പട്ടികവിഭാഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട മന്ത്രിയുടെ കീഴിലുള്ള വകുപ്പില്‍ തന്നെ പട്ടികജാതിക്കാരനായ ഉദ്യോഗസ്ഥന് അവഗണന. അര്‍ഹനായ പട്ടികജാതിക്കാരനായ ഉദ്യോഗസ്ഥനെയും മറ്റ് ഏഴുപേരെയും മറികടന്നു ജൂനിയറായ ജീവനക്കാരിയെ ഉന്നത തസ്തികയില്‍ നിയമിച്ചു. പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലെ സംഘടനകള്‍ രംഗത്തെത്തിയതോടെ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദേശിച്ചു.
പട്ടികജാതി/വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രികൂടിയായ എ.കെ. ബാലന്റെ കീഴിലുള്ള നിയമ വകുപ്പിലാണു സംഭവം. നിയമവകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ സ്പെഷല്‍ സെക്രട്ടറിയുടെ നിയമനത്തിലാണ് അട്ടിമറി നടന്നത്. സ്പെഷല്‍ സെക്രട്ടറിയായിരുന്ന കെ.എസ്. മധുസൂദനന്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായി പോയതോടെയാണു പുതിയ നിമനം വേണ്ടി വന്നത്.
സ്പെഷല്‍ സെക്രട്ടറി ഡെപ്യൂട്ടേഷനില്‍ പോയ സാഹചര്യത്തില്‍ അടുത്ത നിയമനം നല്‍കേണ്ടത് ഏറ്റവും സീനിയറായ അഡീഷണല്‍ സെക്രട്ടറിക്കാണ്. ഇതനുസരിച്ച് പട്ടികവിഭാഗക്കാരനായ ടി. വിജയകുമാറിനായിരുന്നു യോഗ്യത. എന്നാല്‍, അദ്ദേഹത്തെയും അതിനു താഴെയുള്ള ഏഴ് അഡീഷണല്‍ സെക്രട്ടറിമാരെയും തഴഞ്ഞ് ഏറ്റവും ജൂനിയറായ അഡീഷണല്‍ സെക്രട്ടറി കെ.എ. ശ്രീലതയെയാണു നിയമവകുപ്പ് സെക്രട്ടറി ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
നിയമപ്രകാരം ചാര്ജ്നല്കുന്നതുപോലും സീനിയോരിറ്റി അനുസരിച്ചായിരിക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഇത്ര വലിയ അട്ടിമറി. വിജയകുമാറിന്റെ നിയമനത്തിനു വകുപ്പുതല പ്രമോഷന് കമ്മിറ്റി ചേരണമെന്ന ന്യായമാണു സെക്രട്ടറിയും മറ്റും പറയുന്നത്. ഇതുസംബന്ധിച്ച് കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷന് മന്ത്രി ബാലനു പരാതി നല്കി.
വിഷയത്തില്‍ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദേശിച്ചുണ്ട്. നിയമസഭാ സമ്മേളനംമൂലം മന്ത്രിയുടെ ജോലി തടസപ്പെടുമെന്നുള്ള തൊടുന്യായങ്ങള്‍ പറഞ്ഞു മന്ത്രിയെപ്പോലും അറിയിക്കാതെയായിരുന്നു നിയമനമെന്നാണു മന്ത്രിയുടെ ഓഫീസ് പരാതിക്കാരെ അറിയിച്ചിരിക്കുന്നത്.