✍️ ചന്ദ്രപ്രകാശ്. എസ്.എസ്
കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ നമ്മുടെ കവികളും മറ്റ് സാഹിത്യകാരന്മാരും വളരെ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. സമീപകാലത്ത് കെ റെയിലിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി കവിതകളുണ്ടായ സാഹചര്യത്തിലാണ് മലയാളത്തിലെ ആദ്യ പരിസ്ഥിതി കവിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം ചർച്ചയായത്.
കുറ്റിപ്പുറം പാലമില്ലാത്ത ഒരു ആധുനിക കേരളത്തെപ്പറ്റി സങ്കൽപ്പിക്കാനേ സാദ്ധ്യമല്ലാത്ത സാഹചര്യത്തിലാണ് നാമിപ്പോൾ. അതേ സമയം കുറ്റിപ്പുറം പാലം കൊണ്ട് പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ എല്ലാ പദ്ധതിയ്ക്കും ഗുണവും ദോഷവും ഉണ്ടന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
പരിസ്ഥിതി പരമാവധി സംരക്ഷിച്ച് വികസനവുമായി മുന്നോട്ട് പോവുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. കുറ്റിപ്പുറം പാലത്തിനൊപ്പം മലയാളിയുടെ മനസ്സിൽ കുറ്റിപ്പുറം പാലം കവിതയും ഇടംപിടിച്ചു. ആറര പതിറ്റാണ്ട് പിന്നിട്ട കുറ്റിപ്പുറം പാലം നിളയ്ക്ക് കുറുകെ പ്രകൃതി സൗന്ദര്യം പുൽകി ഇന്നും ആരോഗ്യത്തോടെ നിലനിൽക്കുന്നു.
കുറ്റിപ്പുറം പാലം പണിയുന്നതിന് മുൻപ് കൊച്ചിയും കോഴിക്കോടും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് ഷൊർണൂർ വഴിയായിരുന്നു. യാത്രയിലെ കാലതാമസം പരിഹരിക്കുന്നതിനും ദേശീയ പാത 66 ൻ്റെ നിർമ്മാണം സുഗമമായി നടക്കണമെങ്കിലും കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ കുറുകെ ഒരു പാലം ആവശ്യമായി വന്നു. അങ്ങനെയാണ്1949 മേയ് 8 ന് കുറ്റിപ്പുറം പാലത്തിന് തറക്കല്ലിട്ടതും 1953 നവംബർ 11 ന് പാലം ഉദ്ഘാടനം ചെയ്തതും.
1954 ഫെബ്രുവരി 21 നാണ് ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിത പ്രസിദ്ധീകരിച്ചത്. പുതുതായി നിർമ്മിച്ച പാലത്തിന് മുകളിൽ നിന്നുകൊണ്ട് കവി ചുറ്റും നോക്കുമ്പോഴുള്ള ചിന്തകളാണ് കവിതയായി പിറന്നത്. അന്നത്തെ ആധുനിക മാർഗ്ഗത്തിലൂടെ മനുഷ്യൻ നിർമ്മിച്ച പാലത്തെക്കുറിച്ച് കവി അഭിമാനം കൊള്ളുന്നു. അതേ സമയം നാശത്തിലേക്ക് ഒഴുകുന്ന ഭാരതപ്പുഴയുടെ ദൈന്യതയിലേക്ക് നോക്കി കവി ആകുലപ്പെടുകയും ചെയ്യുന്നു.
23 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച പാലത്തിൽ നിൽക്കുന്ന കവിയ്ക്ക് ആദ്യം തോന്നിയ അഭിമാനം താഴേയ്ക്ക് നോക്കിയപ്പോൾ പേരാറ്റിൻ്റെ ശോഷിച്ച അവസ്ഥ കണ്ട് നഷ്ടപ്പെടുകയും ചെയ്യുന്നു. കവിയുടെ ഭൂതകാലത്ത് നിറഞ്ഞൊഴുകിയ നദി കവി മനസ്സിലേക്ക് ഓടിയെത്തുന്നതിനൊപ്പം നദിയുടെ വർത്തമാനവും, ഭാവിയും ചേർത്തുവച്ച് എഴുതിയ കവിതയാണ് കുറ്റിപ്പുറം പാലം.
“ഇരുപത്തി മൂന്നോളം
ലക്ഷമിപ്പോൾ
ചിലവായി നിർമ്മിച്ച
പാലത്തിന്മേൽ
അഭിമാനപൂർവം ഞാൻ ഏറി നിൽപ്പാണ്,
അടിയിലെ ശോഷിച്ച പേരാർ നോക്കി”
എന്നാണ് കവിത തുടങ്ങുന്നത്. കവി തുടരുന്നു –
“എങ്കിലും മർത്യ വിജയത്തിന്മേൽ
എൻ കഴലൂന്നി നിവർന്നു നിൽക്കെ
ഉറവാർന്നിടുന്നുണ്ടെൻ
ചേതസ്സിങ്കൽ
അറിയാത്ത വേദനയൊന്നുമെല്ലെ”
ഭാരതപ്പുഴയുടെ ദൈന്യത ഇന്ന് എല്ലാവർക്കും അറിയാം. പാലം നിർമ്മിച്ചതുകൊണ്ട് മാത്രമുണ്ടായ പ്രശ്നങ്ങൾ മാത്രമല്ല പേരാറിന്. മണൽ ഖനനം ഉൾപ്പെടെയുള്ള പ്രകൃതിചൂഷണങ്ങളാലാണ് പേരാർ കൂടുതൽ ശോഷിച്ചത്.
പരിസ്ഥിതി സംഘടനകളും, പരിസ്ഥിതി കവികളും ഉണ്ടാകുന്നതിന് മുൻപ് ഇടശ്ശേരിയുടെ തൂലികയിൽ പിറന്ന കുറ്റിപ്പുറം പാലം ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു.
ജന്മം നൽകിയ ഗ്രാമലക്ഷ്മി അകലേക്ക് അകന്ന് യാത്രപറയുകയാണോ എന്ന് കവി സംശയിച്ചത് തികച്ചും സ്വാഭാവികം. കവിതയുടെ അവസാന വരികളിലെത്തുമ്പോൾ കവി ആകുലപ്പെടുകയാണ്.
“കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലയാ ! മൊരഴുക്കുചാലായ്”
കവി ദീർഘദൃഷ്ടിയാൽ കണ്ടതുപോലെ ഭാരതപ്പുഴ ഒരു അഴുക്കുചാലായി മാറിയെങ്കിലും ആധുനികത കൊണ്ടുവന്ന പുരോഗതിയെ കവി ഒട്ടും തള്ളിപ്പറയുന്നുമില്ല. പേരാറിന് ഒഴുക്ക് കുറഞ്ഞെങ്കിലും ശാന്ത ഗംഭീരമായി ഒഴുകി നീങ്ങുകയാണ് ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം കവിത.


