഹത്തോട് എനിക്ക് ആദരവുണ്ട്. അദ്ദേഹത്തിന് എന്നെ എതിര്‍ക്കാം. പക്ഷെ അദ്ദേഹം എന്റെ ഏതെങ്കിലും പുസ്തകം വായിച്ചുവോ എന്ന് എനിക്കറിയില്ല. വായിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരാവശ്യം ഉന്നയിക്കുമായിരുന്നില്ലെന്ന് തോന്നുന്നു. ഷേക്‌സ്പിയര്‍ കൃതികളുടെ എന്റെ വിവര്‍ത്തനം മികച്ചതെന്നാണെന്ന അഭിപ്രായം ഈ മേഖയിലെ നിരവധി പ്രഗത്ഭര്‍ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ പല സര്‍വ്വകലാശാലകളിലും ഇത് പഠിപ്പിക്കുന്നുമുണ്ട്. ശങ്കരാചാര്യ ദര്‍ശനങ്ങളെ കുറിച്ചുള്ള എന്റെ വിമര്‍ശനാത്മക കൃതിയെ കുറിച്ചും നല്ല അഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ 18 പതിപ്പുകള്‍ പുറത്തിങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജെപി നേതാക്കളുടെ പരാമര്‍ശം എനിക്ക് സഹതാപം തോന്നുന്നു. എനിക്ക് പുരസ്‌കാരം തന്ന സമിതി 15 വിദഗ്ധരടങ്ങിയ ഒന്നാണ്. അതുകൊണ്ടുതന്നെ ഇവരുടെ ആവശ്യത്തെ ഞാന്‍ ഗൗരവമായി കാണുന്നേയില്ല. പുസ്തകം വായിക്കുന്നതിലൂടെ അവര്‍ കാഴ്ചപ്പാട് മാറ്റുമെന്നാണ് ഞാന്‍ കരുതുന്നത്.

?) കശാപ്പ് നിരോധന നിയമത്തെക്കുറിച്ചു എന്ത് പറയുന്നു?

കശാപ്പ് നിരോധന ഉത്തരവ് ടെസ്റ്റ് ഡോസ് ആണ്‌. ജനങ്ങളുടെ പ്രതികരണം അറിയാന്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ നീക്കമാണിത്.

?) സവര്‍ക്കറെ ഇന്ന് രാഷ്ട്രനിര്‍മ്മാണത്തില്‍ മഹനീയ പങ്ക്’വഹിച്ച മഹാനെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെകുറിച്ചു എന്ത് പറയുന്നു ?

സംഘപരിവാര്‍ സംഘടനകളുടെ ആരാധ്യപുരുഷനാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാറില്‍ തടവിലായിരുന്ന സമയത്ത് സവര്‍ക്കര്‍ എഴുതിയ കത്ത് അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബ്രീട്ടീഷുകാര്‍ക്കെഴുതിയ കത്തില്‍ തന്നെ ബ്രീട്ടീഷ് ഭരണകൂടത്തിന്റെ കരുണയാല്‍ വിട്ടയച്ചാല്‍ ഇംഗ്ലീഷ് ഭരണകൂടത്തോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും ഭരണഘടയുടെ പുരോഗതിക്ക് വേണ്ടി ശ്രമിക്കാമെന്നുമാണ് സവര്‍ക്കര്‍ എഴുതിയത്.‘