✍️ ഹിഫ്‌സുർ റഹ്‌മാൻ
ഇറ്റലിക്കാരിയും അദ്ധ്യാപികയും ആയിരുന്ന സോണിയ ദൂഗൽ എഴുതിയ പുസ്തകത്തിന്റെ മലയാള വിവർത്തനത്തിന്റെ പേരാണ് “കന്യാവാണിഭം“.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളിലെ കന്യാസ്ത്രീ മഠങ്ങളിൽ അന്തേവാസികളുടെ എണ്ണം തീരെ കുറഞ്ഞു. ധാരാളം മഠങ്ങൾ പൂട്ടി. മൂന്നാം ലോക രാജ്യങ്ങളിലെ “ദൈവവിളി ” ഉണ്ടായ പെൺകുട്ടികൾക്ക് മഠങ്ങളിൽ പ്രവേശനം നൽകി ഈ പ്രതിസന്ധി മറികടക്കാൻ ക്രൈസ്തവ സഭ തീരുമാനിച്ചു.അതിന്റെ അടിസ്ഥാനത്തിൽ ഇൻഡ്യയിൽ നിന്ന് “ദൈവവിളി ” ഉണ്ടായ പെൺകുട്ടികളെ കണ്ടെത്തി പാശ്ചാത്യ മഠങ്ങളിലേക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ടവരിൽ പ്രധാനി ബിഷപ്പ് ഡോ.ജോസഫ് കുണ്ടുകുളമായിരുന്നു. ഇതിന് മഠം നല്ല സാമ്പത്തിക പ്രതിഫലവും നൽകിയിരുന്നു.
ബ്രിട്ടീഷ് – ഇൻഡ്യൻ പാർലമെന്റും സ്വതന്ത്ര ഇന്ത്യൻ പാർലമെന്റും കന്യാ വാണിഭം നിരോധിച്ചു കൊണ്ട് നിയമനിർമ്മാണം നടത്തുകയുണ്ടായി എന്ന വസ്തുത ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്.
ബിഷപ്പ് കണ്ടുകുളത്തിന്റെ നേതൃത്വത്തിൽ കയറ്റി അയച്ച പെൺകുട്ടികളുടെ പെരുമാറ്റ രീതികൾ മഠം അധികൃതരെ ആശയക്കുഴപ്പത്തിലാക്കി. അത്യാർത്തിയോടെയുള്ള ഭക്ഷണ രീതിയിൽ നിന്ന് ഇവരെല്ലാം കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന മഠക്കാർക്ക് മനസ്സിലായി. പിറ്റേന്ന് ഇവരെ നഗരം കാണിക്കാൻ കൊണ്ടുപോയി.ആ ഭരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യപദാർത്ഥങ്ങൾ തുടങ്ങി എല്ലാറ്റിനോടും കുട്ടികൾ തീവ്രമായ ആകർഷണം പ്രകടമാക്കി. കുട്ടികളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം ” ദാരിദ്ര്യം ” ആണെന്നും “ദൈവവിളി ” അല്ലെന്നും മഠം അധികൃതർ വിലയിരുത്തി. അതു പ്രകാരം, ഈ വിഷയത്തിന്റെ നാനാ വശങ്ങളും അന്യേഷിച്ച് റിപ്പോർട്ട് തയാറാക്കാൻ മഠം അധികൃതർ കണ്ടെത്തിയ അദ്ധ്യാപികയായിരുന്നു ഇറ്റലിക്കാരിയായ സോണിയ ദൂഗൽ.
ഇവിടുന്ന് കയറ്റി വിട്ട അങ്കമാലി സ്വദേശിനിയായ പെൺകുട്ടി മേരിയേയും കൂട്ടി സോണിയ ദൂഗൽ കേരളത്തിലെത്തി. ദൂഗലിനെ ഏത് വിധേനയും സ്വാധീനിക്കാൻ വാണിഭക്കാർ കച്ചകെട്ടിയിറങ്ങി. വാണിഭക്കാരുടെ സൽക്കാരത്തിന് അവർ നിന്ന് കൊടുത്തില്ല. അവരുടെ വാഹനത്തിൽ പോലും ദൂഗൽ കയറിയില്ല. ആദ്യദിനം ആലുവ ചുണങ്ങംവേലി മഠത്തിൽ താമസിച്ചു. വാണിഭക്കാരുടെ താളത്തിന് തുള്ളുന്ന കന്യാസ്ത്രീകളുടെ മഠത്തിൽ നിന്ന് താമസം പിറ്റേന്ന് തന്നെ ലോഡ്ജിലേക്ക് മാറ്റി.
കേരളത്തിൽ നിന്ന് വാണിഭക്കാർ കയറ്റി വിട്ട എല്ലാ പെൺകുട്ടികളുടെയും വീട് സോണിയ ദൂഗൽ സന്ദർശിച്ചു. മുറ്റത്ത് ചെരിഞ്ഞ് നിൽക്കുന്ന വാഴച്ചുവട്ടിലെ പൊട്ടക്കലവും ചകിരിയും ചാരവും ഒരു കൂരയും. എല്ലാ വീടുകൾക്കും ഒരേ ലക്ഷണം.
വൻ പ്രതിഫലം പറ്റിയതിന് പുറമെ സാമ്പത്തിക വെട്ടിപ്പും സോണിയ കണ്ടെത്തി. മഠം ഓരോരുത്തർക്കും മുഴുവൻ വിമാനക്കൂലി കൊടുത്തു. വിമാനക്കമ്പനികൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന കൺസഷൻ നിരക്കിൽ ടിക്കറ്റെടുത്ത് ബാക്കി കീശയിലിട്ടു.
റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സഭയിൽ ഭൂകമ്പമുണ്ടായി. കുറെ മെഴുകുതിരികൾ ഉരുകിയൊലിച്ചു.

