Sun. Nov 22nd, 2026

ലിബി.സിഎസ്

‘ഇത് ഭക്തി സാഹിത്യമാണോ അതോ പുരോഗമന സാഹിത്യമാണോ എന്നെനിക്ക് നേരത്തെ തന്നെ സംശയമുണ്ട്”. അനുഭവത്തെ ആവിഷ്കരിക്കുമ്പോഴാണ് കഥയ്ക്കോ കവിതയ്‌ക്കോ ഒക്കെ ജീവനുണ്ടാകുന്നത് കേരളത്തിൻറെ സാമൂഹ്യചരിത്രത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൻറെ അന്ത്യം മുതൽ സംഭവിക്കുന്ന നവോത്ഥാന പ്രക്രിയ സാഹിത്യ ചരിത്രത്തിലും സംഭവിക്കുന്നുണ്ടല്ലോ? ആശാനായിരുന്നു അതിൻറെ തുടക്കം പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനംവരെ നിരവധി കഥകളിലും കവിതകളിലും എല്ലാം സീത കഥാപാത്രമായിട്ടുണ്ട് എങ്കിലും അതെല്ലാം നല്ല കുലസ്ത്രീയായ അനുസരണയുള്ള സീതമാരായിരുന്നു. പക്ഷെ ചിന്താവിഷ്ടയായ സീതയിലെത്തുമ്പോൾ ആശാൻ സീതയെ പിടിച്ചങ്ങ് രാമന് നേരെ തിരിച്ച് നിർത്തുന്നു “ഒരു ഇടന്തിരുപ്പത്തി” സീതയാണ് ആശാൻറെ സീത.

“പടു രാക്ഷസ ചക്രവർത്തിയെൻ ഉടൽമോഹിച്ചതെന്റെ കുറ്റമോ?”എന്ന് സീത രാമനോട് തിരിച്ചു ചോദിക്കുകയാണ്.രാമന് അഭിമാനമുണ്ടെങ്കിൽ രാമന് കുലമഹിമയുണ്ടെങ്കിൽ സീതയായ എനിക്കും അഭിമാനമുണ്ടെന്നും സ്ത്രീകൾക്കും അഭിമാനമുണ്ടെന്നും പ്രഖ്യാപിക്കുന്ന ആശാൻറെ സീത നിരവധി ചോദ്യശരങ്ങൾ രാമന് നേരെ തൊടുത്തുവിടുകയാണ്. അങ്ങനെ ആ ഇടംതിരുപ്പത്തി സീത സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും ദലിതൻറെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവർണ്ണന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വാസ്തവത്തിൽ ഇൻഡ്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഒരു അടയാളമായി മാറുകയായിരുന്നു. പിന്നീട് ചണ്ഡാലഭിക്ഷുകിയിൽ എത്തുമ്പോൾ ” നെല്ലിൻചുവട്ടിൽമുളക്കും കാട്ടു പുല്ലല്ല സാധു പുലയൻ എന്നുപ്രഖ്യാപിക്കുന്ന ഒരുപുലയൻ ഉണ്ടാകുകയും. ദുരവസ്ഥയിൽ എത്തുമ്പോൾ പുലയൻറെ കീറപ്പായയുടെ പാതിയിൽ നമ്പൂതിരി പെൺകുട്ടിയെ കിടത്തി ഉറക്കുന്നുണ്ട് ആശാൻ. അടുക്കളയിൽ നിന്ന് അരങ്ങുവരെ എത്തിയത് സാമൂഹ്യമാറ്റമായി ആഘോഷിച്ച്‌വർക്ക് പോലും അതങ്ങ് ദഹിച്ചില്ല എന്നതാണ് വാസ്തവം. അതാണ് നമ്മുടെ സാമൂഹ്യപരിവർത്തന ആഘോഷത്തിൻറെയെല്ലാം അന്നത്തെയും ഇന്നത്തെയും അവസ്ഥ. ‘അടുക്കളയിൽ നിന്നു അരുങ്ങുവരെ’ എത്തിയ നമ്പൂതിരിപെൺകുട്ടി പുലയനെ കിടക്കപ്പായയിലേക്ക് ക്ഷണിക്കുകയൂം കിടത്തി ഉറക്കുകയും ചെയ്തപ്പോൾ അന്നും പുരോഗമനന്മാർക്ക് തന്നെയാണ് ദഹിക്കാതിരുന്നത് എങ്കിലും ” ചണ്ഡാലിതൻ മെയ് ദ്വിജൻറെ ബീജേപിണ്ഡത്തിന്ന് ഊഷരമാണോ?” എന്ന വലിയ ചോദ്യം ആശാൻ ഉന്നയിക്കുന്നുണ്ട്.

ആദ്യമായി പാഠപുസ്തക വിവാദം ഉണ്ടാകുന്നതും പിൻ വലിക്കുന്നതും മതമില്ലാത്ത ജീവൻ ഉണ്ടായപ്പോൾ അല്ല.ആശാൻറെ”ദുരവസ്ഥ ” കേരള യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കിയപ്പോഴായിരുന്നു. യൂണിവേഴ്‌സിറ്റിക്ക് പുസ്തകം പിൻവലിക്കേണ്ടിവന്നു.. അനുഭവങ്ങളെ ആവിഷ്കരിക്കലാണ് കലയെങ്കിലും സാദാരണ അനുഭവങ്ങളും തീക്ഷണമായ അനുഭവങ്ങളുമുണ്ടല്ലോ ? വിജയന്മാഷ് ശാകുന്തളത്തെക്കുറിച്ച് പറയാറുള്ളതുപോലെ ശകുന്തളയുടെ കൈവിരലിൽ ദുഷ്യന്തൻ ഇട്ട മോതിരം ഊരിപ്പോകുന്നത് ഒരു അനുഭവമാണ് എങ്കിലും അതൊരു സാധാരണ അനുഭവമാണ് പകമായില്ലെങ്കിൽ ഊരിപ്പോകും എന്നത് സാധാരണമായ കാര്യമല്ലേ ?

എന്നാൽ അതിനേക്കാൾ തീക്ഷണമായ ഒരു അനുഭവമാണ് ഒരു ലോക്കപ്പ് മർദ്ദനം.നിങ്ങളെ ഏതെങ്കിലും ഒരു പിസി നാറാപിള്ള ലോക്കപ്പിൽ ഇട്ട് ഇടിക്കുന്നത്. കൊള്ളാമെന്നല്ലാതെ തിരിച്ച് ഒരിടിപോലും കൊടുക്കാൻ പറ്റില്ലല്ലോ? അങ്ങനെ ഇടികൊണ്ടാൽ എങ്ങനെയിരിക്കുമെന്ന് പൊൻകുന്നം വർക്കിക്ക് അനുഭവത്തിലൂടെ ബോധ്യമായപ്പോഴാണ് ഇടികൊണ്ടാൽ എങ്ങനെയിരിക്കുമെന്ന് കഥയിൽ എഴുതാൻ തുടങ്ങിയത്.

അതുപോലെ മനുഷ്യന് പാകമാകാത്ത മോതിരം ഊരിപ്പോകുന്നതിനേക്കാൾ തീഷ്ണമായ ഒരു അനുഭവമാണ് വിശപ്പ് എന്ന് ബോധ്യമായപ്പോഴാണ് ബഷീർ ‘വിശപ്പ്’ എന്നൊരു കഥയെഴുതിയത്. പ്രപഞ്ചത്തിൽ കുയിലുകളുടെ നാദവും അരുവിയുടെ കാളകളാരവവും മാത്രമല്ല വേറെയും ശബ്ദങ്ങൾ ഉണ്ടെന്ന് ഓർമ്മപ്പെടുത്താനാണ് ബഷീർ ” ഫിർ ..” എന്നൊരു കഥയെഴുതിയത്. ഇതിനെയൊക്കെയാണല്ലോ നമ്മൾ പുരോഗമന സാഹിത്യം എന്ന് വിളിച്ചിരുന്നത്.

എന്തായാലും ഈ വർത്തമാന കാലഘട്ടതത്തിലെ ഏറ്റവും തീക്ഷണമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള, ഇപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളായ കനക ദുർഗ്ഗയുടെ ഈ അനുഭവാവിഷ്കാരം പുരോഗമന സാഹിത്യത്തിൽ പെടുമോ അതോ ഭക്തി സാഹിത്യത്തിൽ പെടുമോയെന്ന് നിങ്ങൾതന്നെ വിലയിരുത്തുക. എന്തായാലും ഇതിനകത്ത് ഭക്തിയുണ്ടോയെന്ന് എനിക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു അതാണ് ഞാൻ ആദ്യം തന്നെ സൂചിപ്പിച്ചത്. ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്ന ഭക്തി ഇങ്ങനെയല്ല. അതേക്കുറിച്ച് കൂടുതലായി പറയാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല.അതേക്കുറിച്ച് കൂടുതലറിയാനും ഇതിലെ ഭക്തി അളന്ന്‌ തിട്ടപ്പെടുത്താനും ഞങ്ങളുടെ ആലപ്പുഴയിലെ പ്രമുഖ ഗീതാ പണ്ഡിതനോട് ചോദിച്ചാൽ മതി.

ദർശനാനന്തരം
………………………..

ദർശനാനന്തരം അയ്യനെ ഞാനെന്റെ
ആത്മസ്വത്വത്തിന്റെ നേരറിഞ്ഞു
ദർശനാനന്തരം ദേവനെ ഞാനെന്റ –
ആത്മബന്ധങ്ങൾ തൻ ബലമറിഞ്ഞു
ദർശനാനന്തരം അയ്യനെ നീയ്യെന്റ
ബന്ധുബന്ധങ്ങൾ തൻ അർത്ഥമില്ലായ്മയും
സ്നേഹശൂന്യമാംരക്തബന്ധങ്ങൾക്കൊന്നുമെ
ഹൃദയബന്ധങ്ങളോളം മൂല്യമില്ലെന്നറിയിച്ചു.

ദർശനാനന്തരം നാട്ടിൽ മുഴുവനും
പേ പിടിച്ചോടുന്നൊരസുരരെ കണ്ടു ഞാൻ
ദർശനാനന്തരം ദുഷ്ട രാഷ്ട്രീയത്തിൻ
നെറികെട്ട ശരണം വിളികളെ കേട്ടു ഞാൻ
ദർശനാനന്തരം ദേവനെ നീയ്യെന്റ
പെൺമ തൻ ഉൾക്കരുത്തേറ്റി നിറയുന്നു
തളരാത്ത നേരിന്റെ വർധിച്ചൊരൂ ക്കു മാ യി
നിലപാടുറച്ച് ഞാൻ നിൽക്കയാണിപ്പൊഴും

വീണ്ടുമീ കേരളം ഭ്രാന്താലയമെന്ന്
ദേവനെ നീയ്യിന്ന് വെളിപാട് നൽകുന്നു.
ഇന്ന് ഞാൻ സമരത്തിലാണെന്റ അയ്യനെ -നെറികെട്ട രാഷ്ട്രീയ ചിന്തകൾക്കെതിരായ്

ആചരിക്കുന്നു ഞാൻ എന്നെന്നും ഈ മണ്ണിൽ
സമത്വ സത്യങ്ങൾ തൻ നവീന മൂല്ല്യങ്ങളെ
മന്ത്രിക്കും ഞാൻ ശരണ മന്ത്രങ്ങൾ ദേവനെ
നേരാർന്ന സ്നേഹത്തിൻ കേൾക്കുന്ന പാകത്തിൽ
നന്മകൾ പുലരുവാൻ വിശ്വാസ മന്ത്രങ്ങൾ
അയ്യനെ നീയേകണെ ശാന്തമായ് മർത്ത്യരിൽ

…….കനകദുർഗ്ഗ.കെ ……..