ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടിയും. പരിഹാസ രൂപേണ തന്റെ ഫേസ്ബുക്ക് പേജിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം.കാനന ക്ഷേത്രം കാനനശോഭയോടെ, നിലനിൽക്കണമെന്നും ആരും – ആണും പെണ്ണും -അങ്ങോട്ടു പോകരുത് എന്നുമാണ് തൻറെ വ്യക്തിപരമായ അഭിപ്രായം എന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കിൽ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്.. കാട്ടാനകളും കരിമ്പുലികളും കടുവാ പടയണികളും മണിനാഗങ്ങളും തിരുനട കാക്കുന്ന കാനനക്ഷേത്രമായി അവിടം നിലകൊള്ളണം.
കാടും മേടും കാട്ടാറുകളും കാനനവീഥികളും മലിനപ്പെടുത്തിയതിത്ര കാലവും പെണ്ണുങ്ങളല്ല. അതു കൊണ്ടു തന്നെ
‘കേറി വരിനെടീ മക്കളേ’ എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാൻ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കും.. കാരണം സ്വാമിക്കറിയാം ആൺവീടായാലും ആൺകാടായാലും അത് വിരസവും അരസികവും അകാല്പനികവും മാലിന്യ ജടിലവുമാണെന്ന്.
കാനന ക്ഷേത്രം കാനനശോഭയോടെ, നിലനിൽക്കണമെന്നും ആരും – ആണും പെണ്ണും -അങ്ങോട്ടു പോകരുത് എന്നുമാണ് വ്യക്തിപരമായ അഭിപ്രായം.