Mon. Nov 23rd, 2026

നിയമലംഘനം നടത്തി നിർമ്മിച്ച ഫ്ലാറ്റുകൾ നിയമവിരുദ്ധമായും അനധികൃതമായും വിൽപന നടത്തി നിർമ്മാതാക്കൾ കോടാനു കോടി സമ്പാദിച്ചു. ഫ്ലാറ്റ് വാങ്ങിയവർ തങ്ങളെ വഞ്ചിക്കുകയും പണം അപഹരിക്കുകയും ചെയ്ത നിർമാതാക്കൾക്കെതിരെയാണ് സ്വാഭാവികമായും നിയമനടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമെങ്കിൽ മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ടതും. എന്നാൽ, ഫ്ലാറ്റ് വാങ്ങിയവർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും കേരള സർക്കാരിനുമെതിരെയാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ മുൻപിൽ ജസ്റ്റീസ് അരുൺ മിശ്രയാണ് മറ്റൊരു കുറ്റവാളി.

ഹിഫ്‌സുർ റഹ്‌മാൻ

മരടിലെ ഫ്ലാറ്റ് പ്രശനം പരിഹരിക്കാൻ ഒരു ഡിങ്കോയിസ്റ്റ് പോംവഴി:

ഇന്നത്തെ സാമൂഹ്യ- രാഷ്ട്രീയ അന്തരീക്ഷത്തിൽ സുപ്രീം കോടതി വിധി മറികടക്കാനുള്ള ഒരേയൊരു പോംവഴി “വിശ്വാസം” മാത്രമാണ്. ത്രികാലജ്ഞാനികളായ നിയമ ലംഘകർ അതനുസരിച്ചുള്ള പേരാണ് ഫ്ലാറ്റിന് നൽകിയിരിക്കുന്നത്: “ഹോളി ഫെയ്ത്ത്.” ദൈവികമായ വിശ്വാസം, വിശുദ്ധ വിശ്വാസം, ദൈവികമായ വിശ്വാസം എന്നൊക്കെ അർത്ഥം പറയാം. അതായത്, ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അതിൽ സുപ്രീം കോടതിയ്ക്ക് ഇടപെടാൻ അധികാരമില്ല. എന്നിരുന്നാലും വിവരദോഷികളായ തദ്ദേശീയർക്ക് ഇതൊക്കെയൊന്ന് മനസ്സിലാക്കിക്കൊടുക്കണം. അതിന് എന്തൊക്കെ ചെയ്യണം?

ആദ്യമേ മതിലിൽ നിന്ന് തുടങ്ങണം. ” ദൈവം നിർമ്മിച്ചതിനെ മനുഷ്യർ നശിപ്പിക്കരുത് – 2:38 ” ; ” ദൈവം സ്നേഹമാണ്- ബൈബിൾ വചനം ” ഇങ്ങനെ മതിലിൽ വലിയ അക്ഷരത്തിൽ എഴുതി വയ്ക്കണം. അടുത്തതായി ബോർഡിലെ പേര് ” ഹോളി ഫെയ്ത്ത് ധ്യാന കേന്ദ്രം ” എന്നാക്കണം. ഫ്ലാറ്റിന്റെ മുൻ ഭിത്തിയിൽ കാവി നിറത്തിലുള്ള പെയിന്റ് അടിക്കണം. എന്നിട്ട് ചുവപ്പ് ബോർഡർ കൊടുക്കണം. അതിന് ശേഷം ഫ്ലാറ്റിന്റെ ഏറ്റവും മുകളിൽ കയറണം. അവിടെ ലംബമായി സ്ഥാപിച്ചിരിക്കുന്ന മിന്നൽ രക്ഷാ ചലകത്തിൽ (lightning arrester) ഏതാണ്ട് മദ്ധ്യഭാഗത്ത് തിരശ്ചീനമായി ഒരു പട്ടികക്കോൽ വച്ച് കെട്ടുക. അങ്ങനെ പരിവർത്തിപ്പിച്ചെടുത്ത ചിഹ്നത്തിന് ഫ്ലൂറസെന്റ് റെഡ് പെയിന്റ് അടിക്കണം. ഒരു രാത്രി കൊണ്ട് തീർക്കാവുന്ന പണികളാണിവ.

ചെറിയൊരു ബോർഡിൽ ‘ യുവതീ യുവാക്കൾക്ക് പ്രത്യേക ധ്യാനം ‘ എന്നെഴുതി പുറത്ത് വച്ചേക്കണം. ഇത്രയും കൊണ്ട് തന്നെ സുപ്രീം കോടതി വിധി മറികടക്കപ്പെട്ടു. തുടർന്ന്, സമയം കിട്ടുമ്പോൾ ആ മതിൽക്കെട്ടിനുള്ളിൽ മുൻ വശത്ത് ഒരു മീറ്റർ ചതുരത്തിൽ 3 മീറ്റർ ആഴത്തിൽ ഒരു കുഴി ഉണ്ടാക്കണം. അടിയിൽ നിന്ന് ആദ്യത്തെ അര മീറ്റർ പശയില്ലാത്ത മണ്ണ് നിറയ്ക്കണം. പിന്നീട് കാൽ മീറ്റർ ചാണകം. അതിന് മേലെ വീണ്ടും കാൽ മീറ്റർ പശയില്ലാത്ത മണ്ണ്. അതിന് മുകളിൽ മദ്ധ്യത്തിലായി പറ്റിയ ഒരു പ്ലാസ്റ്റിക് പ്രതിമ വച്ച് ചുറ്റും തേങ്ങാപ്പിണ്ണാക്ക് നിറയ്ക്കുക.

ഉപരിതലത്തിലെ അര മീറ്ററൊഴികെ ബാക്കി മുഴുവൻ പിണ്ണാക്ക് നിറക്കുക. മുകളിലെ അരമീറ്ററിൽ മണ്ണ് അൽപം ചാണകം ചേർത്ത് നിറയ്ക്കുക. ഇടക്കിടെ വെള്ളം ചെറിയ തോതിൽ നനച്ചു കൊടുക്കണം. ഒരു സുപ്രഭാതത്തിൽ ദൈവം പ്രത്യക്ഷപ്പെടും. പ്രത്യക്ഷപ്പെട്ടാലുടൻ ഭണ്ഡാരം സ്ഥാപിക്കണം. ആഴ്ചയിലൊരിക്കൽ 12 ആഴ്ച ഇവിടെ പ്രാർത്ഥിച്ചാൽ മനം പോലെ മംഗല്യം എന്ന് പരസ്യപ്പെടുത്തണം. ഇതെപ്പറ്റിയെല്ലാം ഇതിനകം അവർ പലവട്ടം ആലോചിച്ചു കാണും.

നിയമവിരുദ്ധമായി അനുമതി നേടുകയും നിയമലംഘനം നടത്തി നിർമ്മിക്കുകയും ചെയ്ത ഫ്ലാറ്റുകൾ കോടാനുകോടി രൂപ വാങ്ങി വിറ്റത് ചതിയും വഞ്ചനയും ഗുരുതരമായ സാമ്പത്തികക്കുറ്റവുമാണ്. ഫ്ലാറ്റ് വാങ്ങി വഞ്ചിക്കപ്പെട്ടവർ സ്വാഭാവികമായി തങ്ങളെ വഞ്ചിച്ച് പണം വാങ്ങിയ ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിരെയാണ് തിരിയേണ്ടത്. എന്നാൽ ഇവിടത്തെ സംഭവ വികാസങ്ങൾ തികച്ചും അസ്വാഭാവികമാണ്. ഫ്ലാറ്റിലെ റസിഡന്റ്സ് അസോസിയേഷനുകൾ സുപ്രീം കോടതിയ്ക്കെതിരെ സമരത്തിനുള്ള പുറപ്പാടാണ്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ കേരളത്തിൽ നടന്നു വരുന്ന “പ്രക്ഷോഭ ” നടത്തിപ്പുകാരാണ് ഇവരുടെ അഭിവന്ദ്യ ഗുരുക്കൾ. അങ്ങനെ, സാമ്പത്തിക കുറ്റവാളികളും ‘വിശ്വാസ’ യുദ്ധക്കളത്തിലിറങ്ങിക്കഴിഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാട് കൗശലക്കാർ സ്വന്തമാക്കുന്നു !!!

1. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും ശബരിമല ക്ഷേത്രത്തിൽ കേരളത്തിലെ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും വിലക്ക് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് ഹിന്ദുത്വ (RSS) പ്രവർത്തകയാണ്. സുപ്രീം കോടതി വിധിയെ RSS സ്വാഗതം ചെയ്യുകയും ചെയ്തു.

ഈ വിധിയോട് ഏതെങ്കിലും തരത്തിൽ വിയോജിപ്പുള്ള NSS ഉൾപ്പെടെയുള്ള സംഘങ്ങൾ സ്വാഭാവികമായും RSS നെതിരെയാണ് പ്രക്ഷോഭം നടത്തേണ്ടത്. പക്ഷേ, “ചെത്തുകാരൻ” ഭരണാധികാരിയായതിനെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത്. (ഈ പ്രക്ഷോഭത്തിന് നിലമൊരുക്കിയതും വിത്തിട്ടതും വളവും വെള്ളവും നൽകി പരിപോഷിപ്പിച്ചതും NSS ഓ RSS ഓ അല്ല.)

2. നിയമവിരുദ്ധമായി അനുമതി സമ്പാദിച്ച് നിയമലംഘനം നടത്തി ഹോളി ഫെയ്ത്ത് പടുത്തുയർത്തിയ ബഹുനില സമുച്ഛയങ്ങൾ ഒരു മാസത്തിനകം പൊളിച്ചുകളയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആരാണ് കോടതിയെ സമീപച്ചതെന്ന് അറിയില്ല.

നിയമലംഘനം നടത്തി നിർമ്മിച്ച ഫ്ലാറ്റുകൾ നിയമവിരുദ്ധമായും അനധികൃതമായും വിൽപന നടത്തി നിർമ്മാതാക്കൾ കോടാനു കോടി സമ്പാദിച്ചു. ഫ്ലാറ്റ് വാങ്ങിയവർ തങ്ങളെ വഞ്ചിക്കുകയും പണം അപഹരിക്കുകയും ചെയ്ത നിർമാതാക്കൾക്കെതിരെയാണ് സ്വാഭാവികമായും നിയമനടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമെങ്കിൽ മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ടതും. എന്നാൽ, ഫ്ലാറ്റ് വാങ്ങിയവർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും കേരള സർക്കാരിനുമെതിരെയാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ മുൻപിൽ ജസ്റ്റീസ് അരുൺ മിശ്രയാണ് മറ്റൊരു കുറ്റവാളി.

3. ലോകത്തിലെ വൻ സാമ്പത്തിക രാഷ്ട്രീയ ശക്തിയായ കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായ കർദിനാൾ ആലഞ്ചേരി സാമ്പത്തിക തിരിമറി നടത്തി എന്ന് കാണിക്കാൻ വേണ്ടി വ്യാജരേഖ ചമച്ച കേസിൽ എറണാകുളത്തെ പ്രമുഖ വ്യാപാരിയുടെ മകൻ ആദിത്യാ വളവിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.

ആദിത്യാ വളവിയെ അനുകൂലിക്കുന്ന വിഭാഗം സ്വാഭാവികമായും കർദ്ദിനാൾ ആലഞ്ചേരിക്കെതിരെയാണ് നീങ്ങേണ്ടത്. പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത് ആലഞ്ചേരിയുടെ അരമനയ്ക്ക് മുൻപിലും.

ആദിത്യാ വളവി വിഭാഗം ആർക്കെതിരെയാണ് നീങ്ങിയത് ? വ്യാജരേഖാ കേസിന്റെ അന്യേഷണോദ്യോഗസ്ഥനായ Dy.S.P ശ്രീ. കെ.എ. വിദ്യാധരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളെ ‘ആദിത്യാ വളവി ഹ്യൂമൻ ബിയിംഗ് ‘ എന്നെഴുതിയ പ്ലക്കാർഡ് പിടിപ്പിച്ച് മുന്നിൽ നിർത്തി പോലീസ് IG ഓഫീസിലേക്ക് ജാഥ നടത്തുകയാണ് ചെയ്തത്. ഉൽഘാടനത്തിന് C.R. നീലകണ്ഠനെ വാടകക്കെടുത്തു. ആലഞ്ചേരിയുടെ അരമനയ്ക്ക് മുന്നിൽ കുത്തിയിരിക്കേണ്ടതിന് പകരം ഹൈക്കോടതിക്ക് മുന്നിലെ വഞ്ചി സ്ക്വയറിൽ കുത്തിയിരുന്നു. (അഭയ ഹ്യൂമൺ ബിയിംഗ് എന്നെഴുതിയ ബോർഡ് കേരളത്തിൽ കണ്ടിട്ടില്ല.)