തൃശൂർ കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്നര കിലോ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. ജ്വല്ലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്
ഇന്നലെ രാത്രി 9 മണിക്ക് ജ്വല്ലറി പൂട്ടി ഇരുവരും പോയിരുന്നു.മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശം പുല്ലുകള്‍ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടെയാണ് മോഷ്ടാക്കള്‍ എത്തിയത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.