✍️ ഭാസ്കരൻ നാദാപുരം
കേരളത്തില്‍ സമരോത്സുക യുക്തിവാദത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട, എക്കാലത്തെയും കരുത്തനായ പോരാളി ജോസഫ് ഇടമറുകിന്റെ ഓർമ്മദിനമാണ് ജൂൺ 29.
ഇടമറുകിനെ പുതിയ തലമുറ വേണ്ട രീതിയിൽ വിലയിരിത്തിയിട്ടുണ്ടോ എന്നതിൽ സംശയം ഉണ്ട്. ഒരു ജീവിതം തന്നെ യുക്തിവാദ പ്രസ്ഥാനത്തിനായി സമർപ്പിച്ചു. മനോരമയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ചുകൊണ്ട് യാതനകൾ നിറഞ്ഞ ഒരു ജീവിതം തിരഞ്ഞെടുത്തു. നൂറുകണക്കിന് പുസ്തകങ്ങൾ എഴുതി. നക്സൽ മുദ്ര കുത്തി ജയിലിൽ അടക്കപ്പെട്ട അദ്ദേഹം അന്വേഷണാത്മകവും സത്യസന്ധവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ്. ഇന്നത്തെ മലീമസമായ മാധ്യമരംഗത്ത് മാറ്റമാഗ്രഹിക്കുന്നവര്ക്ക് പഠനാര്‍ഹവും പകര്‍ത്താവുന്നതുമായ മാധ്യമ ജീവിതമാണ് ഇടമറുകിന്റെത്.
അവസാനശ്വാസംവരെ മതാന്ധതയ്ക്കും,ആത്മീയ ചൂഷണങ്ങള്‍ക്കും ദൈവമെന്ന കെട്ടുകഥയുമായി ബന്ധപ്പെട്ട് നടക്കുന്ന ‘ദിവ്യാത്ഭുത’തട്ടിപ്പുകളെ ശാസ്ത്രീയമായി തകര്‍ത്തെറിയാനും ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാനായ മനുഷ്യസ്നേഹിയുടെ, ദൈവനിഷേധിയുടെ അന്ത്യനിമിഷങ്ങള്‍ പോലും എല്ലാ ആത്മീയ അവകാശവാദങ്ങളുടെയും പൊള്ളത്തരം വെളിവാക്കുന്ന രീതിയില്‍ ഒരുവിധത്തിലുള്ള അസുഖങ്ങളോ,വിഷമതകളോയില്ലാതെ നീണ്ടൊരു ഉറക്കത്തിലേക്ക് വഴുതിവീഴുകയായിരുന്നു.
അവസാനമായി തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വിട്ടുനല്‍കിക്കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു മതാന്ധവാദികള്ക്കും ഭരണകൂടങ്ങള്‍ക്കും ഒരുപോലെ പേടിസ്വപ്നമായ ആ മഹാനായ യുക്തിവാദി.
ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ചരിത്രത്തെയും ശാസ്ത്രത്തെയും ചാണക യുക്തികളിലൂടെ അപഹാസ്യമാക്കിക്കൊണ്ട്, ജനാധിപത്യത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന് ഭീമാകാരമാകുമ്പോള്, പ്രതിരോധത്തിന്റെ ഊര്‍ജ്ജമാകുവാന്‍ ഇടമറുകിനെപ്പോലുള്ള ധീരമായ വ്യക്തിത്വങ്ങളുടെ ജീവിതസ്മരണകള്‍ നമുക്ക് അനിവാര്യമാണ്.

