Sun. Nov 22nd, 2026

സ്‌പെഷ്യൽ റിപ്പോർട്ടർ

കത്തോലിക്കാ സാഭയിലെ പുരോഹിതരും,കർത്താവിൻറെ മണവാട്ടികൾ എന്നു് പറയുന്ന കന്യാസ്ത്രികളും അടങ്ങുന്ന സമൂഹത്തിലെ ഒരു വൻ വിഭാഗം ബൈബിളിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായ കർത്താവായ യേശുകൃസ്തുവിൻറെയൊ, കർത്താവിനെ പ്രസവിച്ച കന്യകാ മറിയത്തിൻ്റെയോ പാത പിന്തുടരുന്നവരല്ല എന്നതിൻ്റെ തെളിവുകളാണു് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറിയാൻ കഴിയുന്നതു്.

(കന്യാ)സ്ത്രിമാരില്ലെങ്കിൽ സഭക്കു് നിലനിൽപ്പില്ലെ?

കർത്താവിൻ്റെ മണവാട്ടികൾ എന്നു് പറയുന്നതിൻ്റെ അടിസ്ഥാനാമെന്താണു്?

കർത്താവിനു് മണവാട്ടി / ഭാര്യ ഉണ്ടായിരുന്നതായി എവിടെയാണു് പറഞ്ഞിട്ടുള്ളതു്?

‘കർത്താവിൻ്റെ മണവാട്ടി’ എന്നു് പറയുമ്പോൾ; ഒരു മണവാട്ടിയുടെ / ഭാര്യയുടെ ഉത്തരവാദിത്വങ്ങളാണോ, ഇവർ മഠങ്ങളിൽ (കോൺവെൻ്റുകളിൽ) നിർവ്വഹിക്കുന്നതു്?

എഫ് സി സി-യെ (Franciscan Clarist Congregation) തന്നെ നമുക്കു് ഇവിടെ ചെറുതായൊന്നു് ശ്രദ്ധിക്കാം

പഴയ ചങ്ങനാശേരി രൂപതയുടെ ഭാഗമായ പാലായിൽ 1888 ഡിസംബർ 14-നു് Bishop Charles Lavigne SJ-യുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കാനുസരിച്ചു് സ്ഥാപിതമായ സന്യാസിനി സമൂഹമാണു് എഫ് സി സി (Franciscan Clarist Congregation.) യേശുകൃസ്തുവിൻറെ നാമം തങ്ങളുടേ പേരിനോടു് ചേർത്തു് വെച്ച എട്ടു് കന്യാസ്ത്രിമാരാണു് ഈ സഭാ സമൂഹത്തിൻറെ സ്ഥാപകർ.

Sr. Mariam Clara of Jesus, , Sr. Coletta of Jesus , Sr. Agnes of Jesus, , Sr. Mariam Thresia of Jesus, , Sr. Mariam Magdaline of Jesus, , Sr. Margareetha of Jesus, , Sr. Mariam of Jesus, , Sr. Anna of Jesus.

അംഗസംഖ്യാബലത്തിലും (7000-ലേറെ അംഗബലം) ആസ്തി മൂല്യത്തിലും ഇന്ത്യ ആസ്ഥാനമായുള്ള ഏറ്റവും പ്രബലമായ ‘സന്യാസസഭ’ യാണു് FCC എന്നു് നിസ്സംശയം പറയാൻ കഴിയും.
കേരളത്തിലും ഡെൽഹിയിലുമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 24 പ്രോവിൻസുകൾ. ഇന്ത്യയിലും (St. Alphonsa Region, Rajkot, Clare Jyothi Region, Orissa, Bl. Rani Maria Region, Belthangady) രണ്ടു് വിദേശ രാജ്യങ്ങളിലടക്കം (ജർമ്മനി : St. Remigiushaus Region, Germany : Santa Maria Region Kenya), കെനിയ) അഞ്ചു് റീജിയണുകൾ

ഇന്ത്യക്കു് പുറമെ അഞ്ചു് ഭൂഖണ്ഡങ്ങളിലെ 12 വിദേശ രാജ്യങ്ങളിലായി പടർന്നു് കിടക്കുന്ന എഫ് സി സിക്കു് 98 സ്ഥലങ്ങളിൽ ശക്തമായ പ്രാതിനിധ്യം ഉണ്ടു്. അവ ഇപ്രകാരമാണു് :

ഇറ്റലി (17 സ്ഥലങ്ങളിൽ), ജർമ്മനി (37 സ്ഥലങ്ങളിൽ), സ്പെയിൻ (ഒരു സ്ഥലം), ആസ്ട്രിയ (2 സ്ഥലങ്ങളിൽ) സ്വിറ്റ്സർലാൻ്റു് (ഒരു സ്ഥലം), യു എസ് ഏ (4 സ്ഥലങ്ങളിൽ), കെനിയ (19 സ്ഥലങ്ങളിൽ), താൻസാനിയ (9 സ്ഥലങ്ങളിൽ), സൗത്ത് ആഫ്രിക്ക (2 സ്ഥലങ്ങളിൽ), മലാവി (ഒരു സ്ഥലം), പപുവ ന്യൂ ഗനിയ (5 സ്ഥലങ്ങളിൽ)

FCC-യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ അറിയുമ്പോൾ, ഇതൊരു മൾട്ടിനാഷണൽ കമ്പനിയാണോ എന്നു് തോന്നിയാൽ ആരെയും കുറ്റം പറയാൻ പറ്റില്ല.

ഹൈസ്ക്കൂളുകൾ (59), ഹയർ സെക്കണ്ടറി സ്ക്കൂൾകൾ (31), കോളേജുകൾ (8), ടെക്നിക്കൽ കോളേജ് (1), ഐ ടി ഐ ((1), അപ്പർ പ്രൈമറി സ്ക്കൂളുകൾ (37), ലോവർ പ്രൈമറി സ്ക്കൂളുകൾ (64), കിൻ്റർഗർട്ടൻസ് (7), സ്പെഷ്യൽ സ്ക്കൂളുകൾ (14) ഇന്ത്യയിലും വിദേശത്തുമായി ഹെൽത്ത് കെയർ (32), ഡിസ്പെൻസറികൾ (2), ഹോസ്റ്റൽസ് & ബോർഡിംഗ്സ് (44), പെൺകുട്ടികൾക്കു് മാത്രമുള്ള ബോർഡിംഗ്സ് (6), പെൺകുട്ടികൾക്കു് മാത്രമുള്ള ഹോസ്റ്റലുകൾ (35), ആൺകുട്ടികൾക്കു് മാത്രമുള്ള ഹോസ്റ്റൽ (1), നഴ്സറി സ്ക്കൂളുകൾ (151), നഴ്സിംഗ് സ്ക്കൂളുകൾ (7), നർസിംഗ് കോളേജുകൾ (2) ഓർഫനേജുകൾ (38), ഓൾഡ് എയ്ജ് ഹോംസ് (22),റിഹാബിലിറ്റേഷൻ സെൻ്ററുകൾ (11), സൊഷ്യൽ സേർവിസ് വിഭാഗങ്ങൾ (38), ടെയ് ലറിംഗ് സെൻ്ററുകൾ 27), ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷ്യൽ എജൂക്കേഷൻ (1), ക്രെഷ് (11), ഡെഫ് സ്ക്കൂൾ (1), കമ്പ്യൂട്ടർ ട്രെയിനിംഗ് സെൻ്ററുകൾ (2), വൊക്കേഷനൽ ട്രെയിനിംഗ് സെൻ്ററുകൾ (3), ഹോമിയോ ക്ലിനിക്കുകൾ (7), മെൻ്റൽ ഹെൽത്ത് ഹോസ്പിറ്റൽ (1), വർക്കിംഗ് വുമൻസ് ഹോസ്റ്റലുകൾ (3), ഡെ കെയർ (1), ബുക് ബൈൻ്റിംഗ് സെൻ്റർ (1), റെഡിമെയ്ഡ് ഗാർമെൻ്റു് യൂണിറ്റുകൾ (4), കോൺവെൻ്റുകൾ (854) തുടങ്ങി നിരവധി ……

ഇത്രയും സ്ഥാപനങ്ങൾ തുടങ്ങാനുള്ള മൂലധനം (എഫ് സി സി അടക്കമുള്ള സന്യാസ സഭകൾക്കു്) എവിടെ നിന്നു് ലഭിക്കുന്നു എന്നു് സാധാരണക്കാരായ ആരെങ്കിലും ചിന്തിക്കാറുണ്ടോ? കന്യാസ്ത്രികളും പുരോഹിതരും ഇവരുടെ വീടുകളിൽനിന്നും കൊണ്ടു വരുന്നതാണോ?

01) ഇതിൽ ഒരു പ്രധാന വിഹിതം, സ്വദേശത്തു നിന്നും, സ്വദേശത്തു് നിന്നു് വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നവരിൽ നിന്നും ലഭിക്കുന്ന സംഭാവനകളുമാണെന്നു് നമുക്കു് മനസ്സിലാക്കാം.

02) വിദേശ രാജ്യങ്ങളിലെ സാമൂഹ്യ സേവന സംഘടനകളിൽ നിന്നും ലഭിക്കുന്ന (ഫോറിൻ കറൻസി) ധന സഹായങ്ങൾ

03) എഫ് സി സി-യും, അതുപോലുള്ള മറ്റു് കോൺഗ്രിഗേഷനുകളും, തങ്ങളോടൊപ്പമുള്ള കന്യാസ്ത്രികൾ വിവിധ തരത്തിലുള്ള ജോലികൾ ചെയ്തു കിട്ടുന്ന ശംബളം സഭയിലേക്കു് (കോൺഗ്രിഗേഷനുകളിലേക്കു്) പിടിച്ചെടുക്കുന്നു. ഇങ്ങിനെ വന്നു ചേരുന്നതു് കോടികളുടെ സമ്പത്താണു്.

ഏറ്റവും താഴ്ന്ന നിലവാരത്തിൽ പോലും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇവർക്കു് (കന്യാസ്ത്രികൾക്കു്) നഷ്ടമാകുന്നു. ഒരു ജോഡി ചെരുപ്പു് വാങ്ങാൻ പോലും മേലധികാരികളുടെ കനിവു് ഉണ്ടാകണം. ചുരുക്കിപ്പറഞ്ഞാൽ, മദർ എന്നു് പറയുന്ന ‘രാജ്ഞിയുടെ കീഴിലുള്ള അടിമ.’ എന്ന വിശേഷണം തെറ്റാകില്ല.

പല തരത്തിലുമാനസിക-ശാരീരിക പീഡനങ്ങൾ, അടിമകളാക്കപ്പെട്ട ഈ കന്യാസ്ത്രികളുടെ മാനസികനില തെറ്റിക്കാൻ കാരണമായിട്ടുണ്ടു്.

എഫ് സി സി-യിൽ നിന്നു് പുറത്തു് പോകാൻ നിർബ്ബന്ധിതരായവരുടെ അനുഭവങ്ങൾ പലപ്പോഴും ഞെട്ടലുളവാക്കുന്നതും അവിശ്വസനീയമായും തോന്നുന്നതാണു്. പക്ഷെ സ്വന്തം അനുഭവങ്ങൾ വിവരിക്കുമ്പോൾ അവരുടെ മുഖത്തും, ശബ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ അവർ പറയുന്നതു് സത്യമാണെന്നു് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല

ഈ കോൺഗ്രിഗേഷൻ രാജ്ഞിമാരുടെ സ്വേഛാദിപത്യ ഭരണം മൂലം എഫ് സി സി അടക്കമുള്ള സന്യാസ സഭാ സമൂഹങ്ങളെക്കുറിച്ചു് വിശ്വാസികൾ അടക്കമുള്ള ജനസമൂഹത്തിൻ്റെ കാഴ്ച്ചപ്പാടിൽ കരിനിഴൽപ്പാടുകൾ വീണുകഴിഞ്ഞിരിക്കുന്നു.

സഹിക്കാൻ കഴിയാത്ത പീഡനങ്ങൾ ഒന്നുകൊണ്ടു് മാത്രം എഫ് സി സി ഉപേക്ഷിച്ചു് പോരേണ്ടി വന്ന രണ്ടു് സഹോദരിമാരാണു്. ലൈസാ പോളും, ജിസാ പോളും.

സന്യാസ ജീവിതം നയിക്കാനാഗ്രഹിച്ച ഈ രണ്ടു് പേരിൽ ജിസ പത്തൊമ്പതാമത്തെ വയസ്സിലും ലൈസ പതിനേഴാമത്തെ വയസ്സിലും എഫ് സി സി-യിൽ ചേരുകയായിരുന്നു. മൂത്തവളായ ജിസാ പോൾ 1989-ലും (1910-ൽ തൃശ്ശൂരിൽ തുടങ്ങിയ അസ്സീസി പ്രോവിൻസിലും); ലൈസാ പോൾ 1990-ലും (1979-ൽ പാലക്കാടു് തുടങ്ങിയ സെറാഫിക് പ്രോവിൻസിലും) തങ്ങളുടെ സന്യാസ ജീവിതം തുടങ്ങി. ജിസാ പോൾ 23 വർഷവും, ലൈസാ പോൾ 22 വർഷവും എഫ് സി സി-ൽ സേവനമനുഷ്ഠിച്ചു.

എന്നാൽ, മേലധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ മാനസിക പീഡനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും അവഗണനയും അപവാദപ്രചരണവും മൂലം രണ്ടു പേരും സഭാവസ്ത്രം ഉപേക്ഷിക്കാൻ നിർബന്ധിതരായി. തങ്ങൾ മാനസിക രോഗികളായി മാറുമോ എന്ന ഭയവും ഇവരെ അലട്ടിക്കൊണ്ടിരുന്നു.

തങ്ങളോടൊപ്പമുള്ള കന്യാസ്ത്രി സഹോദരികൾ മേലധികാരികൾക്കൊപ്പം നിന്നു് തങ്ങളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയെന്നുള്ളതു് ഹൃദയഭേദകമായ അനുഭവങ്ങളായിരുന്നു. തുടർച്ചയായുള്ള മാനസികപീഡനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും അവഗണനയും അപവാദപ്രചരണവും അതിൻ്റെ സകല സീമകളും ലംഘിച്ചതോടെ എഫ് സി സി-ക്കുള്ളിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായി. അങ്ങിനെ തങ്ങളുടെ യുവത്വത്തെ കാർന്നു തിന്ന, യൗവനം ഹോമിച്ച, എല്ലുമുറിയെ പണിചെയ്ത, തങ്ങൾ ആത്മാർഥമായി സ്നേഹിച്ച ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനോട് വിടപറയാൻ അവർ മനസില്ലാമനസോടെ തീരുമാനിച്ചു.

23-മത്തെ വയസിൽ ജിസയെ വൃദ്ധരെയും രോഗികളെയും ശുശ്രൂഷിക്കാനായി (ജിസയുടെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ – ‘ചന്തി കഴുകിക്കാനായി’) ആദ്യം അമേരിക്കയിലേക്കും പിന്നീട് ഇറ്റലിയിലേക്കും, പറഞ്ഞയച്ച് കോടികളാണ് FCC സമ്പാദിച്ചത്. ഇതിനിടയിൽ 5 വർഷം ജനറാളമ്മയുടെ (സിസ്റ്റർ സീലിയ (Sr ceelia) പേഴ്സണൽ സെക്രട്ടറിയായും ജിസ സേവനമനുഷ്ഠിച്ചു. അവൾ, ഇറ്റലിയിലെ സുപ്പീരിയർ മൂലം ഉണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിരവധി തവണ പ്രോവിൻഷ്യാളമ്മയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവയൊന്നും തന്നെ ചെവിക്കൊള്ളാൻ അവർ തയ്യാറായില്ല. മാത്രമല്ല അവർ “അഡ്ജസ്റ്റു് ചെയ്യ് മോളെ, അഡ്ജസ്റ്റു് ചെയ്യ് മോളെ,” എന്ന് ആവർത്തിക്കുക മാത്രമാണു് ചെയ്തതു്. പണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം, അല്ലാതെ നേരിടുന്ന പ്രശ്നങ്ങളെ ശരിയാക്കാനുള്ള ഒരു ശ്രമവും പ്രോവിൻഷ്യാളമ്മയുടെ വശത്തു് നിന്നും ഉണ്ടായില്ല.

സ്വന്തം പിതാവിന്റെ കഠിനമായ രോഗാവസ്ഥയിൽ ഒന്നു ഫോൺ ചെയ്യാൻ പോലും ഈ സഭാധികാരികൾ അനുവദിച്ചിരുന്നില്ല. ഒടുവിൽ അപ്പച്ചന്റെ മരണശേഷമാണ് ജിസയെ നാട്ടിൽ കൊണ്ടുവന്നത്. എല്ലാം സഹിച്ച് സഭയെ സേവിച്ചിട്ടും അപ്പച്ചനെ അവസാനകാലത്ത് ജീവനോടെ ഒന്നു കണ്ടു സംസാരിക്കാൻ കഴിയാത്തതും, അതിനനുവദിക്കാത്ത സഭാധികാരികളുടെ മനുഷ്യത്വമില്ലായ്മയും ജിസയെ മാനസികമായി വല്ലാതെ ഉലച്ചു.

ദു:ഖവും മാനസിക സംഘർഷവും മൂലം വീർപ്പു മുട്ടി നിന്ന ജിസയോട്, പിതാവിന്റെ സംസ്കാരം കഴിഞ്ഞ് മൂന്നാം നാൾ ഇറ്റലിയിലേക്ക് മടങ്ങാൻ അധികാരികൾ ആവശ്യപ്പെട്ടു. ആ ഉത്തരവു് പാലിക്കാൻ ജിസ തയ്യാറായില്ല എന്നു് മാത്രമല്ല അതിനെതിരെ ശബ്ദിക്കാനും തയ്യാറായി.

“ഞാൻ ഇനി ഇറ്റലിയിലേക്കെന്നല്ല, കണ്ണിൽ ചോരയില്ലാത്ത നിങ്ങളുടെ മഠത്തിലേക്കുപോലും ഞാനിനി വരുന്നില്ല…” എന്നു വെട്ടിത്തുറന്നു് പറഞ്ഞു.

ഇങ്ങിനെ പറയാനുള്ള ഒരു മാനസിക അവസ്ഥയിൽ ജിസ്സയെ എത്തിച്ചിതിൻ്റെ പൂർണ്ണ ഉത്തരവാദിത്വവും എഫ് സി സി-യുടെ തന്നെയായിരുന്നു് ലൈസ പറയുന്നു.

ജിസ വിദേശത്തു് ജോലിച്യ്തു് കിട്ടുന്ന വരുമാനം നഷ്ടപ്പെടുമല്ലോ എന്ന ചിന്ത മേലധികാരികളിൽ അലയടിച്ചു. അതിൻ്റെ ഫലമായി, പതിവുപോലെ ഉപദേശവും പ്രാർത്ഥനയും മുതലക്കണ്ണീരും ഒഴുക്കി ജിസയുടെ മനസ്സു് മാറ്റാൻ അധികാരികൾ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ, അനിയത്തി ലൈസ മഠം വിടാനുള്ള സൂചന ഇടയ്ക്കെന്നോ നൽകിയപ്പോൾ അവളെ ശാസിച്ച് പിന്തിരിപ്പിച്ച ജിസ സ്വേച്ഛാദിപതികളായ മഠാധിപതികളുടെ വാക്കുകൾക്കു് വഴങ്ങാൻ തയ്യാറായില്ല.

പ്രകോപിതരായ മഠാധികാരികൾ പ്രതികാരം ചെയ്തത് സഭാവസ്ത്രം ഊരി വാങ്ങി അവളെ വിവസ്ത്രയാക്കിക്കൊണ്ടാണ്.

അത്രയും കാലം അവർക്കു (എഫ് സി സി-ക്കു്) വേണ്ടി ജീവിതം ഹോമിച്ചു്, വിദേശികളുടെ ആട്ടും തുപ്പും സഹിച്ച് സമ്പത്ത് സമ്പാദിച്ചു നൽകിയ തന്നോട് നന്ദി വേണ്ട, ഒരിറ്റു കാരുണ്യം കാണിക്കാനായി, തനിക്ക് നാണം മറയ്ക്കാൻ ഒരു കീറു തുണിയെങ്കിലും തരാൻ സഭാധികാരികൾക്ക് കഴിഞ്ഞില്ലല്ലോ എന്ന ചിന്ത അവളെ മാനസികമായി വളരെ അധികം തളർത്തി.

‘എന്റെ വസ്ത്രങ്ങൾ അവർ ഉരിഞ്ഞെടുത്തു, അതിനായി അവർ ചിട്ടിയിട്ടു’ ……എന്ന തിരുവെഴുത്ത് അവൾ അനുസ്മരിച്ചു!

2011 ഡിസംബർ 6-നു് ജിസ കോൺഗ്രിഗേഷനിൽ നിന്നും പുറത്തു കടന്നു. ചേച്ചിയുടെ അനുഭവങ്ങൾക്കു് സാക്ഷ്യം വഹിക്കേണ്ടിവന്ന ലൈസയിലും വേദനയും മാനസിക സമ്മർദ്ധവും ആഞ്ഞടിച്ചു.

തമിഴ് നാട്ടിലെ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിച്ചിരുന്ന ലൈസയെപ്പോലും കോയമ്പത്തൂരിലുള്ള തന്റെ അപ്പച്ചന്റെ രോഗാവസ്ഥയിൽ അദ്ദേഹത്തെ കാണുവാൻ അനുവദിച്ചിരുന്നില്ല. കലാകാരിയായ ലൈസക്കു് . ഡാൻസും സംഗീതവും തബലയും കീബോർഡും ബാന്റും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടു്. അവളും സ്വന്തം ബുദ്ധിമുട്ടുകൾ അധികാരികളെ യഥാസമയം അറിയിച്ചിരുന്നു. എന്നാൽ അവളെ പരിഹസിക്കാനും ആക്ഷേപിക്കാനുമുള്ള അവസരമായാണ് അധികാരികളും മറ്റു കന്യാസ്ത്രി സഹോദരിമാരും കണ്ടത്. ലൈസയുടെ കലാപ്രവർത്തനങ്ങൾക്കിടയിൽ പലരുമായി വളരെ അടുത്ത് ഇടപഴകുകയും സ്വാതന്ത്ര്യത്തോടെ പെരുമാറുകയും ചെയ്തിരുന്നു. ഇതു മറ്റുള്ളവരിൽ സംശയത്തിന്റെ വിത്തുകൾ പാകാൻ കാരണമായി. പക്ഷെ, ഇതെല്ലാം ചെയ്തിരുന്നതു് എഫ് സി സി-യുടെ സ്ഥാപനങ്ങൾക്കു് വേണ്ടിയായിരുന്നു. അധികാരികൾ നിരീക്ഷണവും പരിശോധനയും കർശനമാക്കി. മുറിയും മറ്റിടങ്ങളും നിരന്തരം പരിശോധനയ്ക്ക് വിധേയമായി.

ഒരിക്കൽ സി. ജോസഫ് ലാബ്രെ (Sr Joseph Labre ) എന്ന പ്രൊവിൻഷ്യാൾ മുറിയിലെത്തി വസ്ത്രങ്ങളും പെട്ടിയും മുറിയിലുള്ള കടലാസു കഷണങ്ങൾ അടക്കമുള്ള സകലതും കുടഞ്ഞിട്ട് പരിശോധിച്ചു. പക്ഷെ, ഒന്നും കണ്ടെത്താനായില്ല. അവർ വിചാരിക്കുന്നതു പോലുള്ള ഒന്നും കിട്ടാത്തതിൻ്റെ കലിയടങ്ങാതെ അവർ ലൈസയെ (ശിക്ഷ വിധിക്കും പോലെ) ഒരു വർഷത്തെ നൊവിഷ്യേറ്റിനു വിട്ടു.

ലൈസയ്ക്ക് ഇതു വലിയ അവഹേളനവും അപമാനവുമായി തോന്നി. അവൾ ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചു! എന്നാൽ ചേച്ചിയെ ഓർത്തപ്പോൾ പിന്തിരിഞ്ഞുവെന്നാണ് അവർ പറയുന്നത്.

പിന്നീടൊരിക്കൽ തന്നെ ഷോക്ക് ട്രീറ്റ്മെന്റിനു വിധേയമാക്കിയതായി ലൈസ പറയുന്നു ഇതു് തൻ്റെ മാനസിക നില തെറ്റിച്ചു് ഭ്രാന്തിയാക്കാനുള്ള ഒരു അടവാണെന്നു് എനിക്കു് പിന്നീടാണു് മനസ്സിലായതു് എന്നു് ലൈസ പറയുന്നു.

ഇങ്ങനെ നിരവധിയായ മുറിപ്പാടുകൾ നീറ്റലായി അവളുടെ മനസിൽ അവശേഷിച്ചിരുന്നു. അതിന്റെ പാരമ്യത്തിൽ നിൽക്കെയാണ് ചേച്ചിയുടെ ദുരാനുഭവം ഒരു കൂരമ്പു പോലെ മനസ്സിൽ തുളച്ചു് കയറിയതു്. അത് അവളുടെ മനസ്സിൽ വലിയ ചോരപ്പടുകൾ വീഴ്ത്തി.

2012 ജനുവരി 6നു ലൈസയും മഠം വിട്ടു. അവസാന തീരുമാനം എടുക്കുന്നതിനുള്ള ഒരു വിചിന്തനം നടത്തുന്നതിനായി കുറച്ചു് സമയം തരണമെന്ന് ആവശ്യപ്പെട്ടതു് അനുവദിച്ചെങ്കിലും അതിനു് പിറ്റേന്നു തന്നെ പ്രൊവിൻഷ്യാൾ ഫോൺ ചെയ്ത് മഠത്തിൽനിന്നു പോകാൻ ആവശ്യപ്പെടുകയായിരുന്നു.

കരുണയും സ്നേഹവും വാത്സല്യവും പ്രസംഗങ്ങളിലൂടെ ചൊരിയുന്നവർ, സമര മുഖത്തെ തൊഴിലാളിയെ പോലിസുകാർ തല്ലിയോടിക്കുന്നതു്പോലെ, തങ്ങളോടൊപ്പം പ്രാർത്ഥനയിലും, ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്ന ഒരു സഹോദരിയെ വീട്ടിൽ നിന്നും പുറത്താക്കുമ്പോൾ ഒരു ഫാക്ടറി ഉടമയേക്കാളുമ പ്പുറം പ്രോവിൻഷ്യാളിൻ്റെ മനസ്സു് ഒരു കൊള്ളസംഘ തലവത്തിയെ പോലെയാണെന്ന് വൈകിയ വേളയിലാണെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞു.

മാനുഷിക മൂല്യങ്ങൾക്കു് യാതൊരു വിലയും കല്പിക്കാത്ത ഇവരാണോ കർത്താവിൻ്റെ മണവാട്ടികൾ? ജിസാ പോൾ 42-മത്തെ വയസ്സിലും, ലൈസാ പോൾ 40-മത്തെ വയസ്സിലും തങ്ങളുടേതെന്നു് കരുതിയ വീട്ടിൽ (എഫ് സി സി) നിന്നും പെരുവഴിയിലെറിയപ്പെട്ട തങ്ങൾക്കു് ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി മാറി.

ഇവരുടെ സഹോദരങ്ങൾ താമസിക്കുന്ന കോയമ്പത്തൂരിൽ എഫ് സി സി-ക്കു് ഒരു ഇംഗ്ലീഷ് മീഡയം സ്ക്കൂൾ ഉണ്ടു്. അതിലൊരു ജോലി തരാൻ അപേക്ഷിച്ചെങ്കിലും ആ അപേക്ഷയും എഫ് സി സി നിഷ്കരുണം നിരസിച്ചു.

സാമ്പത്തിക സ്ഥിതി വളാരെ മോശമായ അവസ്ഥയിൽ അവസാനം കോയമ്പത്തൂർ ബിഷപ്പിനെ കത്തുകളിലൂടെ വിവരങ്ങൾ ധരിപ്പിച്ചു. അതനുസരിച്ചു് ബിഷപ് മഠവുമായി ബന്ധപ്പെട്ടു എന്നു് മനസ്സിലാക്കാൻ കഴിഞ്ഞു. അവസാനം പിതാവിൻ്റെ മറുപടി….

“ചെന്നു് കിട്ടുന്നതു് വാങ്ങി മിണ്ടാതെ പോന്നോളൂ”

അങ്ങിനെ 2012-ൽ ഒരു ലക്ഷം രൂപ ലൈസക്കു് കിട്ടി.

“സഹോദർന്മാർ അവരുടെ കുടുംബം പോറ്റാൻ അഹോരാത്രം പണിയെടുത്തിട്ടും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ കഴിയാത്ത അവസ്ഥയിലാണു്. ഞങ്ങളെ കൂടി സംരക്ഷിക്കാനുള്ള വരുമാനം അവർക്കില്ലെന്നുള്ളതു് ഞങ്ങൾക്കു് നന്നായി അറിയാം.”

സ്വന്തമായി തല ചായ്ക്കാനിടമില്ലാത്ത ഈ സഹോദരിമാർ എഫ് സി സി-ക്കു് മുന്നിൽ ഒരു അപേക്ഷ വെച്ചു – ഒരു കൊച്ചു് വീടു് വാങ്ങിത്തരിക, അല്ലെങ്കിൽ വീടിനു് അനുയോജ്യമായ ചെറിയ ഒരു സ്ഥലവും വീടു പണിയാനുള്ള പണവും തരിക. ലൈസാ പോളിൻ്റെ നിരനിരയായുള്ള നീണ്ട അപേക്ഷകൾക്കൊടുവിൽ ലൈസക്കു് രണ്ടു് ലക്ഷം രൂപയും ആൾപ്പാർപ്പോ, ആൾ സഞ്ചാരമോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ഓണംകേറാമൂലയിൽ രണ്ടര സെൻ്റു് ഭൂമിയും നൽകാൻ എഫ് സി സി തയ്യാറായി. ആൾ സഞ്ചാരിമില്ലാത്തെ ഈ ഇരുട്ടിൻ്റെ മൂലയിൽ സ്ഥലം താരാമെന്നു് പറഞ്ഞതു്. ഇരുളിൻ്റെ മറവിൽ തങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സഭയുടെ നീക്കത്തിൻ്റെ ഭാഗമാണിതെന്നു് അവർ ഭയപ്പെട്ടു.

ആൾ പാർപ്പുള്ളിടത്തു് താമസ സകര്യം ലഭ്യമാക്കിത്തരാനുള്ള ഇവരുടെ അപേക്ഷ ചെവിക്കൊള്ളാതെ എഫ് സി സി നേതൃത്വം നിഷ്ക്കരുണം തള്ളിക്കളഞ്ഞു.

ജിസ പോൾ 23 വർഷവും ലൈസ പോൾ 22 വർഷവും FCCൽ സേവനമനുഷ്ഠിച്ചു. ജോലി ചെയ്തുണ്ടാക്കിയതെല്ലാം എഫ് സി സി എന്ന തറവാട്ടുപേരുള്ള കുടുംബത്തിലെ കാരണവത്തിയിൽ തിരിച്ചെടുക്കാൻ പറ്റാത്ത വിധം നിക്ഷിപ്തമായി.

‘കർത്താവിൻ്റെ മണവാട്ടിമാർ’ എന്ന സൗന്ദര്യനാമം നൽകിയ ശേഷം അടിമകളോടെന്ന പോലെയുള്ള പീഡന പെരുമാറ്റത്തിലൂടെ വീട്ടിൽ നിന്നും പുറത്തു് പോകാൻ നിർബ്ബന്ധിതരാക്കുന്ന മേലാളത്തിമാരായ ‘മദർ’ എന്ന ആകർഷണ നാമമുള്ള ജെയിലർമാരുടെ ലോകമാണു് കന്യാസ്ത്രി മഠങ്ങൾ എന്ന് മനസ്സിലായപ്പോഴേക്കും ജീവിതത്തിനെ നല്ല കാലം കടന്നു് പോയിരുന്നു.

മേൽപ്പറഞ്ഞതു്  രണ്ടു പേരുടെ കാര്യം മാത്രം. എഫ്.സി.സി സന്യാസ സഭാംഗങ്ങളായ സിസ്റ്റർ ലൂസി കളപ്പുരയും സിസ്റ്റർ ലിസി വടക്കേലും സഭാ നേതൃത്വത്തിൻ്റെ ക്രൂരതകളുടെ ഇരകളായി ലൊകത്തിനു് മുമ്പിൽ നില കൊള്ളുന്നു.

നമ്മളിൽ പലരും പറയുന്ന ഒരു കാര്യമുണ്ടു് _ ‘കന്യാസ്ത്രിമാർ യാതൊരു പ്രതിഫലവും വാങ്ങാതെ ഒരുപാടു സാമൂഹ്യ സേവനം ചെയ്യുന്നുണ്ടു്’

ആ പറയുന്നതു് ശരിയല്ല എന്നു് പറയാൻ പറ്റില്ല. അതിലൊരു ചെറിയ പിശകു് മാത്രമാണുള്ളതു്. ഈ ‘കന്യാസ്ത്രി’കളെന്നു് പറയുന്ന സ്ത്രീകൾ പ്രതിനിധാനം ചെയ്യുന്ന സഭകൾ (കോൺഗ്രിഗേഷനുകൾ) മേൽപ്പറഞ്ഞതു് പോലുള്ള (Point 1, 2, 3) രീതികളിൽ വന്നു ചേരുന്ന പണത്തിൻ്റെ ചെറിയൊരു അംശം മാത്രം ഇത്തരം പ്രവർത്ത്നങ്ങൾക്കായി ഉപയോഗിക്കുന്നു. ബാക്കി പണം………..?

കൂടാതെ, ഇത്തരം പ്രവർത്തനങ്ങൾക്കിറങ്ങുന്ന (കന്യാ)സ്ത്രീകൾക്കു് കൂലിയും കൊടുക്കേണ്ടതില്ല. അല്പം ആഹാരാവും വസ്ത്രവും മാത്രം കൊടുത്താൽ മതി.

ചുരുക്കിപ്പറഞ്ഞാൽ സ്വന്തമായി ഒരു പൈസ പോലും മുതൽമുടക്കില്ലാതെ തുടങ്ങുന്ന/ നടത്തുന്ന അന്താരാഷ്ട്ര കുത്തക മുതലാളിത്ത കമ്പനികളാണു് (കന്യാ)സ്ത്രി സഭാ സമൂഹങ്ങൾ (കോൺഗ്രിഗേഷനുകൾ.)

ഒരു വൻ സ്ത്രീ സമൂഹത്ത ‘കർത്താവിൻ്റെ മണവാട്ടിമാർ’ എന്ന ഓമനപ്പേരിൽ അടിമകളെ പോലെ ഓരോ സഭാ സമൂഹത്തിൻ്റെയും (കോൺഗ്രിഗേഷൻ്റെയും) തലപ്പത്തുള്ള കർത്താവിൻ്റെ മണവാട്ടിമാരായ രാജ്ഞിമാർ. ഭരിക്കുന്നു. ഇവരാണെങ്കിൽ; സഭാ നേത്രുത്വത്തിൻ്റെ തലപ്പത്തിരിക്കുന്ന ചക്രവർത്തിമാരുടെ ഇച്ഛക്കും ആജ്ഞക്കും അനുസരിച്ചു് പ്രവർത്തിക്കുന്നവരുമാണു്.

അടിമകൾക്കു് ചോദ്യങ്ങൾ ചോദിക്കാനുള്ള അർഹതയില്ല അടിമകൾക്കു് അവകാശങ്ങളെ കുറിച്ചു് പറയാനും സംസാരിക്കാനും ഉള്ള അനുവാദമില്ല. അടിമകൾ മേലധികാരികൾ പറയുന്നതനുസരിക്കേണ്ടവർ മാത്രമാണു്. അടിമകൾ, മേലധികാരികൾ അവർക്കനുയോജ്യമായ രീതിയൽ തയ്യാറാക്കിയ കാടൻ നിയമങ്ങളെ അനുസരിക്കാനുള്ളവർ മാത്രം.