Mon. Nov 23rd, 2026

ഹരിത തമ്പിയുടെ വിവാഹ നിശ്ചയത്തിന് ഹാളിൽ ഇന്റീരിയർ ചെയ്തവർ സ്റ്റേജിൽ വെച്ച നിറപറയുടെയും നിലവിളക്കിൻറെയും പേരിൽ യുക്തിമതക്കാരുടെ ആചാരാനുഷ്ടാനങ്ങൾ ലംഘിക്കുകയും അന്യമതസ്ഥരുടെ നിറപറയും നിലവിളക്കും സ്റ്റേജിൽ വയ്ക്കുകയും ചെയ്ത ഹരിത തമ്പിയെ യുക്തിമതത്തിൽ നിന്ന് മഹറോൻ ചൊല്ലി പുറത്താക്കി.മറ്റു മതപരമായ ആചാരങ്ങളൊന്നും വിവാഹ നിശ്ചയ ചടങ്ങിന് ഇല്ലായിരുന്നെങ്കിലും യുക്തി മതക്കാർക്ക് ഹറാമായ നിറപറയും നിലവിളക്കും വെച്ചതിൻറെ പേരിൽ പൊതുവെ സ്ത്രീ വിരുദ്ധരായ യദാർത്ഥ രക്ഷിക്കപ്പെട്ട യുക്തിമതക്കാർ ഫേസ്ബുക്കിലും വാട്സാപ്പിലും മത്സരിച്ച് പോസ്റ്റിട്ട് വിമർശനവുമായി രംഗത്ത് വന്നതോടെ യുക്തിമതക്കാരുടെ പ്രത്യേക സൂനഹദോസ് ചേർന്ന് ഹരിതയുടെ യുക്തിവാദി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ രാഷ്ട്രീയബോധമില്ലാത്ത കേവല നിരീശ്വരവാദത്തെ പ്രോപ്പഗേറ്റ് ചെയ്യുന്ന കാമ്പയ്നെ വിമർശിച്ചപ്പോൾ എന്റെ യുക്തിവാദ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തവർ തന്നെ ദേ വീണ്ടും സർട്ടിഫിക്കറ്റ് റദ്ദാക്കുന്നു ഇത് എത്ര തവണ ഇങ്ങനെ റദ്ദാക്കും ഹേ..? എന്ന് യുക്തിമതക്കാരെ വീണ്ടും അവഹേളിക്കുകയും കല്യാണത്തിന് അൽപ്പം കൂടി വിടർന്ന പൂങ്കുലയും വലിയ നിലവിളക്കും വേണം എന്നു ഇപ്പോഴേ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് എന്നാണ് ആ യുക്തിമത നിന്ദക പ്രതികരിച്ചത്.ഞാൻ പേറുന്ന രാഷ്ട്രീയ ധാരണകൾക്ക് വിരുദ്ധമായ ഒന്നും തന്നെ ആ പറയിലോ നിലവിളക്കിലോ ഇല്ല.പുരുഷാധിപത്യ പ്രതിഫലനങ്ങൾ പേറുന്ന താലിയോ കുങ്കുമമോ അണിയുവാൻ തയ്യാറാവില്ല എന്നു അറുത്തു മുറിച്ചു പറയുന്നത്,അത് തീർത്തും ഒപ്രസ്സിവ് ആയ സിംബലുകൾ അണിയുവാൻ എനിക്കും അവനും താല്പര്യം ഇല്ലാത്തത് കൊണ്ടാണ്. അല്ലാതെ ഒരു centrist യുക്തൻ ഏമാനേയും ബോധിപ്പിക്കാൻ അല്ല എന്നും ഹരിത കൂട്ടിച്ചേർത്തു.

ഹരിതയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഓൺലൈനിൽ ആക്റ്റീവ് ആകുന്നത് 2015 തുടക്കങ്ങളോടെയാണ്. അതായത് കോളേജിൽ നിന്നും ഇറങ്ങി ചെറിയ ജോലികൾ ഒക്കെ ചെയ്തു തുടങ്ങുന്ന കാലത്ത്. അന്ന് ആകെപ്പാടെ ഉണ്ടായിരുന്നത് തലക്ക് പിടിച്ച നിരീശ്വരവാദമാണ്. സ്വാഭാവികമായും എത്തിച്ചേർന്നത് നിരീശ്വരവാദികളുടെ ഓൺലൈൻ കൂട്ടായ്മകളിലേക്കാണ്. ഞാനാകുന്ന ‘പൊളിറ്റിക്കൽ ആനിമൽ’ നിയതമല്ലാത്ത ആകൃതിയും രൂപവും ആവാഹിച്ചു തുടങ്ങുന്നതിന്റെ ആദ്യപടിയായിരുന്നു ഈ ഓൺലൈൻ നിരീശ്വരവാദ സർക്കിളുകൾ.

ആ കാലഘട്ടത്തിലെ എന്നെ ഏറ്റവും രൂക്ഷമായി വിമർശിക്കുന്നത് ഞാൻ തന്നെയാണ്. വിശ്വാസികളുമായുള്ള മല്ലയുദ്ധമാണ് യുക്തിവാദ പ്രവർത്തനം എന്നുള്ള ധാരണയിൽ ‘ഇസ്ലാമോഫോബിക്’ ആയുള്ള ട്രോളുകൾ തൊടുത്തു വിടൽ തുടങ്ങി ഏതാനും മാസങ്ങൾക്ക് മുൻപ് പങ്കെടുത്ത ‘മതം ഉപേക്ഷിക്കൂ മനുഷ്യൻ ആവൂ’ കാമ്പയ്നിൽ പങ്കെടുത്തത് വരെ രാഷ്ട്രീയപരമായ പക്വതയില്ലായ്മയായി മാത്രമേ കണക്കാക്കുന്നുള്ളൂ..

അഥവാ..വിശ്വാസികളുമായുള്ള Wrestling match ൽ ഏർപ്പെടുക എന്നാതാണ് യുക്തിവാദ പ്രവർത്തനം എന്നു ധരിച്ചു വെച്ചിടത്തു നിന്നും , ഫെമിനിസവും മാനവികതയിലൂന്നിയ മറ്റു സമത്വവാദങ്ങളും ശാസ്‌ത്ര അവബോധവും വളർത്തുക ചൂഷണങ്ങൾക്ക് എതിരെ പ്രതികരിക്കുക എന്നിവയിലൂന്നിയ വിദ്യാഭ്യാസ പ്രവർത്തനമാണ് യുക്തിവാദ പ്രവർത്തനം എന്നുള്ള ധാരണകളിലേക്ക് ഉള്ള യാത്ര.

ഏറ്റവും തമാശ അതല്ല. ‘ മതം ഉപേക്ഷിക്കൂ മനുഷ്യൻ ആവൂ ‘ എന്ന രാഷ്ട്രീയബോധമില്ലാത്ത കേവല നിരീശ്വരവാദത്തെ പ്രോപ്പഗേറ്റ് ചെയ്യുന്ന കാമ്പയ്നെ വിമർശിച്ചപ്പോൾ എന്റെ യുക്തിവാദ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തവർ തന്നെ ദേ വീണ്ടും സർട്ടിഫിക്കറ്റ് റദ്ദാക്കുന്നു ഇത് എത്ര തവണ ഇങ്ങനെ റദ്ദാക്കും ഹേ..?

വർത്തമാനകാലത്ത് മുസ്ലിം , ദളിത് വിഭാഗങ്ങൾ കേവലം അവരുടെ ഐഡന്റിറ്റികളുടെ പേരിൽ മാത്രം അരുംകൊല ചെയ്യപ്പെടുമ്പോൾ മതം ഉപേക്ഷിക്കുന്നതിലൂടെ മനുഷ്യൻ ആയി തീരൂ എന്നുള്ള ആഹ്വാനങ്ങൾ ഉയർത്തുന്നതിനോട് എപ്പോഴെങ്കിലും യോജിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. വിശ്വാസികളെ അന്യവത്കരിച്ചുകൊണ്ട് സ്വയം ബൗദ്ധിക മേൽക്കോയ്മ അവകാശപ്പെട്ടു പ്രളയങ്ങളിലും ദുരന്തങ്ങളും പോലും insensitive കളിയാക്കലുകൾ തൊടുത്തു വിടുന്ന,സംവരണ വിരുദ്ധത സ്റ്റേജുകൾ തോറും സംസാരിക്കുന്ന,സ്ത്രീ വിരുദ്ധത മുഖമുദ്രയാക്കിയ കേവല നിരീശ്വരവാദികളിൽ ഞാനില്ല എന്നുള്ളത് എന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. അതുകൊണ്ട് എന്റെ യുക്തിവാദി സർട്ടിഫിക്കറ്റ് റദ്ദാക്കികളയും എന്നും മറ്റും ഉമ്മാക്കി കാണിച്ചു പേടിപ്പിക്കുന്നവരോട് പോയി പണിനോക്കാൻ മാത്രം പറയാനുള്ളു.

എന്റെ വിവാഹനിശ്ചയത്തിന് സ്റ്റേജിൽ ഇരുന്ന ആ പൂക്കുലയും നിലവിളക്കും എന്റെ സ്വന്തം ഇഷ്ടമാണെന്ന് തന്നെ കരുതികൊള്ളൂ.. പുടവയൊക്കെ ഉടുത്തുകെട്ടിയതിന് ശേഷം, സ്വയം ഒറ്റക്ക് താങ്ങിപ്പിടിച്ചു ഞാൻ തന്നെ സ്റ്റേജിൽ കൊണ്ടുവന്നു വെച്ചതാണ് ആ പറയും നിലവിളക്കും എന്നുവരെ വേണേൽ എഴുതി ഒപ്പിട്ടു അങ്ങു തരാം.. കാരണം ഞാൻ പേറുന്ന രാഷ്ട്രീയ ധാരണകൾക്ക് വിരുദ്ധമായ ഒന്നും തന്നെ ആ പറയിലോ നിലവിളക്കിലോ ഇല്ല…

പുരുഷാധിപത്യ പ്രതിഫലനങ്ങൾ പേറുന്ന താലിയോ കുങ്കുമമോ അണിയുവാൻ തയ്യാറാവില്ല എന്നു അറുത്തു മുറിച്ചു പറയുന്നത്,അത് തീർത്തും ഒപ്രസ്സിവ് ആയ സിംബലുകൾ അണിയുവാൻ എനിക്കും അവനും താല്പര്യം ഇല്ലാത്തത് കൊണ്ടാണ്. അല്ലാതെ ഒരു centrist യുക്തൻ ഏമാനേയും ബോധിപ്പിക്കാൻ അല്ല..

പ്രത്യേകിച്ചു മറുപടിയൊന്നും എഴുതേണ്ടതില്ല,തൊടുത്തു വിടുന്ന ആരോപണങ്ങൾ സ്വയം സംസാരിക്കും എന്നുള്ളതായിരുന്നു ഇതുവരെയുള്ള നിലപാട്. എന്തെങ്കിലും മറുപടി നൽകുവാൻ മാത്രമുള്ള ഡിബേറ്റബിൾ ആയ യാതൊരു വാദങ്ങളും ആരും ഉയർത്തുന്നത് കണ്ടിട്ടുമില്ല.

ഫെമിനിസ്റ്റ് വിരുദ്ധരും , centrist യുക്തന്മാരും , പലവിധ സിനിമാ നടൻമാരുടെ ഫാൻസും,സംഘികളും ഒക്കെ എല്ലാവരും കൂടി പൊങ്കാല അടുപ്പുകൾക്ക് ഒരുമയോടെ വിറക് കൂട്ടുന്നത് അൽപ്പം കൗതുകത്തോടെ നോക്കി കാണുകയായിരുന്നു. ആഹാ..! എന്തൊരു ഒത്തൊരുമ. എത്രമാത്രം ആഴത്തിൽ ഇവർ ഓരോരുത്തരുടെയും കുരുക്കൾ പിൻകാലത് പൊട്ടിയമർന്നു കാണണം.

പക്ഷെ.. ഇതിന്റെ ഇടയിൽ കൂടി കൊറേ ആരോപണങ്ങളും നുണകഥകളും തിരുകി കയറ്റുന്നവരെ കണ്ടപ്പോൾ ഒരു മറുപടി എഴുതേണ്ടത് വളരെ അത്യാവശ്യം ആണെന്ന് തോന്നി

1. ഏതാനും മാസങ്ങൾ മുൻപുള്ള ഒരു ഫേസ്ബുക് പോസ്റ്റ് പൊക്കി പിടിച്ചാണ് പ്രധാന ആക്രമണം.

ഇപ്പറഞ്ഞതിൽ നിന്നും അണുകിട പിന്നോട്ട് പോകാൻ ഇപ്പോഴും തയ്യാറല്ല. സ്ത്രീധനം,തൊലിനിറം, ജാതി , വയസ്സ് ഇവക്കെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ട് വിവാഹം ചെയ്യുകയും അതെല്ലാം വീട്ടുകാരുടെ പേരും പറഞ്ഞു ന്യായീകരിക്കുകയും ചെയ്യുന്നതിനെ ഇനിയും എതിർക്കുവാൻ തന്നെയാണ് ഉദ്ദേശം. ഇതേ ഫേസ്ബുക് പോസ്റ്റ് ഇടുവാൻ കാരണം തന്നെ വയസ്സ് കൂടുതൽ ഉള്ള സ്ത്രീയും വയസ്സ് കുറഞ്ഞ പുരുഷനും തമ്മിൽ ഉള്ള വിവാഹം പ്രക്റ്റികാലിയെ പറ്റി പറഞ്ഞുകൊണ്ട് എതിർക്കുന്നവരോട് ഒരു ചർച്ചയിൽ ഏർപ്പെട്ടത്തിനെ തുടർന്നാണ്. അസമത്വങ്ങളുടെ കണ്ണീരിന്റെ ഒരുപാട് കഥകൾ പറയാനുണ്ട് ഈ സ്ത്രീധന സമ്പ്രദായത്തിന്. സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ കറുപ്പിന്റെ സ്ഥാനം എന്നും പടിക്ക് പുറത്താണ്.തൊലി നിരത്തിന്മേൽ തൂങ്ങിയാടുന്ന വിവേചനങ്ങളുടെ നേർക്കാഴ്ചകൾ ചുറ്റും ഒന്നു കണ്ണോടിച്ചാൽ കാണാൻ കഴിയും. വയസ്സും പണവും ജാതിയും കാരണം വിവാഹങ്ങളിൽ നിന്നും പിന്മാറുകയും പിന്നീട് വീട്ടുകാരുടെ പേരിൽ ന്യായീകരിക്കുകയും ചെയ്യുന്നതിനെ നല്ലയിനം പുളിവാറൽ കൊണ്ടു തീർത്ത മൂർച്ചയെറിയ വാക്കുകൾ കൊണ്ട് തന്നെ ആഴത്തിൽ മുറിപ്പെടുത്തും. പോരാൻ നേരം അൽപ്പം ഉപ്പ് കൂടി തേച്ചിട്ട് പൊരുകയുള്ളൂ.

2. ആരുടേയെല്ലാമോ സ്വകാര്യതകളിൽ ഞാൻ കയറി അഭിപ്രായങ്ങൾ പറഞ്ഞു, karma is a bitch , കൊടുത്തത് തിരിച്ചു കിട്ടി.. ആരെയൊക്കെയോ ഞാൻ ഓഡിറ്റ് ചെയ്തു കൊലപാതകം നടത്തി,എന്നിങ്ങനെ നീളുന്ന ആരോപണങ്ങൾ.

ആരുടെ വ്യക്തിജീവിതത്തിൽ ആണ് ഞാൻ ഇതുവരെ ഇടപെട്ട് അഭിപ്രായം പറഞ്ഞിട്ടുള്ളത് എന്നൊന്ന് ഇവിടം വരെ വന്നു പറയുവാൻ ആരോപണ കമ്മറ്റിക്ക് കനിവുണ്ടാകണം.

ഈ വിഷയത്തിൽ ഏറ്റവും റീച് കിട്ടിയ ഒരു പോസ്റ്റിലെ ചില വരികൾ ഞാൻ ഇവിടെ quote ചെയ്യാം “” \\ പക്ഷെ ജീവിതത്തിന്റെ വലിയൊരു പങ്കും വല്ലവന്റെ ആസനത്തിൽ ടോർച്ചും കത്തിച്ചു പിടിച്ചിരുന്നു അവൻ അവകാശപ്പെടാത്ത അവന്റെ ജാതി അന്വേഷിച്ചു സത്വവും അച്ഛന്റെ പേരിലെ ജാതിവാലും തിരഞ്ഞു പിടിച്ച് സവർണ്ണ , ബ്രാഹ്മിണിക്കൽ ഹിജാമണി ചാപ്പ അടിച്ച് അധിക്ഷേപിച്ച് സ്വയം എന്തോ സംഭവമാണ് എന്ന് എസ്ടാബ്ലിഷ്‌ ചെയ്യുന്നവർക്ക് തിരിച്ചു കിട്ടുന്ന സ്വാഭാവിക സാമൂഹിക പ്രതികരണം മാത്രമാണത് \\\ “

ഉപയോഗിക്കാവുന്നതിൽ ഏറ്റവും നികൃഷ്ടമായ ഭാഷ ഉപയോഗിച്ചുകൊണ്ട് ശ്രീ മുരുകൻ പഴനിമല എന്ന വ്യക്തി ഞാൻ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ നിരന്തരമായി ഇടപെടുന്നു എന്നു ആരോപിക്കുകയാണ്. “ജീവിതത്തിൽ വലിയപങ്കും ” എന്നതാണ് ഈ വ്യക്തി ഉപയോഗിച്ചിരിക്കുന്ന ഫ്രെയിസ്, അതിനാൽ തന്നെ ഒരു പത്തു പതിനഞ്ചു കേസെങ്കിലും പുള്ളിക്ക് അറിവ് ഉണ്ടാകാണാമല്ലോ.. ഒരെണ്ണം.. കേവലം ഒരെണ്ണം ഇവിടെ വന്നു പറയണം എന്നു അഭ്യർത്ഥിക്കുന്നു.. ആർക്കാണ് ബ്രഹ്മണിക്കൽ ഹിജമണി ചാപ്പ അടിച്ചു കൊടുത്തിട്ടുള്ളത് ആരുടെ ആസനത്തിലാണ് ഞാൻ ടോർച്ച് അടിച്ചിട്ടുള്ളത്.

3. രാജഭരണം എന്ന അനീതി പൂർണ്ണമായും തൂത്തെറിഞ്ഞുകൊണ്ട് നീതിയുടെ നൂലുകളിൽ നെയ്തെടുത്തതാണ് ജനാധിപത്യ വ്യവസ്ഥിതി. അതിനുമപ്പുറം ഭൂരിഭാഗം ജനങ്ങളുടെ അധ്വാനം ചൂഷണം ചെയ്തുകൊണ്ട് അവർക്ക് അധിപരായി വാണിരുന്നവരെ അധികാര സ്ഥാനങ്ങളിൽ നിന്നും പിഴുതെറിഞ്ഞുകൊണ്ട് ആ സ്ഥാനത്തു ജനങ്ങൾ ജനങ്ങളാൽ ഭരിക്കപ്പെടുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം.ഈ കാലഘട്ടത്തിലും രാജഭക്തി പ്രകടിപ്പിക്കുന്നതിൽ പത്രങ്ങളും ചാനലുകളും പരസ്പരം മത്സരിക്കുന്നത് കാണാം.അതിനെ വല്ലാത്ത അശ്ളീലം ആയി മാത്രമേ എനിക്ക് കാണുവാൻ കഴിയുന്നുള്ളൂ.ജനതകളെ ചൂഷണം ചെയ്തു വാണിരുന്നവർക്ക് വീണ്ടും ആഡ്യത്വത്തിന്റെ ചെങ്കോൽ വീണ്ടും നൽകുന്നത് സാമൂഹിക അസമത്വങ്ങൾക്ക് കുടപിടിക്കലാണ്.

ആദിവാസികൾ രാജാവിന് കാണിക്ക സമർപ്പിച്ചു നിലത്തിരിക്കുന്ന ചിത്രം എല്ലാ ഓണക്കാലത്തും പത്ര താളുകളിൽ ഒന്നാം സ്ഥാനം പിടിക്കാറുണ്ട്. രാജാവ് മരിച്ചാൽ തീപ്പെട്ടു എന്നു എഴുതുന്നതിൽ യാതൊരു ഉളുപ്പും ഈ പത്രങ്ങൾ കാണിക്കാറില്ല. അതിനാൽ തന്നെ വലിയ പ്രാധാന്യത്തോടെ ചടങ്ങുകൾ വിശദമായി റിപ്പോർട്ട് ചെയ്തതിനെ പറ്റി ആവോളം പരിഹസിച്ചു ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും ഇതിനെ പറ്റിയൊക്കെ എഴുതും. അവർ ആചാരങ്ങൾ നടത്തുന്നതും മുണ്ട് പൊക്കി ചാടുന്നതും ഒന്നും എന്റെ വിഷയം അല്ല..

പൊതു സമൂഹത്തിൽ എല്ലാവരും വായിക്കുന്ന പത്രങ്ങളിൽ അന്താരാഷ്ട്ര പ്രധാന്യത്തിൽ ഇത്തരം ചീഞ്ഞ ഭൂതകാല അനീതികൾ പേറുന്ന വാർത്തകൾ വന്നാൽ ഇനിയും ഉപയോഗിക്കാവുന്നതിൽ ഏറ്റവും മൂർച്ചയെറിയ വാക്കുകളിൽ വിമർശിക്കും പരിഹസിക്കുകയും ചെയ്യും.

പറഞ്ഞു വന്നത് ഇത്രയേയുള്ളൂ…എന്റെയും ഹരിയുടെയും കല്യാണ നിശ്ചയത്തിന് സ്റ്റേജിൽ ഇരുന്ന പറയുടെയും നിറപറയുടെയും പേരും പറഞ്ഞു എന്റെ വായടപ്പിക്കാൻ പറ്റും എന്നുള്ള വല്ല ധാരണയും ഉണ്ടെങ്കിൽ അതിനുള്ള വെള്ളം വാങ്ങി വെച്ചേക്ക്..

ടാർഗറ്റെഡ് ആയ ഓരോ ആക്രമണങ്ങൾ നേരിടുമ്പോഴും ഞാൻ ഉൾക്കൊള്ളുന്ന പാഠങ്ങൾ ഒരുപാട് ഉണ്ട്. ഇത്തവണ മനസിലാക്കുന്നത് ഞാൻ ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നത് എന്നതാണ്. എതിർപക്ഷത്തു നിൽക്കുന്നത് ആര് അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾ എന്ത് എന്നുള്ളത് മനസിലാക്കാൻ കഴിയുന്നതോടെ അതെനിക്ക് പൂർണ്ണമായും ബോധ്യപ്പെട്ടു

ഓൺലൈനായി കണ്ടുമുട്ടിയത് ആണെങ്കിലും ഹൃദയത്തോട് ഒരുപാട് ചേർത്തു നിർത്തുന്ന കൂട്ടുകാരെ പലരെയും ആദ്യമായി നേരിട്ട് കണ്ടത് പോലും engagement function നു വേണ്ടി വന്നപ്പോഴാണ്.പിറ്റേ ദിവസം രാവിലെ ദുബായ് പോകുവാൻ നിൽക്കുന്ന ഒരു സുഹൃത്തു ഒരുപാട് ദൂരെ നിന്നും വന്നതും.. തലേന്ന് രാത്രി വരെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു ഒത്തിരി ദൂരം സഞ്ചരിച്ചു വന്നവരും എല്ലാം ഉണ്ട്. ഒരുപാടൊരുപാട് മനസ്സ് നിറച്ചിട്ടാണ് ഇവർ ഓരോരുത്തരും വന്നു പോയത്. കസിൻസും പുതിയ ബന്ധുക്കളും എല്ലാം ചേർന്നു ഒരു ഉത്സവം തന്നെ കഴിഞ്ഞു പോയ ഫീൽ ഉണ്ട്. അതിന്റെ ഇടയിൽ ഓൺലൈനിൽ ഇരുന്ന് എന്നെ അങ്ങു തീർത്തു കളഞ്ഞു എന്ന മട്ടിൽ ആക്രമണം അഴിച്ചു വിടുന്നത് ഒരു തരിമ്പു പോലും ഏശിയിട്ടില്ല. തക്കം പാർത്തു ആരോപണ കൂമ്പാരം അഴിച്ചിടുന്നവർക്ക് ഒരു മറുപടി കൊടുത്തു എന്നുമാത്രം.

എന്തായാലും കല്യാണത്തിന് അൽപ്പം കൂടി വിടർന്ന പൂങ്കുലയും വലിയ നിലവിളക്കും വേണം എന്നു ഇപ്പോഴേ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.