കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് മഹാരാഷ്ട്രയിൽ ലോംഗ് മാർച്ച് സംഘടിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. സത്യത്തിൽ വലിയൊരു കലാപത്തിനാണ് അവർ ലക്ഷ്യമിട്ടത്. കഴിഞ്ഞ തവണ മഹാരാഷ്ട്രയിൽ സി.പി.എമ്മിന് കിട്ടിയത് ഒന്നേകാൽ ശതമാനം വോട്ടാണെന്ന് ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പരാമർശം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സത്യത്തിൽ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവയ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം മഹാരാഷ്ട്രയിൽ ഇതു രണ്ടാം തവണയാണ് ഈ ഗൂഢാലോചന നടക്കുന്നത്. ആദ്യം പ്ളാൻ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമർത്ഥമായി നേരിട്ടു. ബംഗാളിൽ കൃഷിക്കാരെ കോർപ്പറേറ്റുകൾക്കുവേണ്ടി വെടിവച്ചുകൊന്നവരാണ് ഇപ്പോൾ കർഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവർ. വിയറ്റ്നാം യുദ്ധത്തിൽ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാൻ പണം വാരി എറിഞ്ഞവർക്കുവേണ്ടിയാണ് അവർ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോർമ്മിക്കണം.
ഇനിയും ഇത്തരം നീക്കങ്ങൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം. വലിയ വായിൽ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സി.പി.എമ്മിനു കിട്ടിയത് വെറും ഒന്നേ കാൽ ശതമാനം വോട്ടാണ്. കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത്?