പുണ്യാളന്മാർക്കിടയിലെ മോഹനൻ വൈദ്യരായ സെബാസ്ത്യാനോസ് പുണ്യാളൻറെ ആപ്പീസ് പൂട്ടിച്ച മഹാമാരിയായിപ്പോയി കൊറോണ വൈറസ്. അർത്തുങ്കലിൽ പകർച്ച വ്യാധികൾക്ക് ഇടമില്ല എന്നൊരു അന്ധവിശ്വാസം പണ്ടു മുതൽക്കേ വിശ്വാസികളായ പൊതുജനത്തിന് ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു അന്ധവിശ്വാസം ജനങ്ങളിൽ ഉണ്ടാക്കിയെടുത്തത് കാലാകാലങ്ങളിൽ ഇടവക ഭരിച്ചിരുന്ന മത പുരോഹിതരായിരുന്നു.ഇപ്പോൾ അർത്തുങ്കൽ ഫിഷ്ലാൻഡ് പരിസരങ്ങളിൽ കൊവിഡ് ഇത്ര വ്യാപകമായി പടർന്നതിന് പിന്നിലും ഈ അന്ധവിശ്വാസം ഒരു ഹേതുവാണ്. ആദ്യമായി റിപ്പോർട്ട് ചെയ്ത കൊവിഡ് പോസിറ്റീവ് കേസ് അവിടെല്ലാവർക്കും അറിയാമായിരുന്നെങ്കിലും അവരുമായി ആരോഗ്യവകുപ്പിന്റെയോ പോലീസിന്റെയോ നിർദ്ദേശങ്ങൾ പാലിക്കാതെ ഇടപഴകിയതും ഒരുപരിധിവരെ ഈ പുണ്യാളന്റെ ബലത്തിലാണ്.
കൊറോണ പിടിമുറുക്കുകയും പള്ളികൾ അടയ്ക്കുകയും ചെയ്തപ്പോൾ മുതൽ തങ്ങൾക്ക് വേണ്ടി കൊറോണ തടയാനുള്ള നൊവേന പകർച്ചവ്യാധി പുണ്യാളന്റെ അടുത്ത് നടത്തുന്നുണ്ടെന്നും തങ്ങൾക്ക് വരില്ലെന്നുമാണ് ഇവർ വിശ്വസിച്ചിരുന്നത്. ഇവിടെ കൊവിഡ് വൈറസിൻറെ സാമൂഹ്യവ്യാപനം തുടങ്ങിയതോടെ മിക്കവാറും വീടുകളിൽനിന്നെല്ലാം വ്യാഴാഴ്ച ദിവസങ്ങളിൽ പകർച്ചവ്യാധി പുണ്യാളന്റെ നൊവേന കേൾക്കാം.
വർഷങ്ങളായി അന്ധവിശ്വാസികൾ ധാരാളമുള്ള സ്ഥലമായതിനാൽ മത – രോഗവ്യവസായത്തിന് നല്ല മധ്യസ്ഥൻ സെബാസ്ത്യാനോസാണ് എന്ന് മനസിലാക്കി യദാർത്ഥ ഇടവക മധ്യസ്ഥനായ സെന്റ് ആൻഡ്രുസിനെ മൂലയ്ക്കിരുത്തി മോഹനൻ വൈദ്യരുടെ ‘കാശിത്തുമ്പ’ കച്ചവടം പോലെ ‘കമ്പിക്കഷണ’ ബിസിനസ് പൊടിപൊടിക്കുകയായിരുന്നു സഭ .21 ആം നൂറ്റാണ്ടിലും രോഗത്തെയും മതവ്യവസായവുമായി കൂട്ടികുഴച്ചു ബിസിനസ് നടത്തുന്ന കത്തോലിക്കാ സഭയുടെ തട്ടിപ്പ് യുക്തിവാദികൾ മാത്രമല്ല ഇപ്പോൾ വിവരവും ബോധവുമുള്ള വിശ്വാസികളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അർത്തുങ്കൽ സ്വദേശിയായ ഒരു വിശ്വാസിയുടെ കുറിപ്പ് സോഷ്യൽമീഡിയയിലും ഇടവകാംഗങ്ങൾക്കിടയിലും ചർച്ചയാകുന്നു.

സുരേഷ് ജോസഫ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ
അർത്തുങ്കലിൽ പകർച്ച വ്യാധികൾക്ക് ഇടമില്ല എന്നൊരു വിശ്വാസം പണ്ടു മുതൽക്കേ വിശ്വാസികളായ പൊതുജനത്തിന് ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു അന്ധവിശ്വാസം ജനങ്ങളിൽ ഉണ്ടാക്കിയെടുത്തത് കാലാകാലങ്ങളിൽ ഇടവക ഭരിച്ചിരുന്ന മത പുരോഹിതരായിരുന്നു. അവർ, ആത്മീയ ജ്ഞാനം കുറഞ്ഞ നിഷ്കളങ്കരായ വിശ്വാസികളെ ചൂഷണം ചെയ്ത് അന്ധവിശ്വാസികളാക്കുകയും, പുണ്യാളനെക്കുറിച്ച് ഊഹാപോഹങ്ങൾ പറഞ്ഞു പരത്തി സമ്പത്തുണ്ടാക്കുകയും ദൈവാലയങ്ങളെ കള്ളൻമാരുടെ ഗുഹകളാക്കുകയും ചെയ്തു.
അക്കാലത്ത് നാട്ടിൽ വസൂരി രോഗം പടർന്നു പിടിച്ചപ്പോൾ അത് ഇല്ലായ്മ ചെയ്തു എന്നു പറഞ്ഞ് സെബസ്ത്യാനോസ് പുണ്യാളനെ പകർച്ചവ്യാധികളുടെ മദ്ധ്യസ്ഥനാക്കിമാറ്റുകയായിരുന്നു. എഡ്വേർഡ് ജന്നറിൻ്റെ വാക്സിൻ ഉപയോഗിച്ച് 1979- ലാണ് ഇന്ത്യയിൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. പുണ്യാളൻ വസൂരി നീക്കം ചെയ്തു എന്നത് വസ്തുതകൾക്ക് നിരക്കാത്തതും വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന് മത മേലാളന്മാർ കെട്ടിച്ചമച്ചതുമായ കഥകൾ മാത്രമാണ്. വാക്സിൻ കണ്ടുപിടിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തിൽ വസൂരി പടർന്നു പിടിക്കുമ്പോൾ പുണ്യാളൻ്റെ വിഗ്രഹം ഗ്രാമം മുഴുവൻ എഴുന്നള്ളിക്കുക പതിവായിരുന്നു. അതിൻ്റെ മുന്നോടിയായി ഗ്രാമത്തിലെ മുഴുവൻ വഴികളും വീടുകളും പരിസരവും അടിച്ചുവാരി വൃത്തിയാക്കുകയും, ചപ്പുചവറുകൾ തീയിടുകയും, വീടിൻ്റെ ഉൾത്തളങ്ങൾ ചാണകം തളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഒപ്പം വിഗ്രഹം എഴുന്നള്ളിക്കുന്ന പ്രദക്ഷിണ വഴിയിൽ ഉടനീളം കരിമരുന്നു പ്രയോഗവും നടത്തിയിരുന്നു. കരിമരുന്നിലെ ക്ലോറൈഡുകളും, സൾഫർ, പൊട്ടാസ്യം നൈട്രേറ്റുകളും ചേർന്ന് അന്തരീക്ഷം അണുവിമുക്തമായി. ഇത്തരത്തിൽ ഒരു ഗ്രാമം മുഴുവൻ വൃത്തിയുള്ളതായി മാറിയപ്പോൾ വസൂരി നിയന്ത്രണ വിധേയമമാകുകയായിരുന്നു. ഇനി മറ്റൊരു “തള്ള്” കൂടിയുണ്ട്.
ഫ്രാൻസിൽ ജനിച്ച് ഇറ്റലിയിൽ വളർന്ന സെബസ്ത്യാനോസ് പുണ്യാളൻ ഇങ്ങ് കേരളത്തിൽ പന്തള രാജാവിൻ്റെ കൊട്ടാരത്തിൽ വളർന്ന അയ്യപ്പൻ്റെ സഹോദരനാണ് എന്ന നിലയിൽ ചരിത്രവുമായി ബന്ധമില്ലാത്ത ഊഹാപോഹങ്ങൾ പറഞ്ഞു പരത്തിയിരുന്നു. യദാർത്ഥത്തിൽ, അർത്തുങ്കൽ പള്ളിയിലെ ആദ്യകാല പുരോഹിതനും വിദേശ മിഷനറിയുമായിരുന്ന ഫാ. ജെക്കോമോ ഫിനോഷ്യക്കായിരുന്നു അയ്യപ്പനോട് സഹോദരതുല്യമായ ബന്ധമുണ്ടായിരുന്നത്. പേര് ഉച്ഛരിക്കാനുള്ള പ്രയാസംകൊണ്ട് “വെളുത്ത” അച്ഛൻ എന്നത് ലോപിച്ച് ”വെളുത്തച്ഛൻ” എന്നായിരുന്നു നാട്ടുകാർ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. അയ്യപ്പൻ മുഹമ്മയിലെ ചീരപ്പൻചിറ കളരിയിൽ പഠനത്തിനായി വരുമ്പോൾ അർത്തുങ്കൽ കടപ്പുറം സന്ദർശിക്കുക പതിവായിരുന്നു. അങ്ങനെയാണ് ഇവർക്കിടയിൽ സൗഹൃദം രൂപപ്പെട്ടത് എന്നു പറയപ്പെടുന്നു. നൂറ്റാണ്ടുകൾക്കിപ്പുറം വെളുത്തച്ഛൻ എന്ന പേര് അർത്തുങ്കൽ ബസലിക്കയിലെ പ്രധാന പ്രതിഷ്ഠയായ സെബസ്ത്യാനോസ് പുണ്യാളന് ചാർത്തി കൊടുക്കുകയായിരുന്നു.
ഇത്തരത്തിൽ പല പുണ്യവാളൻമാർക്കും പല വകുപ്പുകളും ചാർത്തിക്കൊടുത്തിട്ടുള്ളതായി നമുക്കറിയാം. ജീവിച്ചിരുന്നതായി തെളിവില്ലാത്തതിനെ തുടർന്ന് സഭയുടെ വിശുദ്ധരുടെ ഗണത്തിൽ ഒഴിവാക്കപ്പെട്ട ഗീവർഗ്ഗീസ് പുണ്യാളൻ, വീട്ടുവളപ്പിലെ പാമ്പു പിടുത്തക്കാരനാണ്. CBI, NIA തുടങ്ങിയ അന്വേഷ ഏജൻസികളെപ്പോലെ, അന്തോനീസ് പുണ്യാളനെ തെളിയിക്കാത്ത കളവുകൾ വരെ കണ്ടെത്തുന്ന ഡിറ്റക്ടീവ് ആക്കിമാറ്റി. ജെറാൾഡ് പുണ്യാളനെ സുഖപ്രസവം കൈകാര്യം ചെയ്യുന്ന ഗൈനക്കോളജിസ്റ്റാക്കി മാറ്റി. ശാസ്ത്രം പുരോഗമിച്ചപ്പോൾ ഉണ്ടായ IT വകുപ്പിന് വരെ ഇന്ന് പുണ്യാളനുണ്ട്. ഇസിഡോർ പുണ്യാളൻ.
ക്രിസ്തുവിൻ്റെ പേരിൽ രക്തസാക്ഷികളായി… ഈ ഭൂമിയിൽ ജീവിച്ചു മരിച്ച എല്ലാ വിശുദ്ധരും പറുദീസയിൽ വിശ്രമത്തിലാകുന്നു എന്ന് വചനം പറയുന്നു. (1തെസ്ലോ 4:16). ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ മാത്രമാണ് വിശുദ്ധർ സ്വർഗ്ഗത്തിന് അവകാശികളാകുക. (യോഹ:14). ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വിശുദ്ധർക്കെല്ലാം പീഡനങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. അവരെ ഇനിയും ഇങ്ങനെ പീഡിപ്പിക്കരുത്, ചൂഷണം ചെയ്യരുത്. അവർ അവിടെ “അബ്രഹാമിൻ്റെ മടിയിൽ” വിശ്രമിച്ചോട്ടെ. ?
സുരേഷ് ജോസഫ്