Sat. Sep 19th, 2026

ലിബി.സി.എസ്

ഇന്ന് കേരള സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ത്? സ്‌കൂള്‍ കുട്ടികള്‍ വരെ പറയും. ‘ബലരാമന്റെ എ.കെ.ജി. വധം”

തൃത്താല എം.എല്‍.എ. ബലരാമന്‍കൊച്ചന്‍ എന്തോ വിവരക്കേട് പറഞ്ഞു. പറഞ്ഞു എന്നല്ല; പോസ്റ്റി.
മൂക്കാതെ പഴുത്ത വളുവന്‍ പഴമാണ് ചെക്കന്‍. രാഷ്ട്രീയമറിയില്ല. ചരിത്രത്തിന്റെ വക്കും വിളമ്പുമൊക്കെ തിരിയും.

അതുവച്ച് കാച്ചിയതാണ്. കാര്യം ഏറ്റു. ഇപ്പോള്‍ ഫേസ്ബുക്ക് നിറയെ ബലരാമനാണ്. കേരളത്തിലെ ഏതു നേതാവിനെക്കാളും ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയെന്ന ബഹുമതി ബലരാമന് സ്വന്തം. ഇടതു സൈബര്‍ പുലിയും തന്തയ്ക്കും തള്ളയ്ക്കുമാണ് വിളിക്കുന്നതെന്ന് മാത്രം! ബലരാമന്റെ പിതാമഹന്‍മാരുടെ ഭാഗ്യം. തന്തയ്ക്കു വിളിയും, തണലാണ് ചിലര്‍ക്ക്.
ജീവിതത്തിലാദ്യമായിട്ടാണെടാ, നീ ഒരു നല്ല കാര്യം ചെയ്തത്, എന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ബ്രിട്ടാസിനോട് പറയാന്‍ തോന്നി. നാടാകെ പ്രശ്‌നങ്ങളാണ്. എ.കെ.ജി. വിവാദത്തിന്റെ ഉരിയരിക്കഞ്ഞികൊണ്ട് നാടാകെ കല്യാണം നടത്തിയതിന്റെ ക്രെഡിറ്റ് ബ്രിട്ടാസിനുതന്നെ!

കടലിന്റെ അഗാധങ്ങളില്‍ മറഞ്ഞ നൂറിലധികം മത്സ്യത്തൊഴിലാളികളെ മലയാളി മറന്നു. ട്രഷറി പൂട്ടിയതും കഴുക്കോലൂരി കഞ്ഞി തിളപ്പിച്ചതും വിസ്മൃതിയിലായി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം പോയിട്ട് ദൈനംദിന കാര്യങ്ങള്‍ പോലും താളം തെറ്റിയത് ആരോര്‍ക്കാന്‍? മന്ത്രി ഭര്‍ത്താവിന്റെ പഞ്ച നക്ഷത്ര ചികിത്സയും, ഇരുപത്തെണ്ണായിരക്കണ്ണാടിയും ജില്ലാ സമ്മേളന ചര്‍ച്ചകളില്‍ പോലും അപ്രസക്തമായി. കുരിശുവിവാദവും, പൊലീസ് നരയാട്ടും, കൊള്ളക്കാരുടെ വിഹാരവും കൊലപാതകപരമ്പരയും കണ്ണൂര്‍ രക്തക്കളിയുമൊക്കെ എങ്ങോ പോയ് മറഞ്ഞു. ഫെയ്‌സ്ബുക്ക് നിറയെ ബലരാമ വധം തകര്‍ക്കുന്നു. സൈബര്‍ പിള്ളേരെ ഇറക്കി യുദ്ധക്കളമൊരുക്കിയതിന്റെ പ്രധാനസൂത്രധാരന്‍ ബ്രിട്ടാസ് തന്നെ.ബുദ്ധിരാക്ഷസന്‍! ആരു പറഞ്ഞു ഉപദേശകര്‍ അനാവശ്യമെന്ന്!

എ.കെ.ജി വിപ്ലവസൂര്യ ബിംബമാണ്. രക്തസാക്ഷികളും, ബിംബങ്ങളുമാണ് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഊര്‍ജ്ജം. അല്ല; ശ്വാസം. ബിംബാരാധനയും, രക്തസാക്ഷി വികാരവുമാണ് ആവേശത്തിന്റെ ഇന്ധനം. അതുതന്നെ ഈ സന്നിഗ്ധ ഘട്ടത്തിലും തുണച്ചു.

ഒരു പതിറ്റാണ്ടു മുമ്പാരംഭിച്ച സാമ്പത്തിക വീഴ്ച കാണാക്കയങ്ങളിലേക്ക് താഴുന്നു. നോട്ടുനിരോധനവും ജി.എസ്.ടി.യും ഇന്ധന വിലക്കയറ്റവും സമസ്ത മേഖലയെയും സാമ്പത്തിക കുഴപ്പത്തിലാക്കി. നിര്‍മ്മാണ മേഖല സ്തംഭിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗം നിശ്ചലമായി. അനുബന്ധ മേഖലകളില്‍ തൊഴിലില്ല. ഇത് വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. വിദേശവരുമാനം ഗണ്യമായി കുറഞ്ഞു. വിലക്കയറ്റത്തിനുമാത്രം ഒരു കുറവുമില്ല. നിര്‍മ്മാണത്തൊഴിലാളികള്‍ മുതല്‍ ഓട്ടം ഇല്ലാതായ ഓട്ടോറിക്ഷാത്തൊഴിലാളിവരെ ഇനിയെന്തെന്ന് അന്ധാളിച്ചു നില്‍ക്കുന്നു.

എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാരിന് ഈ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ല. കേരളത്തിലെ കുരുന്നുകളുടെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉത്ഘാടനം മുടക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ.എം. കൊല്ലം ജില്ലാ സമ്മേളനത്തിന് കാവലിരുന്നു. വേദിയില്‍ മുഖ്യനിരുന്നു കണ്ണുരുട്ടിയില്ലെങ്കില്‍ പ്രതിനിധികള്‍ ചിലപ്പോള്‍ കയറി മേയും. കാലിനടിയിലെ മണ്ണിന് ഇളക്കമുണ്ടോയെന്ന് പിണറായിക്ക് ഉള്‍ഭയം തുടങ്ങിയിട്ട് നാളേറെയായി. അതാണ് ഈ ജാഗ്രത!

മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അമ്മായിയമ്മയും മരുമകളും പോലെ. നാത്തൂന്‍മാരായി ഭരണപ്പാര്‍ട്ടിയിലെ സ്ഥാനമില്ലാത്ത നേതാക്കള്‍. മുഖ്യമന്ത്രിയും ധനമന്ത്രിയും റവന്യൂമന്ത്രിയും കൃഷിമന്ത്രിയുമൊക്കെ ഓരോ തട്ടിന്‍ പുറത്ത്. ഭരണം കെങ്കേമമാവാന്‍ മറ്റെന്ത് വേണം?
സര്‍ക്കാരിന് പുതിയ പദ്ധതികളില്ലാത്തതുപോലെ, നിലവിലുള്ള പദ്ധതികള്‍ക്ക് പണവുമില്ല. ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥ.

പൊലീസിന് ചിലപ്പോള്‍ സുഖനിദ്ര. ചിലപ്പോള്‍ നാട്ടുകാരുടെ മുതുകത്ത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ മിടുക്കിയെങ്കിലും ജനകീയ സമരങ്ങളെ അടിച്ചു പരത്താന്‍ സമര്‍ത്ഥന്മാര്‍. രാത്രി ബീറ്റ് ഏതാണ്ട് നിലച്ചതിനാല്‍ കൊള്ള സംഘങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാം. നേരം വെളുക്കുവോളം ഹൈവേയിലെ ജൂവല്ലറിയടക്കം കുത്തി തുറന്ന് മോഷ്ടിച്ച് സാവധാനം നാടുവിടാം!

അഴിമതിയെപ്പറ്റി മിണ്ടരുത്. മിണ്ടിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ വിശ്രമത്തിലാണ്. ഏതാണ്ട് പൊല്ലാപ്പു കേസുകളൊക്കെ വിജിലന്‍സ് കക്ഷി ഭേദമെന്യേ ഒതുക്കിത്തീര്‍ക്കുന്നു. അഴിമതി വീരന്മാര്‍ക്ക് കണ്ണായസ്ഥാനങ്ങളില്‍ പുന:ര്‍നിയമനവുമായി.

പക്ഷേ ഇതുകൊണ്ടൊന്നും, വടക്കന്‍ വീരഗാഥ നായകന്‍ പിണറായിയെ തോല്‍പ്പിക്കാനാവില്ല മക്കളെ. മുന്നണിയുടെ ജനകീയാടിത്തറ വിപുലമാക്കാന്‍ മാണിസ്സാറും, വീരനുമൊക്കെ വരും. പരമ്പരാഗത പാര്‍ട്ടി വോട്ടും, മാണി ക്രിസ്ത്യാനി വോട്ടും, മോഡി വിരുദ്ധ മുസ്ലീം വോട്ടും, കാന്തപുരം, മദനി പിന്തുണയും, പറ്റുമെങ്കില്‍ ലീഗിന്റെ ഒരു കഷണവും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന കഷായം എല്ലാ ഏനക്കേടും മാറ്റും.

പിള്ളയും മാണിയുമൊക്കെ അഴിമതിക്കാരാണെന്ന് പറഞ്ഞ ഹിസ്റ്റോറിക്കല്‍ ബ്ലണ്ടര്‍ തിരുത്താന്‍ നേരമായി. പിണറായിതന്നെ അടുത്ത നൂറ്റാണ്ടിലും നമ്മുടെ നായകന്‍. എല്ലാം ശരിയാക്കിത്തരാൻ പോരുവിന്‍ സഖാക്കളെ; ചേരുകീ പ്രവാഹത്തില്‍!