Tue. Nov 24th, 2026

തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നു കാണിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു ഡി എഫ് സ്ഥാാര്‍ഥി രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ ഡി വൈ എസ് പിക്കാണ് പരാതി കൈമാറിയത്. തനിക്കിെതിരായ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വിജയരാഘവന്റെ പരാമര്‍ശമെന്നും പരാതി നല്‍കിയ ശേഷം രമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

പല വേദികളിലും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് കരുതികൂട്ടി നടത്തിയ ആരോപണമാണ്. താന്‍ മത്സരിക്കുന്നത് ആലത്തൂരിലാണ്. എന്നാല്‍ പൊന്നാനിയിലും കോഴിക്കോട്ടുമെല്ലാം വിജയരാഘവന്‍ ഇത്തരം ആക്ഷേപ പ്രസംഗം നടത്തിയിട്ടുണ്ട്. ഇത് ഖേദം പ്രകടിപ്പിച്ചതൊണ്ട് തീരുന്ന പ്രശ്‌നമല്ല.

വിജയരാഘവന്റെ പ്രസ്താവന സംബന്ധിച്ച് പി കെ ബിജുവിന്റെ പ്രതികരണത്തിലും ഖേദം തോന്നുന്നു. തെറ്റ് തെറ്റെന്ന് പറയാന്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ തയ്യാറാകുന്നില്ല. തന്നെക്കുറിച്ച് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ തന്റെ നാട്ടിലെ സഖാക്കളോട് ചോദിക്കാവുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്തുള്ള ഒരാളാണ് താനെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.