Mon. Nov 23rd, 2026

മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ച് നീക്കയതിന് പിറകെ ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാര ദ്വീപിലെ കര്‍ഷകര്‍. നടപടിക്കെതിരെ കോടതിയെ സമീപിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

ടൂറിസം വികസനത്തിന്റെ പേര് പറഞ്ഞാണ് ഷെഡുകള്‍ പൊളിക്കാനൊരുങ്ങുന്നത്. നേരത്തെ മത്സ്യത്തൊഴിലാളികള്‍ വള്ളവും വലകളും സൂക്ഷിക്കുന്ന ഷെഡുകള്‍ ഇരുട്ടിന്റെ മറവില്‍ പോലീസ് സഹായത്തോടെ അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു. കൊവിഡിന്റെ പേരില്‍ നാട്ടുകാരെ വീ്ട്ടില്‍ അടച്ചിട്ടായിരുന്നു നടപടി. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതിനിടെ ലക്ഷദ്വീപിലെ തെങ്ങുകളുടെ ചുവട്ടില്‍ കാവി നിറം പൂശിയതും വിവാദമാകുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ഉടനെയാണ് എല്ലാ ദ്വീപുകളിലെയും തെങ്ങുകളുടെ ചുവട്ടില്‍ കാവി നിറം പൂശിയത്.

സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് ചായമടിച്ചതെന്നാണ് ന്യായീകരണം. തെങ്ങില്‍ അണുബാധ വരാതിരിക്കാന്‍ സാധാരണ വെള്ള നിറം പൂശാറുണ്ടെന്നും എന്നാല്‍, കാവി നിറം പൂശുന്നത് ആദ്യമായാണെന്നുമാണ് ആരോപണമുയരുന്നത്.

അതേ സമയം പ്രതിഷേധങ്ങളുടെ ഭാഗമായി കലക്ടറുടെ കോലം കത്തിച്ച കേസില്‍ കില്‍ത്താന്‍ ദ്വീപില്‍ ഇന്നലെ അറസറ്റിലായ 11 പേരെക്കൂടി റിമാന്‍ഡ് ചെയ്തു.
ഇതിനിടെ ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദ്വീപിലെ ബി ജെ പി നേതാക്കളെ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തി. നാളെയാണ് ചര്‍ച്ച നടക്കുക.

അതിനിടെ, ദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപവത്ക്കരിച്ച ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്റെ കോര്‍ കമ്മിറ്റി യോഗം മറ്റന്നാള്‍ കൊച്ചിയില്‍ ചേരും. പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.