Thursday, June 17, 2021

Latest Posts

ശാസ്ത്രീയ ഇന്ത്യൻ ചരിത്രരചനയുടെ പിതാവ് ഡി.ഡി.കൊസാംബി പഠിച്ചതും എഴുതിയതുമെല്ലാം അധ്വാനിക്കുന്നവരുടെ മോചനത്തിനായി

ജൂൺ 29: ശാസ്ത്രീയ ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്, ഡി.ഡി. കൊസാംബി (1907 – 1966).ഓർമ്മ ദിനം

ഇരുപതാം നൂറ്റാണ്ട്‌ ലോകത്തിനു സംഭാവനചെയ്ത മഹാപ്രതിഭകളിൽ അഗ്രഗണ്യനാണ്‌ ദാമോദർ ധർമ്മാനന്ദ്‌ കൊസാംബി എന്ന ചരിത്രകാരൻ. അദ്ദേഹത്തിന്റെ 53 -ാ‍ം ചരമവാർഷിക ദിനമാണ്‌ഇന്ന്. മരണാനന്തരവും അനുക്രമം വ്യാപിച്ചുവരുന്ന കൊസാംബിയുടെ വിശ്വപ്രശസ്തിക്കാധാരം പ്രാചീനചരിത്രപഠനത്തിന്‌ നൽകിയ മൗലിക സംഭാവനകൾ ആണെങ്കിലും അദ്ദേഹത്തിന്റെ ബൗദ്ധികവികാസത്തിന്റെ അന്ത്യദശയിലാണ്‌ ഈ മേഖലയിലേയ്ക്ക്‌ കൊസാംബിയുടെ ശ്രദ്ധതിരിഞ്ഞത്‌.

ഗൗതമബുദ്ധനെയും അദ്ദേഹത്തിന്റെ കാലത്തെയും സിദ്ധാന്തങ്ങളെയും കുറിച്ചുള്ള പഠനത്തിൽ ഗണ്യമായ സംഭാവന നൽകിയ പിതാവ്‌ ധർമ്മാനന്ദ കൊസാംബിയിൽ നിന്നും ചെറുപ്പംതൊട്ടേ ഭാരതീയ പൈതൃകത്തിലും ചരിത്രത്തിലും ദാമോദറിനു താൽപ്പര്യവും അറിവും ഉളവായിരുന്നുവെങ്കിലും ഒരു ഗണിതശാസ്ത്രജ്ഞൻ എന്ന നിലയിലായിരുന്നു ദാമോദറിന്റെ ആദ്യകാലപരിശീലനവും വിദ്യാഭ്യാസവും. അന്ന്‌ പോർട്ടുഗീസ്‌ കോളനിയായിരുന്ന ഗോവയിൽ ജനിച്ച ദാമോദർ ഇന്ത്യയിൽ അൽപ്പകാലം സ്കൂൾ വിദ്യാഭ്യാസം ചെയ്തശേഷം പതിനൊന്നാം വയസിൽ അച്ഛനോടൊപ്പം അമേരിക്കയിലെത്തി.

അമേരിക്കയിലെ പേരുകേട്ട ഹാർവാഡ്‌ സർവകലാശാലയോടനുബന്ധിച്ച കേംബ്രിഡ്ജ്‌ ലാറ്റിൻ സ്കൂളിൽ പഠനം പൂർത്തിയാക്കിയശേഷം അച്ഛന്റെ സർവകലാശാലയായ ഹാർവാർഡ്‌ സർവകലാശാലയിൽ നിന്നും ദാമോദർ ബിരുദമെടുത്തു. ഗണിതവും ചരിത്രവും ഭാഷകളുമായിരുന്നു വിഷയങ്ങൾ. ഈ കാലയളവിൽ ഇംഗ്ലീഷിനും ഗണിതശാസ്ത്രത്തിനും പുറമെ ഗ്രീക്ക്‌, ലാറ്റിൻ, ഫ്രഞ്ച്‌, ജർമ്മൻ തുടങ്ങിയ ഭാഷകളിലും ദാമോദർ അവഗാഹം നേടി. അച്ഛനിൽ നിന്നും പഠിച്ചുതുടങ്ങിയ സംസ്കൃതവും പാലിയും പേർഷ്യനും വേറെ. മാതൃഭാഷയായ മറാത്തിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും അടിസ്ഥാനവിശേഷവൽക്കരണം ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്കൽ തീയറിയും ജനിതകവും ആയിരുന്നു.

ഹാർവാർഡിലെ പ്രശസ്തമായ ബിരുദവുമായി 1929-ൽ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം അൽപകാലം ആദ്യം ബനാറസ്‌ ഹിന്ദു സർവകലാശാലയിലും പിന്നീട്‌ അലിഗഡ്‌ മുസ്ലിം സർവകലാശാലയിലും അധ്യാപനം നടത്തി. 1932-ൽ പൂനയിൽ സ്ഥിരതാമസമാക്കുകയും അവിടത്തെ പേരുകേട്ട ഫെർഗുസൻ കോളജിൽ ഗണിതശാസ്ത്ര പ്രൊഫസറായി പ്രവേശിക്കുകയും ചെയ്തു. 1946 വരെ അവിടെ തുടർന്നു.

ഈ പതിനാല്‌ വർഷക്കാലത്താണ്‌ ദാമോദർ ധർമ്മാനന്ദ്‌ കൊസാംബിയുടെ വിപുലവും വൈവിധ്യമാർന്നതുമായ വൈജ്ഞാനികലോകം അരികും മൂലയുമില്ലാതെ രൂപംകൊണ്ടത്‌. തന്റെ വിശേഷവൽകൃത മേഖലകളായ ഗണിതശാസ്ത്രവും സ്ഥിതിവിവരക്കണക്ക്‌ ശാസ്ത്രവും മറ്റുമേഖലകളിലേയ്ക്കും വ്യാപിച്ചു. ഉദാഹരണത്തിന്‌ ജനിതകത്തിലും മറ്റ്‌ ജീവശാസ്ത്രവിഭാഗങ്ങളിലും ഗണിതശാസ്ത്രോപാധികൾ അദ്ദേഹം പ്രയോഗിക്കാൻ തുടങ്ങി. ഗണിതശാസ്ത്രപ്രയോഗമേഖല പിന്നീട്‌ സാമൂഹ്യശാസ്ത്രങ്ങളിലേയ്ക്കും വ്യാപിക്കാൻ തുടങ്ങി. 1939-ൽ എത്തിയപ്പോഴേയ്ക്കും കൊസാംബിക്ക്‌ ഒരു സംഗതി വ്യക്തമായി: തന്റെ താൽപ്പര്യങ്ങൾ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രങ്ങളിലും ജീവശാസ്ത്രത്തിലും ഒതുങ്ങുകയില്ല.

ഒരു വിശ്രമവിനോദമെന്നപോലെ താൻ പാലിച്ചുവന്ന പ്രാചീനസാഹിത്യം, വിവിധ ഭാഷകൾ, തത്വശാസ്ത്രം മുതലായവ തന്റെ മൗലികതാൽപ്പര്യമേഖലകൾക്ക്‌ പുറത്തല്ല. അക്കാലത്ത്‌ കൊസാംബി തുടങ്ങിയ ഒരു പുതിയ മേഖല – ഇന്ത്യൻ ന്യൂമിസ്മാറ്റിക്സ്‌ അഥവാ ഭാരതീയ പ്രാചീന നാണയവിജ്ഞാനീയം – ഈ ബൗദ്ധികവ്യാപനത്തിനു സഹായകരമായി. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ഒരു ഹോബിയായിരുന്നു വിവിധ നാണയശേഖരണം. തന്റെ ശേഖരണത്തിലേയും വിവിധ കാഴ്ചബംഗ്ലാവുകളിൽ കണ്ടെത്തിയ പ്രാചീന നാണയങ്ങളും ലോഹവിജ്ഞാനീയ പരിശോധനയ്ക്കദ്ദേഹം വിഷയമാക്കി. അവയിലെ വിവിധ ലോഹക്കൂട്ടുകളുടെ അനുപാതവും ആ അനുപാതങ്ങളിലെ മാറ്റവും അവയിലെ വിലയേറിയ ലോഹങ്ങളുടെ കൂടുതൽ കുറവുകളും കാലഗണനാക്രമമനുസരിച്ച്‌ പരിശോധിച്ച്‌ ആ നാണയങ്ങളുടെ കാലഘട്ടങ്ങളിലെ രാഷ്ട്രസമ്പദ്‌വ്യവസ്ഥ അദ്ദേഹം ഗണിച്ചെടുത്തു.

ഇന്ന്‌ നാം നാണയവീർപ്പം എന്ന്‌ വ്യവഹരിച്ചുവരുന്ന പ്രതിഭാസം മൗര്യയുഗത്തിലും ഗുപ്തയുഗത്തിലും മറ്റും ഏതേതുഘട്ടങ്ങളിൽ പ്രത്യക്ഷമായി എന്ന്‌ കൊസാംബി കണ്ടുപിടിച്ചു. അതോടൊപ്പം ആ കാലഘട്ടങ്ങളിലെ സാമൂഹിക – സാമ്പത്തിക – സൈനിക – രാഷ്ട്രീയ – സാംസ്കാരിക സംഭവങ്ങളും മാറ്റങ്ങളും കൂടി വിശകലനം ചെയ്തപ്പോൾ അതുവരെ അംഗീകൃത ചരിത്രകാരന്മാരെ ഒഴിഞ്ഞുമാറിയ ഭൂതകാലത്തിന്റെ ഇരുട്ടറകൾ പലതും തന്റെ മുമ്പിൽ തുറക്കപ്പെടുകയാണെന്ന്‌ അദ്ദേഹത്തിനു ബോധ്യമായി.

അംഗീകൃത അക്കാദമീയ ചരിത്രകാരന്മാർ അംഗീകരിച്ചുവന്നതിനെക്കാൾ പ്രാധാന്യവും മുൻതൂക്കവും സാമ്പത്തികഘടകങ്ങൾക്കുണ്ട്‌ എന്നും അദ്ദേഹം കണ്ടെത്തി. സ്വാഭാവികമായും ഈ കണ്ടെത്തൽ കൊസാംബിയെ മാർക്ക്സിസത്തിന്റെ പ്രസക്തിയിലേയ്ക്കു നയിച്ചു. മാർക്ക്സും ഏംഗൽസും ജർമ്മനിയിലും ഫ്രഞ്ചിലും ഇംഗ്ലീഷിലും ധാരാളം ലാറ്റിൻ – ഗ്രീക്ക്‌ ഉദ്ധരണികളോടെയും പ്രയോഗങ്ങളോടെയും എഴുതിയവയെല്ലാം അതതു ഭാഷകളിൽത്തന്നെ അത്യാർത്തിയോടെ കൊസാംബി വായിച്ചുപഠിച്ചു.

അമേരിക്കൻ മാർക്സിസ്റ്റ്‌ ചിന്തകനും സുപ്രസിദ്ധ ഇന്തോളജിസ്റ്റുമായ ദെയിൽ റൈപ്പ്‌ ‘ശാസ്ത്രീയ ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്‌’ എന്നാണ്‌ ഡി ഡി കൊസാംബിയെ വിശേഷിപ്പിച്ചത്‌. തികച്ചും യുക്തമായ വിശേഷണംതന്നെ. ‘മിത്തും യാഥാർത്ഥ്യവും’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ കൊസാംബി എഴുതി: “ഭാരതീയ മതതത്ത്വചിന്തയുടെ പ്രാകൃതമായ വേരുകൾ സമ്മതിച്ചുകൊടുക്കാനും പ്രാകൃതമായ വിശ്വാസങ്ങൾ രാജ്യത്തിലിന്നും നിലനിൽക്കുന്നുണ്ടെന്ന വസ്തുതയെ അഭിമുഖീകരിക്കാനുമുള്ള മടി ഭാരതീയ ബുദ്ധിജീവികൾക്കുണ്ട്‌. ഇപ്പോഴും അസന്തുഷ്ടിയുളവാക്കുന്ന ഒരു ഓർമ്മയായ നീണ്ടകാലത്തെ കൊളോണിയൽ അടിച്ചമർത്തലിന്‌ വിധേയനായവന്റെ സാധാരണ പ്രതികരണം മാത്രമാണിത്‌. ആദ്യമായി പൊതുപ്രചാരത്തിൽ വന്ന കാലത്ത്‌ ഈ പ്രാകൃതാനുഷ്ഠാനങ്ങൾക്ക്‌ തികച്ചും വ്യത്യസ്തമായ ധർമ്മമാണുണ്ടായിരുന്നത്‌. ഇത്‌ മനസിലാക്കുന്നതിലുള്ള പരാജയമാണ്‌ യഥാർത്ഥ ബുദ്ധിമുട്ട്‌.”

കുടുംബ പാരമ്പര്യം, പരിശീലനം, തിരഞ്ഞെടുത്ത തൊഴിൽ മുതലായവ കൊസാംബിയെ ഒരു മസ്തിഷ്കോപജീവിയാക്കി – ഒരുതരത്തിൽ ഒരു ദന്തഗോപുരവാസി. പക്ഷേ, മാർക്ക്സിസം ഒരു മസ്തിഷ്കവ്യാപാരം മാത്രമല്ലെന്നും തത്വവും പ്രയോഗവും തമ്മിലുള്ള ഐക്യം ഇല്ലെങ്കിൽ അത്‌ നിരർത്ഥകമാവുമെന്നും കൊസാംബിക്കറിയാമായിരുന്നു. അതുകൊണ്ട്‌ തിരക്കേറിയ തന്റെ ഗവേഷണങ്ങൾക്കിടയിലും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ ഒരുരംഗം കൂടിയേ തീരു എന്നദ്ദേഹത്തിനു ബോധ്യമായി. ദന്തഗോപുര മാർക്ക്സിസം മാർക്ക്സിസമല്ലെന്നദ്ദേഹം അറിഞ്ഞു. അദ്ദേഹം തിരഞ്ഞെടുത്ത രംഗം ലോകസമാധാനപ്രസ്ഥാനവും അതിന്റെ ഇന്ത്യൻ ശാഖയുമായിരുന്നു.

ഇംഗാൾസിനെതിരായ ഒരു കത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വെയ്ഡൻസ്‌ ഗ്രന്ഥശാലയിൽ (ഹാർവാഡ്‌ സർവകലാശാല) കുറച്ചുനാൾ കഴിക്കാൻ സമാധാന പ്രസ്ഥാനത്തിലെ കർത്തവ്യങ്ങളൊഴിച്ച്‌ മേറ്റ്ന്തും ത്യജിക്കാൻ താൻ സന്നദ്ധനാണെന്ന്‌ കൊസാംബി എഴുതുകയുണ്ടായി. സമാധാന പ്രസ്ഥാനത്തിനായി ചൈനയും സോവിയറ്റ്‌ യൂണിയനും ഫ്രാൻസും ഇംഗ്ലണ്ടും ഉൾപ്പെടെ അനവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ ട്രേഡ്‌ യൂണിയൻ ചർച്ച മുതൽ സർവകലാശാല പ്രമാണിമാരുടെ സെമിനാറുകളും ശാസ്ത്രജ്ഞസമ്മേളനങ്ങളും വരെ കൊസാംബി പങ്കെടുത്ത്‌ നടത്തിയിട്ടുണ്ട്‌.

എത്ര ഗൗരവമേറിയ ഗവേഷണവും ഗ്രന്ഥരചനയും പോലും തന്റെ ബഹുജന പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവയ്ക്കാറുണ്ട്‌. പ്രശസ്തിയിലും പദവിയിലും ഉന്നതസ്ഥാനീയനും തൊഴിലിന്റെ പ്രത്യേകതകൊണ്ട്‌ ഒറ്റപ്പെട്ടവനും ആയിരുന്നുവെങ്കിലും മർദ്ദിതരോടും നിസ്വരോടും പീഡിതരോടും കൊസാംബിക്കുണ്ടായിരുന്ന ഉള്ളിൽത്തട്ടിയ ആത്മാർത്ഥതയുടെയും അനുതാപത്തിന്റെയും സാഹോദര്യത്തിന്റെയും അനേകം തെളിവുകൾ ഓർമ്മക്കുറിപ്പുകാർ രേഖപ്പെടുത്തുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.