Sun. Nov 22nd, 2026

✍️ സുരൻ റെഡ്

എന്തിനെൻെറ കുട്ടിയെ

വെറുതെ കാറ്റത്തും പെരുമഴയത്തും
മഞ്ഞത്തും വെയിലത്തും നിർത്തിയിരിക്കുന്നു.???

ഒരു അച്ഛന്റെ ആത്മ വിലാപമായ്……

ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായ് …….

ക്ഷുഭിത സമൂഹത്തിന്റെ സ്പന്ദനമായ് ……

കാലാതീതമായ് നമ്മെ തട്ടിയുണർത്തുകയാണ്. ചോദ്യങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായ്.

എവിടെ സഖാവ് രാജൻ ?
എവിടെ സഖാവ് രാജൻ?

മേൽ ചുണ്ടിന് മേൽ മീശ കിളിർക്കുന്ന കാലം. നാട്ടിലെമ്പാടും പ്രക്ഷുബ്ദമായ അന്തരീക്ഷം. തെരുവിൽ സമരങ്ങളുടെ വേലിയേറ്റം.രാജൻ വിജയൻ കണ്ണൻമാരെ ചോരയിൽ മുക്കി കൊന്ന കോൺഗ്രസ്സേ നിങ്ങൾക്കെതിരെ വരുന്നുണ്ട് പ്രക്ഷോഭത്തിൻ തീജ്വാല ……. നരഭോജിയായ കരുണാകര പറയു പറയു രാജനേവിടെ…
മുദ്രാവാക്യങ്ങൾ പ്രപഞ്ചമാകെ തുടിക്കുന്നു….. മുഷ്ടികൾ വാനോളം ഉയരുന്നു….

അന്ധകാരം കൊണ്ട് തന്റെ ജീർണ്ണത മൂടിവെയ്ക്കാൻ ശ്രമിച്ച ഇന്ദിരാഭരണത്തിന്റെ കറുത്ത ഏടാണ് അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലം. ഇന്ത്യൻ യക്ഷിയെന്ന് വിശേഷണം ചാർത്തിയ ഇന്ദിരാഭരണത്തിനെതിരെ ഉയർന്ന് വന്ന പ്രതിഷേധം രാജ്യവ്യാപകമായ് അലയടിച്ചുയർന്നു.19 47 ന് ശേഷം ഒരു വടവൃക്ഷം പോലെ വളർന്ന് വന്ന കോൺഗ്രസ്സ് ചരിത്രത്തിലെ അതിദയനീയമായ് പരാജയമറിഞ്ഞു.

ഹിന്ദി ബൽറ്റ് പൂർണ്ണമായും കടപുഴക്കിയെറിഞ്ഞു. പക്ഷെ! നമ്മുടെ കൊച്ചു കേരളത്തിൽ കരുണാകരവാഴ്ച്ചതുടർന്നു. ഭരണം ഏറെ മുന്നോട്ടു പോയില്ല. വാഴ്ത്ത് പാട്ടുകാരുടെ പാടി തിമർക്കൽ അവസാനിച്ചു. അടിയന്തിരാവസ്ഥയുടെ ഇരുണ്ടദിനങ്ങൾ കരുണാകരനെ വേട്ടയാടി. മിസാ തടവുകാരായ CPI(ML) പ്രവർത്തകർ പുറത്ത് വന്നു. കക്കയം ക്യാമ്പുകൾ കഥ പറഞ്ഞു.പുലിക്കോടൻ നാരായണനും, ജയറാം പടിക്കലും. ലക്ഷമണയും, മുരളി കൃഷ്ണദാസുമെല്ലാം ചേർന്ന് അതിനീചമായ് നടത്തിയ ഉരുട്ടി കൊലയും, കോൺസൻട്രേഷൻ ക്യാമ്പുകളിൽ അരങ്ങേറിയ നീചമായ ഉരുട്ടലും, ഗരുഡൻ തൂക്കങ്ങളും, പമ്പാവാസനും ജനങ്ങൾ ചർച്ച ചെയ്തു.

തകർന്ന് പോയ മനുഷ്യർ അലമുറകളായ് ഉയർന്നു. ഈ സന്ദർഭത്തിൽ KSYF ന്റെ നേതാക്കളായ വൈക്കം വിശ്വനും കൊടിയേരിയും ചേർന്നു് ശവംതീനികൾ എന്ന നാടകവുമായ് പ്രചരണ ജാഥ നടത്തി. സഖാക്കൾ രാജന്റെയും വിജയന്റെയും ബാലകൃഷ്ണന്റെയും രക്തസാക്ഷിത്വങ്ങൾ വൃദ്ധാവിലാകില്ലെന്ന് കേരളം സാക്ഷിപ്പെടുത്തി ,സർക്കാർ വിരുദ്ധ പ്രതിഷേധം ആളി കത്തി.കരുണാകരന് കസേര നഷ്ടപ്പെട്ടു.

1988ൽ യുവത്വത്തിൽ വിപ്ലവം കത്തി നിൽക്കുന്ന കാലം ഞങ്ങളറിയാതെ ഒരു പുല്ലു പോലും കിളിർക്കില്ലെന്ന് കരുതിയിരുന്ന കാലം. ആ വർഷം മാർച്ച് 2 ന് സഖാവ് രാജന് സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ച്ഞങ്ങൾ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പിറ്റെ വർഷം കക്കയം ക്യാമ്പിന് മുന്നിൽ സഖാവിന്റെ പ്രതിമ സ്ഥാപിക്കുവാൻ തീരുമാനിച്ചു.കേരളമാകെ കാമ്പയിൻ സംഘടിപ്പിച്ചു. കാൽനടയായി നിരവധി കേന്ദ്രങ്ങളിൽ നിന്ന് ജാഥകൾ’. ഇരിങ്ങാലക്കുടയിൽ നിന്ന് ഞങ്ങൾ 12 വളണ്ടിയർമാർ യാത്ര തിരിച്ചു. നാല് ദിവസം കൊണ്ട് പേരാമ്പ്രയിലെത്തുക എന്ന നിർദ്ദേശം. ഞങ്ങൾ തൊണ്ട പൊട്ടു മാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ച് മുന്നേറി. പേരാമ്പ്രയിലെത്തിയപ്പോൾ തന്നെ വലിയ പോലീസ് സംഘമാണ് എതിരേറ്റത്. പത്രമുത്തശ്ശിമാർ രംഗംകൊഴുപ്പാക്കി.

ദിവസങ്ങൾ നീണ്ട് നിന്ന ചർച്ചകൾ .പോലീസ് കാടായ കാടെല്ലാം അരിച്ച് പെരുക്കി.മലകളിൽ സർച്ച് ലൈറ്റുകൾ സ്ഥാപിച്ച് വെള്ളി വെളിച്ചം പരത്തി. സംഘർഷാവസ്ഥ മുറ്റി നിൽകന്നന്തരീക്ഷം’. പേരാമ്പ്രയിൽ നടന്ന പൊതുയോഗത്തിലാണ് നായനാർ മന്ത്രിസഭ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്നറിയുന്നത്. തികച്ചും പ്രതീക്ഷിച്ചിരുന്നത് തന്നെ. മാർച്ച് രണ്ടിന് കൂരാച്ചുണ്ടിൽ നിന്ന് കക്കയത്തേക്ക് ബഹുജന മാർച്ച് ആരംഭിച്ചു. പോലീസ് അകംമ്പടിയോടെ.

ചെങ്കുത്തായ മല കയറി വരുന്ന ഞങ്ങളെ കാത്ത് ഒരു തിരിവിൽ നൂറ് കണക്കിന് പോലീസുക്കാർ നിൽപ്പുണ്ടായിരുന്നു. സമരം ഉൽഘാടനം കഴിഞ്ഞതും ലാത്തിയടി തുടങ്ങി. നിരവധി ടിയർഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ച് സഖാക്കളെ തുരുത്തി. പലരുടെയും കാലുംകൈയ്യുമൊടിഞ്ഞു. നിരവധിയാളുകൾ ആശുപത്രിലായി. ഒരു വയസ് മാത്രമുള്ള സൂയിന്ത് ഉൾപ്പെടെ നൂറോളം പേർ ജയിലിലായി.. പിന്നീട് കരുണാകരൻ മരിക്കുന്നതിന് മുൻപ്ഗ്രോവാസുവും,ബാപ്പുക്കയും, ഡോക്ടർ ഹരിയും, അഡ്വ.മാനുവലും ഞാനുമൊന്നിച്ച് കണാകരാ സഖാവ് രാജന്റെ ഭൗതിക ശരീരം എന്ത് ചെയ്തുവെന്ന ആവശ്യം ഉന്നയിച്ച് 101 മണിക്കൂർ നിരാഹാരം സെക്രട്ടറിയേറ്റ് നടയിൽ…

പുതിയ കാലത്ത് മോഡി ഭരണത്തിൽ കീഴിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ തടവിലാണ് ജനങ്ങൾ. ഭരണകൂട വിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ പോലും ഭീകരവിരുദ്ധ നിയമത്തിൽ കുടുക്കി തടവിലിടുന്ന രീതി.

ഏറ്റ് മുട്ടൽകൊലപാതകത്തിന്റെ മറവിൽ ജനങ്ങളെ ചുട്ടുകൊല്ലുന്നു. എന്തിനേറെ പറയുന്നു. അടിയന്തിരാവസ്ഥയുടെ ചൂടറിഞ്ഞവനാണെന്ന് ഗീർവാണമടിക്കുന്ന പിണറായി സർക്കാരിന് കീഴിൽ സാധാരണ മനുഷ്യർക്കു പോലും രക്ഷയില്ലാതായി തീർന്നിരിക്കുന്നു. പുത്തൻ പണക്കാരും, മാഫിയകളും, ഗുണ്ടകളും അഴിഞ്ഞാടുന്നു. വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനങ്ങൾ. ലോക്കപ്പ് കൊലപാതകങ്ങൾ, ഏറ്റ് മുട്ടൽ കൊലപാതകങ്ങൾ തുടങ്ങി എല്ലാ രംഗത്തും തിരുവായ്ക്ക് എതിർവാക്കില്ലാത്ത ഭരണം. അതുകൊണ്ട് ഈ മാർച്ച് 2ന് വലിയ മാനങ്ങളുണ്ട്. ജനങ്ങൾക്ക് വേണ്ടി ധീരമായ മരണത്തേ വരിച്ചവർ. അവരുടെ സ്വപ്നങ്ങൾ പാഴാവില്ലെന്ന് പറയുവാൻ കഴിയേണ്ടതുണ്ട്.

“കത്തുന്ന കനലുകളിൽ ചവിട്ടി, നിറഞ്ഞ പാട്ടുകൾ പാടി, സഖാക്കളെ, നിങ്ങൾ പോയ് മറഞ്ഞെങ്കിലും, നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുവോളം ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും.”