Sun. Nov 22nd, 2026

✍️  സി. ആർ. സുരേഷ്

കേട്ടാലും കേട്ടാലും കൊതിതീരാത്ത ഒരുപാട്‌ അനശ്വരഗാനങ്ങൾ ശ്രോതാക്കൾക്ക്‌ സമ്മാനിച്ച കവിയും, ചലച്ചിത്ര-ഗാനരചയിതാവും സംവിധായകനും നിർമ്മാതാവുമാണ് പി ഭാസ്ക്കരൻ (1924 – 2007). നാടൻബിംബങ്ങളും പ്രണയാർദ്ര കാവ്യസങ്കല്പങ്ങളും കൊണ്ട് സമ്പന്നമാണ് പി.ഭാസ്കരൻ രചിച്ച മലയാളഗാനങ്ങൾ.

കൊടുങ്ങല്ലൂരിലാണ് ജനനം. ഏഴാമത്തെ വയസ്സുമുതൽ കവിതാ രചന ആരംഭിച്ചു. അവ നന്നായി ചൊല്ലാനും അഭ്യസിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്നപ്പോൾ കവിതയും സാഹിത്യവും ആത്മബന്ധുക്കളായി. ‘മഹാകവി ഉലുകൻ’ എന്ന പേരിൽ സി.എ. കിട്ടുണ്ണിയുടെ മാസികയിൽ അന്ന് കവിതകൾ എഴുതുമായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടാൻ അവസരം കിട്ടിയതിലൂടെ വിദ്യാർത്ഥി ഫെഡറേഷൻ സംഘടിപ്പിക്കുന്നതിന് നിയോഗിക്കപ്പെടുകയും അഖില കൊച്ചി വിദ്യാർത്ഥി ഫെഡറേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് ‘ആഗസ്റ്റ്’ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റിലാവുകയും ആറുമാസത്തെ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. തുടർന്ന് കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ദേശാഭിമാനി’ വാരികയിൽ പ്രവർത്തിച്ചു.

‘മംഗളോദയ’ത്തിലൂടെ വില്ലാളി എന്ന ആദ്യകവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. തൊഴിൽ രംഗത്തുനിന്ന് സാംസ്ക്കാരിക രംഗത്തേക്ക് നീങ്ങിയ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗായക സംഘങ്ങൾക്കുവേണ്ടി എഴുതിയ ഗാനങ്ങളുടെ ശക്തി കണ്ടറിഞ്ഞ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ തിരുവനന്തപുരത്ത് അത് നിരോധിച്ചു. തുടർന്ന് സി.ജെ. തോമസുമായി ചേർന്ന് കേരളത്തിൽ ആദ്യമായി ‘ഷാഡോ പ്ലേ’ അവതരിപ്പിച്ചു.

വയലാറിൽ ചോരപ്പുഴ ഒഴുകിയ കാലത്ത് ‘രവി’ എന്ന തൂലികാനാമത്തിൽ എഴുതിയ ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിത ഭരണവർഗ്ഗത്തിന്റെ സ്വൈര്യം കെടുത്തി. അതോടെ അദ്ദേഹത്തെ തിരുവിതാംകൂറിൽനിന്ന് പുറത്താക്കി. 1947-48 കാലത്ത് മദിരാശിയിൽ എത്തി ‘ജയകേരളം’ പത്രാധിപസമിതിയംഗമായി. റേഡിയോയ്ക്കു വേണ്ടി നാടകങ്ങളും ഗാനങ്ങളും രചിച്ചു.

1950-ൽ പുറത്തിറങ്ങിയ ‘ചന്ദ്രിക’ എന്ന മലയാള ചിത്രമായിരുന്നു ഗാനരചന നിർവഹിച്ച ആദ്യമലയാള ചിത്രമെങ്കിലും അതിനുമുമ്പ് ‘അപൂർവ സഹോദരർകൾ ‘എന്ന ആദികാല തമിഴ് ചിത്രത്തിൽ ‘കടക്കണ്ണിൽ തലപ്പത്തു കറങ്ങും വണ്ടേ…’ എന്നു തുടങ്ങുന്ന ഒരു മലയാളഗാനം രചിച്ചിട്ടുണ്ട്.

ദേശാഭിമാനി, ജയകേരളം, ദീപിക എന്നിവയുടെ പത്രാധിപത്യം വഹിച്ചു. ആകാശവാണിയിലെ പ്രൊഡ്യൂസർ ആയും കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു.

ഓടക്കുഴലും ലാത്തിയും, വില്ലാളി, പാടുന്ന മൺതരികൾ, മുൾക്കിരീടം, സത്രത്തിൽ ഒരു രാത്രി, ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു, കായൽക്കാറ്റ്, രണഭേരി, ഒരിക്കൽക്കൂടി, കർഷകഗാനം എന്നിവയാണു പ്രധാന കൃതികൾ.

മലയാളത്തിൽ ആദ്യമായി പ്രസിഡന്റിന്റെ വെള്ളിമെഡലിനു അർഹമായ നീലക്കുയിൽ, ഇരുട്ടിന്റെ ആത്മാവ്, ആദ്യകിരണങ്ങൽ, തുറക്കാത്ത വാതിൽ, രാരിച്ചൻ എന്ന പൗരൻ, കള്ളിചെല്ലമ്മ, കാട്ടുകുരങ്ങ്, ഉമ്മാച്ചു, ശ്രീമദ്ഭഗവത്ഗീത, എനിക്കു വിശക്കുന്നു… എന്നിങ്ങനെ 44 ചിത്രങ്ങളും 3 ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. ആറുസിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്, കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരീ, നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം, ഒരു പുഷ്പം മാത്രമീ പൂങ്കുലയിൽ നിർത്താം ഞാൻ, അപാര സുന്ദര നീലാകാശം, താമസമെന്തേ വരുവാൻ തുടങ്ങിയ മൂവിയിരത്തോളം പാട്ടുകൾകൊണ്ട് മലയാള സിനിമയെ നിത്യഹരിതയാക്കി.

ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു. മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രേം നസീർ പുരസ്കാരത്തിനും ജെ സി ഡാനിയൽ പുരസ്കാരത്തിനും അർഹനായി.