കെ.ടി. നിശാന്ത്
ലോകം നിയന്ത്രിക്കുന്ന ഇലുമിനാറ്റിയുടെ തലവനാണ് അബ്രഹാം ഖുറേഷി എന്ന അധോലോക നായകൻ. പതിനഞ്ചാം വയസ്സിൽ നാടുവിട്ടു പോയ എസ്സ്ത്തപ്പാൻ എന്ന “അനാഥ ബാലകൻ ” ഇരുപത്തിയെട്ടു് വർഷങ്ങൾക്കു ശേഷമാണ് ,വേദ പുത്തകത്തിലെ യേശുവിനെപ്പോലെ ദുരുഹമായ ജീവിതത്തിനു ശേഷം വീണ്ടും കേരളത്തിൽ എത്തുന്നത്.രാഷ്ട്രീയ കേരളത്തിൽ സ്റ്റീഫൻ നെടുംപള്ളി എന്നറിയപ്പെടുന്ന, അധോലോകവും അതിനൊപ്പം അനാഥാലയവും ഒക്കെ സ്വന്തമായുള്ള നന്മ മരമാണ് സ്റ്റീഫൻ. എന്തിനും പോന്ന നൂറുകണക്കിന് അനുയായികളുള്ള സ്റ്റീഫൻ പതിവു മലയാള സിനിമകളിലെപ്പോലെ തന്നെ കേരള രാഷ്ടീയത്തിലെ ആദർശവാനും, മുഖ്യമന്ത്രിയുമായ PKR ന്റെ രഹസ്യ ബന്ധത്തിലുള്ള മകനാണ്.
PKR ന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തോടെയാണ് സിനിമ തുടങ്ങുന്നത്.തുടർന്നു നടക്കുന്ന രാഷ്ട്രീയ കരുനീക്കങ്ങളും, മാഫിയ,മാധ്യമ,ഗുണ്ടാ ചേരുവകളും മലയാള സിനിമ വര്ഷങ്ങളായി കണ്ടു മടുത്ത ക്ലീഷേകളാണ്. PKR ന്റെ മകളുടെ രണ്ടാം ഭർത്താവാണ് പിന്നീട് കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്. മരുമകൻ ബോംബെ അധോലോകത്തെ മയക്കുമരുന്ന് ഏജന്റാണ്. കോടികളുടെ മരുന്നു കച്ചവടത്തിന് ഉള്ള കമ്പോളമാക്കാൻ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരുക്കുവാൻ വൻതുക പ്രതിഫലവും കമ്മീഷനും ഉറപ്പിച്ചാണ് മരുമകൻ കേരളത്തിൽ എത്തുന്നത്. എല്ലാ ഗുണ്ടകൾക്കും ഉള്ള ഗ്ലാമറും, വഞ്ചനയും, ക്രൂരതയും ഒക്കെയുള്ള ഒരു ക്ലീഷേ കഥാപാത്രമാണ് ഈ മരുമകനും.
പല മോഹൻലാൽ സിനിമകളിലെപ്പോലെ തന്നെ നൻമ്മ മരമാണ് സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം. അത്തരം സിനിമകളിലെ പല സീനുകളും അതേപടി പകർത്തി വച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേരിൽ മാത്രമാണ് കലാഭവൻ ഷാജോൺ, സായ്കുമാർ എന്നിവരുടെ കഥാപാത്രങ്ങൾക്കുള്ള ഏക വ്യത്യാസം. ചതിച്ചും, വഞ്ചിച്ചും, കുതുകാൽ വെട്ടിയും, പരസ്പരം ഒറ്റിക്കൊടുത്തുമൊക്കെയുള്ള രാഷ്ട്രീയക്കളി പലപ്പോഴും, തമിഴ്നാട്, ആന്ധ്രാ രാഷ്ട്രീയം പോലെ അതിശയോക്തികരമായി തോന്നിപ്പോകുകയും ചെയ്യും. വിദേശത്തു നിന്ന് എത്തുന്ന PKR ന്റെ ഇളയ മകനെ രാഷ്ട്രീയ ഭരണം ഏൽപ്പിച്ച ശേഷം പഴയ അധോലോകമായ റഷ്യയിലേക്ക് ” ഏട്ടൻ” മടങ്ങിപ്പോകുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഇതിനിടയിൽ പത്തിലേറെ കൊലപാതകങ്ങളും, ഏട്ടന്റെ സംഘട്ടനങ്ങളും, വെടിവയ്പ്പും, ബോംബേറും, ഐറ്റം ഡാൻസും മുറയ്ക്ക് മുറയ്ക്ക് എത്തും..
മൂന്ന് മണിക്കൂർ ഉള്ള സിനിമയിൽ ഏട്ടന്റെ ഫാൻസിനു മാത്രം ഇഷ്ടപ്പെട്ടേക്കാവുന്ന മാസ്സ് സീനുകളും ഡയലോഗ്കളും കൊണ്ടും നിറച്ചിടുണ്ട്. മോഹലാൽ ഫാൻസിനൊപ്പം തന്നെ ഫാൻസുകളുള്ള ന്യൂ ജൻ നായക കഥാപാത്രങ്ങളായ പ്രിഥ്വിരാജിനും, ടൊവിനോയ്ക്ക് പ്രാധാന്യം നൽകുക വഴി മലയാള സിനിമയിലെ ജനകീയതയ്ക്ക് പകരം ഫാൻസുകളൾക്ക് ഇഷ്ടപ്പെടുംവിധം ഫാന്റസികൾ കുത്തിനിറച്ച, ഓരോ സീനിലും കണ്ടു മടുത്ത ക്ലീഷേകൾ മാത്രം നിറയുന്ന കച്ചവട സിനിമ എന്ന നിലയിൽ ലൂസിഫർ സൂപ്പർ ഹിറ്റാവും. ഫാൻസ് ഫാന്റസി എന്ന നിലയ്ക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒരു ആവറേജ് സിനിമ എന്നതൊഴിച്ച്, നിർമ്മാണത്തിലോ, സാങ്കേതികതികവിലോ, കഥയിലോ, കഥാപാത്രങ്ങളിലോ, തിരക്കഥയിലോ, സംവിധാനത്തിലോ ഒന്നും യാതൊരു പുതുമയും ഇല്ലാത്ത ചിത്രമാണ് ലൂസിഫർ.