Mon. Nov 23rd, 2026

നിരീശ്വരവാദി ആയിരുന്ന നെഹ്‌റു ഇങ്ങനെ എഴുതിവെച്ചിരുന്നു ‘എൻറെ ചിതാഭസ്മത്തിൽ ഒരു പിടി ഗംഗയിൽ ഒഴുക്കണം ബാക്കി ഇൻഡ്യയിലെ കർഷകർ അദ്ധ്വാനിക്കുന്ന പാടങ്ങളിൽ വിതറണം. അത് ഇൻഡ്യയുടെ മണ്ണും പൊടിയുമായി തീരട്ടെ’ എന്ന്.അതനുസരിച്ച് അദ്ദേഹത്തിൻറെ ചിതാഭസ്മം ഹെലികോപ്റ്ററിൽ ഇൻഡ്യയിലെ പാടങ്ങളിൽ വിതറി. ഇന്ന് ശാസ്ത്രബോധം വളർത്തേണ്ട സർക്കാർതന്നെ തമിഴൻറെയും തെലുങ്കൻറെയും കീശലക്ഷ്യമാക്കി വിളക്കും പടക്കവും കൊണ്ട് മകരജ്യോതി തട്ടിപ്പും അദ്ദേഹത്തിൻറെ പാർട്ടി തന്നെ ലോകത്തിൻറെ മുന്നിൽ കേരളത്തെ നാണംകെടുത്തുന്ന ആർത്തവലഹളക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുമ്പോൾ നെഹ്‌റുവിന്റെ ഓർമ്മകൾക്ക് പ്രസക്തിയേറുകയാണ്.

രാഷ്ട്രത്തിന്റെ ആദ്യപ്രധാനമന്ത്രി എന്ന് നിലയില്‍ മാത്രമല്ല ജവഹര്‍ലാല്‍ നെഹ്റു കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു പനിനീര്‍പ്പൂവിന്റെ സ്നേഹസൗരഭ്യത്തോടെ കുട്ടികളെ സ്നേഹിച്ച നേതാവെന്ന നിലയിലാണ്. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ഓര്‍മിപ്പിച്ചിരുന്നു ചാച്ചാജി. തിരക്കുപിടിച്ച ജീവിതവേളയിലും കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറായ ജവഹര്‍ലാല്‍ നെഹ്റു ഇക്കാര്യത്തില്‍ മാതൃകയാണ്.കുട്ടികളുടെ കൂട്ടുകാരന്‍1889 നവംബര്‍ 14നാണ് ജവഹര്‍ലാല്‍ നെഹ്റു ജനിച്ചത്. വീട്ടിലെ “വിലയേറിയ രത്നം’ എന്ന നിലക്കാണ് ജവഹര്‍ എന്ന പേര് ആ ബാലന് ലഭിച്ചത്.

കുട്ടികളോട് കളിച്ചും ചിരിച്ചും സംസാരിച്ചും സമയം ചെലവഴിക്കാന്‍ നെഹ്റുവിന് ഇഷ്ടമായിരുന്നു. പൂക്കളെയും കുഞ്ഞുങ്ങളെയും വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തതുകൊണ്ട് കുട്ടികള്‍ അദ്ദേഹത്തെ “ചാച്ചാ നെഹ്റു’ എന്നു വിളിച്ചു. ഇന്ത്യയില്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. പാവപ്പെട്ട ജനവിഭാഗത്തെ ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് നെഹ്റു വഹിച്ച പങ്ക് വിലപ്പെട്ടതാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായപ്പോള്‍ പഞ്ചവത്സര പദ്ധതികളുടെ ആസൂത്രണത്തിലൂടെ ഇന്ത്യക്കാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തി.

ചേരി ചേരാനയം

സ്വാതന്ത്ര്യാനന്തര ഇന്ത്യ രൂപം കൊണ്ടപ്പോള്‍ ലോക രാജ്യങ്ങള്‍ രണ്ട് ചേരികളിലായിരുന്നു. ഈ ചേരികളില്‍ പങ്കുചേരാതെ സ്വതന്ത്ര ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ ചാച്ചാജി മുഖ്യ പങ്ക് വഹിച്ചു. യൂഗോസ്ലാവിയന്‍ നേതാവ് മാര്‍ഷന്‍ ടിറ്റോയോടും ഈജിപ്തിലെ ഗമാന്‍ അബ്ദുള്‍ നാസറിനൊപ്പവും ചേര്‍ന്നാണ് ലോകരാഷ്ട്രങ്ങളുടെ മൂന്നാംചേരിയായി ചേരിചേരാ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. “സമാധാനപരമായ സഹവര്‍ത്തിത്വം’ എന്ന ആശയം പ്രസ്ഥാനത്തിന്റെയും ഇന്ത്യയുടെ വിദേശനയത്തിലെയും മുഖമുദ്രയാക്കി.

നെഹ്റു എന്ന എഴുത്തുകാരന്‍

എഴുത്തുകാരനെന്ന നിലയില്‍ ശ്രദ്ധേയ രചനകള്‍ നടത്തിയ ആളാണ് നെഹ്റു. രാഷ്ടീയത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഉല്‍പന്നങ്ങളായിരുന്നു അവയില്‍ ഏറെയും. ജയിലില്‍വെച്ചാണ് ഏറെ രചനകളും നിര്‍വഹിച്ചത്. ആദ്യ കൃതി സോവിയറ്റ് റഷ്യ 1937 നവംബറില്‍ അദ്ദേഹം നടത്തിയ റഷ്യാ സന്ദര്‍ശനത്തിന്റെ വിവരണമായിരുന്നു. രണ്ടാമത്തെ പുസ്തകം “ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുക’ളാണ്. 1930നും 1944നും ഇടയിലുള്ള ജയില്‍ വാസകാലത്താണ് ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്റി (ലോകചരിത്രാവലോകനം), ഓട്ടോബയോഗ്രഫി (ആത്മകഥ) ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍) എന്നീ പ്രധാന രചനകള്‍ നിര്‍വഹിച്ചത്. 1936ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച ഓട്ടോബയോഗ്രഫി ആ വര്‍ഷം പത്ത് തവണ പുനഃപ്രസിദ്ധീകരിച്ചു. ഇന്ത്യ ഇന്നും നാളെയും എന്ന കൃതി അവസാന കൃതിയായി കരുതുന്നു. ഇന്ത്യയുടെ കഴിഞ്ഞ കാലം ഒരു ചലച്ചിത്രത്തിലെന്നപോലെ വിവരിക്കുന്ന “ഇന്ത്യയെ കണ്ടെത്തല്‍’ വായനക്കാരില്‍ ഉള്‍ക്കാഴ്ച വികസിപ്പിക്കും. ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു ഈ വിഖ്യാത ഗ്രന്ഥത്തില്‍.

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

പത്ത് വയസ് പ്രായമുള്ള മകള്‍ ഇന്ദിരാ പ്രിയദര്‍ശിനിക്ക് നെഹ്റു അയച്ച കത്തുകളാണ് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവര്‍ത്തിക്കാനും പുസ്തകം പ്രേരകമാവുമെന്ന് ആമുഖത്തില്‍ ചാച്ചാജി വിവരിക്കുന്നു. മുപ്പത്തിയൊന്ന് അധ്യായങ്ങളിലായി ലോകത്തില്‍ ഏത് കുട്ടിക്കും വായനയ്ക്ക് ഉതകുന്ന കത്തുകള്‍ എഴുതിയ നെഹ്റുവിന്റെ കരവിരുത് ഈ പുസ്തകം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. കഥകളിലൂടെയും സംഭവങ്ങളിലൂടെയും പരന്ന വായനയുടെയും പിന്‍ബലത്തില്‍ അതത് വിഷയങ്ങളില്‍ ആധികാരികമായ വിവരങ്ങള്‍ ലഭിക്കുന്ന വിധത്തിലാണ് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ തയ്യാറാക്കിയിരിക്കുന്നത്.പ്രകൃതിയെന്ന പാഠപുസ്തകത്തില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ പഠിക്കാന്‍ ആദ്യ അധ്യായങ്ങള്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു. ഭൂമിയുടെ ഉത്ഭവം, ആദ്യമുണ്ടായ ജീവികള്‍ എന്നിവയെല്ലാം ആധികാരികമായ വായനയ്ക്ക് സഹായകമായ രീതിയില്‍ കത്തുകളിലൂടെ നമുക്ക് വായിക്കാം.

കുട്ടികള്‍ ചിരിക്കുന്ന ലോകം

ഒരു ശിശുദിനംകൂടി കടന്നുവരുമ്പോള്‍ നമ്മെക്കുറിച്ച് മാത്രമല്ല, നമുക്കുചുറ്റുമുള്ള കൂട്ടുകാരെക്കുറിച്ചുകൂടി ആലോചിക്കണം. നിങ്ങള്‍ക്ക് അച്ഛനമ്മമാരുടെ തണലില്‍ ഏതാണ്ട് എല്ലാ സൗകര്യങ്ങളോടെയും പഠിക്കാനും കളിക്കാനുമാകുന്നുണ്ട്. ശിശുദിനത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടത്താനും മധുരപലഹാരങ്ങള്‍ നല്‍കാനും കഴിയുന്നു. ഉത്സവസമാനമായ ഈ കാഴ്ചകള്‍ക്കപ്പുറം അനാഥബാല്യങ്ങളുടെ നിറംമങ്ങിയ ലോകവുമുണ്ടെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം. വൃത്തികെട്ട ചേരികളിലും അപകടസാധ്യതയേറിയ വ്യവസായശാലകളിലും “മരിച്ചുജീവിക്കുന്ന’ ബാല്യത്തിന്റെ ദൈന്യതകള്‍ എന്നാണവസാനിക്കുക? വര്‍ഷംതോറും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ ഇതും സാധാരണ കാഴ്ചയായി മാറുകയാണോ?