Tue. Nov 24th, 2026

ആത്മീയ വിശ്വാസത്തിന്റെ പേരിൽ രാവിലെ കഴുത്തിൽ കയറിട്ട്, ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിർത്തിയവർ തന്നെ വൈകുന്നേരത്തെ ചാനൽ ചർച്ചയിൽ തികച്ചും ഭൗതികവാദികളും ജനാധിപത്യാ- രാഷട്രീയാദർശവാദികളുമായി മാറുന്നതും ഞങ്ങൾ വിശ്വാസികൾ എന്നത് മാറി “അവര് വിവരവും വിദ്യാഭ്യാസവുമില്ലാത്ത മലയരയായി ” അപമാനിക്കപ്പെടുന്നതും നിമിഷ വേഗത്തിൽ ഹിന്ദു ഫോൾഡിൽ നിന്ന് വിഭജിക്കപ്പെടുന്നതും കാണാം.

സതി അങ്കമാലി

ശബരിമല സ്ത്രീ പ്രവേശനവിധി എന്നത് നാളെ സമഗ്രമായ സാമൂഹ്യപരിവർത്തനത്തിന് സാധ്യമായേക്കാവുന്ന നിരവധിഘടകങ്ങൾ ഉൾച്ചേർന്നതാണ് എന്ന് അംഗികരിക്കുകയും രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ തന്നെ. ഇന്ത്യൻ സാമൂഹ്യക്രമത്തിൽ ഉൾചേർന്നിട്ടുള്ള ജാതിഅധികാര ബന്ധങ്ങൾ ഏതെല്ലാം വിധത്തിലാണ് ദലിത് – ആദിവാസിവിഭാഗങ്ങളെ ബാധിക്കുന്നത് എന്ന ചോദ്യത്തെ അഭിമുഖികരിച്ചുകൊണ്ട്‌ മാത്രമേ എനിക്കു ഇതിലേക്ക് കടക്കാനാവു.

സമൂഹത്തിലെ ഏറ്റവും അധികാര നില കുറഞ്ഞവരും പീഡിതരും അസംഘടിതരുമായ ഒരു കൂട്ടം മനുഷ്യരെ ഒരു ദിവസത്തെ തൊഴിലുറപ്പു കൂലിക്കോ അല്ലെങ്കിൽ പത്ത്കിലോ അരിക്കോ ,കഴുത്തിൽ കയറിട്ട് നിർത്താനും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് നിർത്താനും കേരളത്തിലെ ഏത് മത-രാഷ്ട്രീയശക്തികൾക്കും വളരെയെളുപ്പം സാധ്യമാവുന്ന വിധത്തിൽ ഒരു വിഭാഗം ഇവിടെയുണ്ട്. അത് ദലിത് ആദിവാസി സ്ത്രീകൾ മാത്രമാണ് എന്ന അടിസ്ഥാന യാഥാർത്ഥ്യത്തെ മുൻനിർത്തികൊണ്ടല്ലാതെ എനിക്ക് തുല്യപൗരത്വത്തെ കുറിച്ച് ചിന്തിക്കാനാവുന്നില്ല.

ആത്മീയ വിശ്വാസത്തിന്റെ പേരിൽ രാവിലെ കഴുത്തിൽ കയറിട്ട് ,ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിർത്തിയവർ തന്നെ വൈകുന്നേരത്തെ ചാനൽചർച്ചയിൽ തികച്ചും ഭൗതികവാദികളും ജനാധിപത്യാ- രാഷട്രീയാദർശവാദികളുമായി മാറുന്നതും ഞങ്ങൾ വിശ്വാസികൾ എന്നത് മാറി “അവര് വിവരവും വിദ്യാഭ്യാസവുമില്ലാത്ത മലയരയായി ” അപമാനിക്കപ്പെടുന്നതും നിമിഷ വേഗത്തിൽ ഹിന്ദു ഫോൾഡിൽ നിന്ന് വിഭജിക്കപ്പെടുന്നതും കാണാം.

എന്നാൽ അപമാനിക്കപ്പെട്ടവരോ ,അപമാനിക്കുന്നത്കേട്ടിരുന്നവിശ്വാസിസമൂഹമോ ,വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് കരുതുന്ന പൊതുസ്ത്രീസമൂഹമോ, ഏതെങ്കിലും മത-രാഷ്ട്രീയസംഘടനകളോ പാർട്ടികളോ , ഇതിനെതിരെ ശബ്ദമുയർത്തിയോ ??

ആത്മഹത്യാപ്രേരണ കുറ്റത്തിന് രാഹുൽഈശ്വറിനോ, അല്ലെങ്കിൽ തന്ത്രി കുടുംബത്തിലെ ആർക്കെങ്കിലുമെതിരെ കേസ്സെടുത്തോ? മനുഷ്യാവകാശ കമ്മീഷൻ, വനിതകമ്മിഷൻ, പട്ടികജാതി /വർഗ്ഗ കമ്മിഷൻ ഇതെല്ലാം ഇവിടുണ്ടല്ലോ ??

ഇല്ല എന്നു തന്നെയാണ് ഉത്തരമെങ്കിൽ ഇവിടെ വിശ്വാസവും മതവുമല്ല പ്രശ്നം ജാതിയാണ്.
ദലിത് ആദിവാസികൾക്ക് മേലുള്ള ഏതുതരം അതിക്രമങ്ങളെയും സ്വാഭാവികം എന്നു കരുതാവുന്ന തരത്തിലേക്ക് സമൂഹം നോർമ്മലൈസ് ” ചെയ്യപ്പെട്ടതിൽ ജാതി വലിയൊരുപാധിയാണ്.

മറ്റു സാമൂഹ്യവിഭാഗങ്ങളിലെ സ്ത്രീകളെ സംബന്ധിച്ച് ഇത് തുല്യതയുടെ മാത്രം പ്രശനമാവുമ്പോൾ
ദലിത് /ആദിവാസിസ്ത്രീകൾക്ക് ഇത് ജാതിയുടെ, നിറത്തിന്റെ, ഭൂമിയുടെ, സമ്പത്തിന്റെ അധികാരത്തിന്റെയും കൂടി പ്രശ്നമായേ നോക്കി കാണാനാവു.സാമൂഹികവും ,രാഷട്രീയവുമായ നിരവധി പ്രശ്നങ്ങളെ ചിന്തിക്കാനും വിശകലനം ചെയ്യാനും ഈ ഉത്തരവ് മൂലം സാധ്യമാവണം എന്നാണാഗ്രിക്കുന്നത്.