വിമാനത്താവളം സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കൊവിഡിന്റെ മറവില്‍ ബിജെപി നടത്തുന്ന മറ്റൊരു കൊള്ളയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തിരുവനന്തപുരം വിമാനത്താവളം ബിജെപി ശിങ്കിടിയായ മുതലാളിയ്ക്ക് ചുളുവിലയ്ക്ക് കേന്ദ്രം കൈമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 365 ഏക്കര്‍ ഭൂമിയില്‍ നമ്മുടെ നികുതിപ്പണമുപയോഗിച്ച് പണി കഴിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത വിമാനത്താവളം നക്കാപ്പിച്ചാ കാശു നല്‍കി അദാനി ഗ്രൂപ്പ് 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഈ വിമാനത്താവളം നമ്മുടെ പൊതുസ്വത്തായി നിലനിര്‍ത്താന്‍ കേരള സര്‍ക്കാര്‍ അവസാനനിമിഷം വരെ പോരാടിയതാണ്. നമുക്കു തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വാക്കു നല്‍കിയതുമാണ്. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അദാനി വാഗ്ദാനം ചെയ്ത യാത്രക്കാരനൊന്നിന് 168 രൂപ. നമ്മള്‍ പറഞ്ഞത് 138 രൂപ. അദാനി പറഞ്ഞ തുക തന്നെ കേരളവും നല്‍കാമെന്ന് സമ്മതിച്ചു. ആ നിര്‍ദ്ദേശം തങ്ങള്‍ക്കും സ്വീകാര്യമാണെന്ന് കേന്ദ്രസര്‍ക്കാരും അംഗീകരിച്ചു. അങ്ങനെയാണ് സ്വകാര്യസംരംഭകര്‍ക്ക് കൈമാറിയ ആദ്യവിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെടാതെ പോയത്.

ഇപ്പോഴിതാ, അപ്രതീക്ഷിതമായി തീരുമാനം വന്നിരിക്കുന്നു. കരാര്‍ അദാനിയ്ക്കു തന്നെ. ആളൊന്നിന് 168 രൂപ പാട്ടം നല്‍കി 50 വര്‍ഷത്തേയ്ക്ക് അദാനി വിമാനത്താവളം കൈയടക്കി വെയ്ക്കും. നമ്മുടെ ഭൂമിയില്‍ നാം പണിത പൊതുസ്വത്ത് കൊള്ളലാഭത്തിന് ബിജെപിയുടെ തോഴന്. തുച്ഛമായ മുതല്‍മുടക്കില്‍ എത്ര ഭീമമായ ലാഭമാണ് അദാനി സ്വന്തമാക്കാന്‍ പോകുന്നത്? അതിന്റെ വലിപ്പം മനസിലാകണമെങ്കില്‍ കൊച്ചി എയര്‍പോര്‍ട്ടിനെ താരതമ്യം ചെയ്താല്‍ മതി. 380 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ ലാഭം. തിരുവനന്തപുരത്ത് ഈ പ്രതിസന്ധിക്കിടയിലും 170 കോടി രൂപയാണ് ലാഭം. ജനങ്ങളുടെ നികുതികൊണ്ട് കെട്ടിയുയര്‍ത്തിയ ഈ സംരംഭം ഒരു മുതല്‍മുടക്കുമില്ലാതെ യാത്രക്കാരന്‍ ഒന്നിന് 168 രൂപ നിരക്കില്‍ 50 വര്‍ഷത്തെ കൊള്ളലാഭം കൈയടക്കാന്‍ അദാനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്.
ആരെങ്കിലും പണിയെടുക്കുന്ന വിള കൊയ്യാന്‍ സ്വന്തം ശിങ്കിടികളെ ഏല്‍പ്പിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഇതുപോലൊരു വഞ്ചനയ്ക്ക് കൂട്ടു നിന്നതിന് കേരളത്തിലെ ബിജെപി നേതാക്കള്‍ മാപ്പു പറയണം. നമ്മുടെ പൊതുസ്ഥാപനങ്ങള്‍ ഇതുപോലെ വിറ്റു തുലയ്ക്കുമ്പോള്‍ മലയാളിയായ കേന്ദ്രമന്ത്രിയും നാക്കിറങ്ങിയ സ്ഥിതിയാണ്.