ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍. സംസ്ഥാനത്തിന്റെ 11ാമത് മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജിഷ്ണു ദേബ്ബര്‍മയാണ് ഉപമുഖ്യമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, അധികാരം ഒഴിഞ്ഞ മണിക് സര്‍ക്കാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തുടര്‍ച്ചയായ 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി ത്രിപുരയില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ്.

സിപിഐഎമ്മിനെ തോല്പിച്ച് അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിന്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മണിക് സര്‍ക്കാരിന് വേദിയുടെ മുന്‍നിരയിലാണ് ഇരിപ്പിടമൊരുക്കിയത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ക്കൊപ്പമാണ് മണിക് സര്‍ക്കാരിന് ഇരിപ്പിടം നല്‍കിയത്
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെ സിപിഐഎം ഓഫീസില്‍ നേരിട്ടെത്തി ബിജെപി നേതാക്കള്‍ മണിക് സര്‍ക്കാരിനെ ക്ഷണിച്ചിരുന്നു. ബിപ്ലബ് കുമാര്‍ ദേബും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവുമാണ് അദ്ദേഹത്തെ ക്ഷണിക്കാനെത്തിയത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളിലും പ്രതിമകള്‍ തകര്‍ക്കുന്നതിലും പ്രതിഷേധിച്ച് ഇടതുപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് സത്യപ്രതിജ്ഞക്ക് ഔദ്യോഗികമായി ക്ഷണിക്കാന്‍ ബിജെപി നേതാക്കള്‍ മണിക് സര്‍ക്കാര്‍ താമസിക്കുന്ന സി.പി.ഐ.എം ഓഫീസിലെത്തിയത്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഉടന്‍ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റിയ മണിക് സര്‍ക്കാരിന്റെ നടപടിയെ ബി.ജെ.പി നേതാക്കള്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവമാണ് ഇത് കാണിക്കു്നനതെന്നും മറ്റു നേതാക്കള്‍ അനുകരിക്കേണ്ടതാണെന്നും കൂടിക്കാഴ്ചക്കു ശേഷം പുറത്തെത്തിയ രാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അഴിമതിയും അക്രമവും ആരോപിച്ച് മണിക് സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രചരണമാണ് രാംമാധവ് നടത്തിയത്.
സ്വന്തമായി വീടില്ലാത്ത മാണിക് സര്‍ക്കാര്‍ റിട്ട. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുമൊത്താണ് വ്യാഴാഴ്ച സി.പി.ഐ.എം. ത്രിപുര സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ മുകള്‍നിലയിലെ രണ്ടുമുറിയുള്ള അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറിയത്. മാണിക് സര്‍ക്കാറിന് എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍ താമസിക്കാമെങ്കിലും അതു വിനിയോഗിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. മുന്‍മുഖ്യമന്ത്രി എന്ന നിലയ്ക്കും പ്രതിപക്ഷനേതാവ് എന്ന നിലയ്ക്കും അദ്ദേഹത്തിന് മികച്ച സൗകര്യങ്ങളോടെയുള്ള വീടൊരുക്കാനുള്ള ബാധ്യതയുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞിരുന്നു.