Tue. Nov 24th, 2026

ആലപ്പുഴ കലവൂരിലെ കൃപാസനം തട്ടിപ്പ് കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ്. ഫാ ജോസഫ് വലിയവീട്ടിലിനെ ഞായറാഴ്ച ആലപ്പുഴയിലെ സഹൃദയ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. എന്താണ് അസുഖമെന്ന് കൃത്യമായി അറിയില്ല. പനിയാണെന്ന് പറഞ്ഞു ഒഴിയാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്.ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിലെ Room No 116 ല്‍ ആണ് ഇദ്ദേഹം അഡ്മിറ്റായിട്ടുള്ളത്. വീൽ ചെയറിൽ ആസനസ്ഥനാക്കിയാണ് സർവ്വരോഗസംഹാരിയായ പത്രത്തിന്റെ എഡിറ്ററെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹം ഇതിനുമുൻപും ഉപവാസപ്രാർത്ഥന നടത്തി കുടൽചുരുങ്ങിയതിനെത്തുടർന്ന് ശാസ്ത്രക്രിയ്യയ്ക്ക് വിധേയനായിട്ടുണ്ട്.

5000 രൂപയ്ക്ക് ഉടമ്പടി വെച്ചാൽ ലോകത്തിലെ എല്ലാ അസുഖങ്ങളും ഒരു നിമിഷംകൊണ്ട് പ്രാർത്ഥിച്ചു മാറ്റുന്ന ജോസഫ് അച്ചനെപ്പോലെയുള്ള ഒരാൾ, വെറും ഒരു പനിയായി ആശുപത്രിയിൽ പോയ നാണക്കേട് കൃപാസന ഫാൻസിനു ഇതുവരെ മനസിലായിട്ടില്ല.

ക്യാൻസർ മുതൽ പനിവരെ ഏതു അസുഖങ്ങൾക്കും: വെഞ്ചിരിച്ച ഉപ്പ് ,-വെഞ്ചിരിച്ച തേൻ, വെഞ്ചിരിച്ച കാശുരൂപം, ഉടമ്പടി തൈലം വെഞ്ചിരിച്ച കൃപാസനം പത്രം , Light a Candle നീലയും പച്ചയും എന്നിവകൊണ്ട് മാറ്റുന്ന ജോസഫ് അച്ചനാണ്.ദൈവം സ്വന്തം രൂപത്തിൽ കളിമണ്ണുകൊണ്ടുണ്ടാക്കി മൂക്കിൽകൂടി ഊതിയ ബൈബിൾ തിയറിക്ക് വിരുദ്ധമായ ശരീരശാസ്ത്രപഠനങ്ങളും കണ്ടെത്തലുകളും നടത്തിയതിന് കത്തോലിക്കാ സഭ നാടുകടത്തിയ അനാട്ടമിയുടെ പിതാവ് ദൈവനിഷേധിയായ വസേലിയസ് ആവിഷ്കരിച്ച ശരീരശാസ്ത്രം അനുസരിച്ചുള്ള ചികിത്സാ പദ്ധതി പിന്തുടരുന്ന സഹൃദയ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുന്നത് ദൈവനിഷേധമല്ലേ? പിന്നെങ്ങനെയാണ് കൃപാസനം മാതാവ് ഉടമ്പടി ലംഘിക്കാതിരിക്കുക?

അതിനിടയിൽ പിപിസുമനൻ, പ്രൊഫ. ഫ്രാൻസിസ് സേവ്യർ, എന്നിവർ നൽകിയ കേസിൽ കൃപാസനത്തിനെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ നേരത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയിരുന്ന പരാതിയിൽ ജില്ലാ കളക്‌ടറും അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടയിൽ ചേർത്തലയിൽ കൃപാസനം പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ച യുവതി ആശുപത്രിയിലായതിനെതുടര്‍ന്ന് കൃപാസനം അച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.തുടർന്ന് കൃപാസനത്തിൻറെ സൈബർ ക്വട്ടേഷൻ ഏറ്റെടുത്ത് ചില പുരോഹിതരും വെട്ടുക്കിളികളും ആദ്യം രംഗത്ത് ഇറങ്ങിയെങ്കിലും സംഗതി പന്തികേടാണെന്നു മനസിലാക്കിയ ജോസഫ് വലിയവീട്ടിൽ തൻറെ ലീഗൽ അഡ്വൈസറുടെ നിർദ്ദേശപ്രകാരം കൃപാസനം പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയി രംഗത്ത് വന്നിരുന്നു. പത്രം കഴിക്കാനോ കത്തിച്ച് ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന്, ഫാദര്‍ ജോസഫ് ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ അത് നുണയാണെന്നും പത്രം തേങ്ങാച്ചമ്മന്തിയോടൊപ്പം അരച്ച് കഞ്ഞിയോടൊപ്പവും കപ്പയോടൊപ്പവും കഴിക്കാൻ കൃപാസന വളണ്ടിയർ നിർദ്ദേശിക്കുന്ന വീഡിയോയും സാക്ഷ്യവും സോഷ്യൽമീഡിയയിലൂടെ പുറത്തു വന്നിരുന്നു.

അതിനിടെ, ചേർത്തല പട്ടണക്കാട് പരീക്ഷയില്‍ ജയിക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത സംഭവം വിവാദമായിരുന്നു. കൃപാസനം പഠിക്കുന്ന പുസ്തകത്തില്‍ സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്ന് ഒരു അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതാണ് വിവാദമായത്.

ഇപ്പോൾ സകലരോഗങ്ങൾക്കും ഒറ്റമൂലിയായി കൃപാസനം പത്രത്തിന്റെ എഡിറ്റർ പനിപിടിച്ച് ആശു പത്രിയിൽ അഡ്മിറ്റായതും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് അതിനിടെ വരുംദിവസങ്ങളിൽ വൻപ്രതിഷേധങ്ങളും കൃപാസനത്തിലേക്ക് സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ജൂലൈ 31 ന് രാവിലെ 11 മണിക്ക് കേരള യുക്തിവാദി സംഘത്തിൻറെ നേതൃത്വത്തിൽ കൃപാസനം തട്ടിപ്പുകേന്ദ്രം അടച്ചുപൂട്ടുക എന്ന ആവശ്യമുന്നയിച്ച് കലവൂർ ജംഗ്‌ഷനിൽനിന്നും കൃപാസനത്തിലേക്ക് ജനകീയ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.