Fri. Nov 20th, 2026

നോക്കൂകൂലി നല്‍കാത്ത ഗൃഹനാഥന്റെ കൈ സിഐടിയുക്കാര്‍ തല്ലിയോടിച്ചു

വീടു പണിക്ക് എത്തിച്ച സിമന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ ചുമട്ടുതൊഴിലാളികള്‍ തല്ലിയൊടിച്ചു. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. കുമരകം പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകുമാരമംഗലം വായിത്ര ആന്റണിക്കാണ് (51) മര്‍ദനമേറ്റത്. കൈയൊടിഞ്ഞ ഇയാളെ മെഡിക്കല്‍ േകാളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിനു സമീപത്താണ് ആന്റണിയുടെ വീട്. വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി ലോറിയില്‍ സിമന്റ് എത്തിച്ചിരുന്നു. ആന്റണിയും മകന്‍ ജോയലും ചേര്‍ന്ന് സിമന്റ് ഇറക്കുകയായിരുന്നു. ഇതിനിടെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി നോക്കുകൂലി ആവശ്യപ്പെട്ടു. ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ ലോഡ് ഇറക്കാന്‍ ആന്റണി തയാറായതോടെ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ ലോറിയില്‍നിന്ന് ആന്റണിയെ വലിച്ചുതാഴെയിട്ടു. താഴെ വീണ ആന്റണിയെ മൂന്നുപേര്‍ ചേര്‍ന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതായി മകന്‍ ജോയല്‍ കുമരകം പൊലീസില്‍ മൊഴി നല്‍കി.

അടുത്ത സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ കേരളം നോക്കുകൂലി മുക്ത സംസ്ഥാനമാകുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. മേയ് ഒന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടന നേതാക്കളുടെ യോഗത്തിലാണ് ധാരണയായിരുന്നത്. സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുകയും ജനം പൊറുതിമുട്ടുകയും ചെയ്യുന്ന നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാന്‍ തീരുമാനത്തിന് കേന്ദ്ര േട്രഡ് യൂനിയനുകള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നുമുതല്‍ അവസാനിപ്പിക്കും. നോക്കുകൂലിയെ തുടര്‍ന്ന് സംരംഭം തുടങ്ങാനാകാതെ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ചര്‍ച്ച ചെയ്യവെ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍തന്നെ, യന്ത്രവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായിരുന്നു.