വനിതാ മതിലിന് ബദലായി അയ്യപ്പജ്യോതി എന്നപേരിൽ ശബരിമല കർമസമിതി സംഘടിപ്പിച്ച ശൂദ്ര ആർത്ത ജ്യോതിയിൽ ബി.ഡി.ജെ.എസ് നേതാക്കൾ വിട്ടുനിന്നു.തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കൾ പരിപാടിയില് പങ്കെടുത്തില്ല. എന്നാൽ പരിപാടിയിൽ പങ്കെടുക്കരുതെന്നോ പങ്കെടുക്കണമെന്നോ പ്രവർത്തകരോട് നിർദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ സമുദായ അംഗങ്ങൾ മുഴുവൻ പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനി ആരെങ്കിലും അയ്യപ്പജ്യോതിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പജ്യോതിയുടെ കാര്യം ഇന്നലെ ഉച്ചയോടെ മാത്രമാണ് അറിയിച്ചതെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ന്യായീകരിച്ചു.
നേരത്തെ തീരുമാനിച്ച വേറെ ജോലികൾ ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് കൂടിയാലോചനകൾക്ക് സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തത്. എൻ.ഡി.എ സംഘടിപ്പിച്ച പരിപാടികൾ ആയതിനാലാണ് നേരത്തെ ശബരിമല വിഷയത്തിലെ സമരങ്ങളിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഴുവൻ സമുദായ അംഗങ്ങളെയും വനിതാ മതിലിൽ പങ്കെടുപ്പിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ പ്രവർത്തിക്കുന്നുണ്ട്. കഴിയാവുന്നത്രയും ആളുകളെ വനിതാ മതിലിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗത്തിന്റെ ശക്തി എന്താണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. യോഗത്തിന്റെ 111 യൂണിയനുകളും ഏഴായിരത്തോളം ശാഖകളും വനിതാ മതിലിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. പരിപാടിയിൽ ലക്ഷക്കണക്കിന് പേരെ അണിനിരത്തും. ലോകത്ത് ഇതുവരെ കാണാത്ത രീതിയിലുള്ള പരിപാടി ആയിരിക്കും സംഘടിപ്പിക്കുക. ഭ്രാന്താലയമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കിയത് ശ്രീനാരായണ ഗുരുവിന്റെയും മറ്റ് നവോത്ഥാന നായകരുടെയും നേതൃത്വത്തിലാണ്. എന്നാൽ ഇപ്പോൾ ഇത് നശിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിലവിലുള്ള നവോത്ഥാന മൂല്യങ്ങളെ എങ്കിലും സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
