Fri. Nov 20th, 2026

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകൾ വീണ്ടും തുറക്കുന്നു. വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരം കെ.എസ്.ഇ.ബി തീരുമാനിക്കും. മുൻകരുതലിന്റെ ഭാഗമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ വൈകുന്നേരം നാല് മണിയോടെ തുറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം അണക്കെട്ട് തുറന്നാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. രണ്ട് ദിവസത്തെ മഴയും നീരൊഴുക്കും നിരീക്ഷിക്കും.

അതേസമയം, കോഴിക്കോട് കക്കയം അണക്കെട്ടും പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട്, പമ്പ, മൂഴിയാർ അണക്കെട്ടുകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പ തീരത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തത്കാലത്തേക്ക് പമ്പയിലെ നിർമാണം നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആവശ്യമായ സമയങ്ങളിൽ അണക്കെട്ട് തുറക്കുന്നതിന് മുൻപ് എക്സിക്യൂട്ടീവ് എൻജിനീയർമാർ മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് തീരുമാനം. ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബിയും അണക്കെട്ടുകളിലേക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, അണക്കെട്ടിലെ ദീർഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ജലം നിയന്ത്രിക്കാനുള്ള രൂപരേഖ തയ്യാറാക്കും. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള എല്ലാ അണക്കെട്ടുകളും പരമാവധി സംഭരണ ശേഷിക്കടുത്തായതിനാൽ ഇവ മുൻകൂട്ടി തുറന്നുവിടാൻ ആവശ്യമായ നിർദേശം നൽകണം എന്ന് കേന്ദ്ര ജല കമ്മിഷനോട് ആവശ്യപ്പെടും. ഷോളയാർ അണക്കെട്ടിലെ ജലനിരപ്പ് ആവശ്യത്തിന് കുറച്ച് നിർത്തുവാനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വേലിയേറ്റം, വേലിയിറക്കം എന്നിവ കൂടി പരിഗണിച്ചായിരിക്കും അണക്കെട്ടുകൾ തുറക്കുക.

കെ.എസ്.ഇ.ബിയുടെയും, ജലവിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയർ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടൽ മേഖലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മൈക്കിലൂടെയും റേഡിയോ വഴിയും മുന്നറിയിപ്പ് നൽകും.