ശബരിമലയിലെ ക്രമസമാധാന പ്രശ്‌നത്തിലും നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്വം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി ഏറ്റെടുക്കാൻ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മിക്ക മുതിർന്ന ഉദ്യോഗസ്ഥരും അവധിയിൽ പോവുകയാണുണ്ടായത്. മനിതി സംഘമെത്തിയപ്പോൾ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ സ്വന്തം താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിതി സംഘം എത്തിയപ്പോള്‍ പോലീസ് ഉത്തരവാദിത്തം മറന്ന് നാറാണത്ത് ഭ്രാന്തന്‍മാരായെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസിനെതിരെ ആഞ്ഞടിച്ചത്.
സേനയില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. എന്നാല്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് സേന നിലകൊള്ളേണ്ടത്. പക്ഷേ അത് ശബരിമലയില്‍ നടപ്പിലായില്ല. വിഷയവുമായി ബന്ധപ്പെട്ട് ശബരിമല സീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല ദർശനത്തിന് ശ്രമിച്ച മനിതി സംഘത്തെ ആക്രമിക്കാൻ ഇവർക്ക് നേരെ നൂറുകണക്കിന് പ്രതിഷേധക്കാർ ഇരച്ചെത്തിയതിനെ തുടർന്ന് സംഘത്തിന് സംരക്ഷണം ഒരുക്കിയ പോലീസ് യുവതികളോട് ഓടിക്കോളാൻ പറഞ്ഞിട്ട് പോലീസുകാർ ആദ്യംതന്നെ തിരിച്ചോടുകയായിരുന്നു. ക്യാംപിലെപോലീസുകാരല്ലാതെ മുതിർന്ന പോലീസുകാർ ആരും സംരക്ഷണം ഒരുക്കാൻ എത്തിയില്ല.
ഡിസംബർ 23 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷം ഈ സംഘം പമ്പയിലെത്തുമ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പ്രതിഷേധിക്കാനുണ്ടായിരുന്നത്. അതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും അന്ന് ശ്രദ്ധേയമായിരുന്നു. എണ്ണത്തില്‍ കുറവുള്ള പോലീസ് സംഘത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലാത്ത സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. അന്നെത്തുമെന്ന് മനിതി സംഘം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അതിനാല്‍ തന്നെ സംഘര്‍ഷമുണ്ടാകുമെന്നത് നേരത്തെ തന്നെ ഉറപ്പുമുണ്ടായിരുന്നു. എന്നിട്ടും പോലീസ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താതിരിക്കുകയായിരുന്നു.
അതിരാവിലെ എത്തിയപ്പോള്‍ തന്നെ പോലീസിന് വേണമെങ്കില്‍ ഇവരെ സന്നിധാനത്ത് എത്തിക്കാമായിരുന്നു. ആ സമയത്ത് പ്രതിഷേധക്കാര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ മറികടക്കാനും പോലീസിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. എന്നാല്‍ അതിന് ശ്രമിക്കാതെ യുവതികളെ പമ്പയില്‍ കാത്തിരുത്തുകയായിരുന്നു. ആര്‍ക്ക് വേണ്ടിയാണ് പോലീസ് ഇവിടെ മണിക്കൂറുകൾ കാത്തിരുന്നത്? എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു.
സമയം കടന്നു പോകുന്തോറും പ്രതിഷേധക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതോടെ യുവതികളുമായി ശബരിമല സന്നിധാനത്തേയ്ക്ക് തിരിച്ച യുവതികള്‍ക്ക് മുന്നോട്ട് പോകാനുള്ള സാഹചര്യമില്ലാതെ വരികയായിരുന്നു. സുപ്രിംകോടതി വിധി നടപ്പാക്കുകയെന്നതായിരുന്നു പോലീസിന്റെ ലക്ഷ്യമെങ്കില്‍ പ്രതിഷേധം ശക്തമാകുന്നതിന് മുമ്പ് തന്നെ പോലീസ് ഇവരെ സന്നിധാനത്ത് എത്തിക്കുമായിരുന്നു സുപ്രീംകോടതി വിധി അട്ടിമറിക്കാൻ ശ്രമിച്ചത് കേരളാപോലീസാണ്. നിലയ്ക്കലില്‍ പോലും യുവതികളെ തടയാന്‍ ആരുമുണ്ടായില്ലെന്ന് ഓര്‍ക്കണം. പമ്പയില്‍ ഗാര്‍ഡ് റൂമിന് ശേഷമാണ് ഇവരെ തടയാന്‍ ആളുണ്ടായിരുന്നത്. കൂടാതെ മുന്‍കൂട്ടി പ്രഖ്യാപിച്ച വരവായിരുന്നിട്ടും തീരുമാനമെടുക്കാന്‍ അധികാരമുള്ള ഒരു ഉദ്യോഗസ്ഥനും ഇവിടെയുണ്ടായിരുന്നില്ലെന്നതും സംശയകരമാണ്. സ്ഥിതിഗതികള്‍ രൂക്ഷമായപ്പോഴാണ് ശബരിമലയുടെ പ്രത്യേക ചുമതലയുള്ള എസ് പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ സ്ഥലത്തെത്തിയത്തന്നെ.