Sat. Nov 21st, 2026

താജുദീൻ പൊതിയിൽ

രാജേട്ടന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തു മന്ത്രി ബാലന്‍ അദ്ദേഹത്തിനെ പറ്റി നല്ലത് പറഞ്ഞതില്‍ എനിക്ക് ഒരു അപാകതയും തോന്നുന്നില്ല. കിര്‍മാണി മനോജിന്റെ വിവാഹത്തിൽ പങ്കെടുക്കുമ്പോള്‍ താന്‍‍ ടീ പിയെ കൊന്നത് ശരിയായില്ല എന്ന് ആരെങ്കിലും പറയുമോ? എല്ലാ വ്യക്തികളിലും ചില നന്മകള്‍ കാണും. ഇത്തരം അവസരങ്ങളില്‍ നല്ലത് പറയുക. അതാണ്‌ സുജന മര്യാദ. ഇത്ര മാത്രമേ മന്ത്രി ബാലനും ചെയ്തുള്ളൂ.

എന്നെ മോഡിജിയുടെ ജന്മദിനത്തിന് ക്ഷണിച്ചാല്‍ “2002ല്‍ താങ്കള്‍ ചെയ്തത് ശരിയായില്ല” എന്ന് പറയില്ല. എല്ലാ വ്യക്തികളിലും ചില നല്ല കാര്യങ്ങള്‍ കാണും. അത് കൊണ്ട് ഞാന്‍ പറയും “ങ്ങളെ താടി ഉസാറായിരിക്കുന്നു. നല്ല ഈമാനുള്ള താടി” എന്നിട്ട് മനസ്സില്‍ പറയും. ബാക്കി വൈകീട്ട് ഫേസ്ബുക്കില്‍.

രാജേട്ടന്‍ സൌമ്യനാണ് എന്നത് ശരി തന്നെയല്ലേ? അപൂര്‍വ്വമായി മാത്രം വര്‍ഗീയത പറയുന്നയാളാണ് രാജേട്ടന്‍. അടുത്ത കാലത്തൊന്നും അദ്ദേഹം ഒരു വര്‍ഗീയ പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ല. കാന്തഹാരിലോട്ടു വിമാനം രാഞ്ചിയവര്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ മദനിയുമുണ്ട് എന്ന് അദ്ദേഹം പറഞ്ഞത് വളരെ സൌമ്യമായിട്ടാണ്. അന്ന് മദനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സമയമായിരുന്നു.

ഗുജറാത്ത് കലാപം നടക്കുമ്പോള്‍ രാജേട്ടന്‍ കേന്ദ്ര മന്ത്രി. ശേഷം തിരുവനന്തപുരത്തു വിമാനമിറങ്ങിയ രാജെട്ടനോട് പത്രക്കാര്‍ കലാപത്തെ പറ്റി ചോദിക്കുന്നു. രാജേട്ടന്‍ സൌമ്യമായി പറഞ്ഞു “മുഗളന്മാരും ടിപ്പുവും നിരവധി ഹിന്ദുക്കളെ കൊന്നു, ബലാല്‍സംഗം ചെയ്തു, ക്ഷേത്രങ്ങള്‍ തകര്‍ത്തു. എത്ര നാള്‍ എന്ന് വെച്ചാണ് ഹിന്ദുക്കള്‍ ഇതെല്ലാം സഹിച്ചു അടങ്ങിയിരിക്കുക? ഒരു തിരിച്ചടി ഒരിക്കല്‍ എങ്കിലും ഉണ്ടാവുന്നത് സ്വാഭാവികമല്ലേ?” എന്നാണു.

അതായത് മധ്യകാലത്തെ മുസ്ലിം പേരുള്ള രാജാക്കന്മാര്‍ ചെയ്ത (അല്ലെങ്കിലും ചെയ്തു എന്ന് സംഘികള്‍ പറയുന്ന) തോന്നിവാസങ്ങള്‍ കാരണം അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത നബീസയെയും ഫാത്തിമയെയും കൂട്ട ബലാല്‍ സംഗം ചെയ്തു ചുട്ടു കൊല്ലുന്നതില്‍ ഒട്ടും അപാകതയില്ല എന്ന്.

അതെ സമയം മറ്റു പരിവാര്‍ നേതാക്കള്‍ രാജേട്ടനെ പോലെ സൌമ്യരുമല്ല. സുരേന്ദ്രന്‍ എല്ലാം വര്‍ഗീയത പറയുന്നത് ഒട്ടും മയമില്ലാതെയാണ്. ബിന്‍ ലാദന്റെ പേരില്‍ മലപ്പുറത്തും കോഴിക്കോട്ടും ചിക്കന്‍ കടകളും ബാര്‍ബര്‍ ഷോപ്പുമുണ്ട് എന്ന് സുരേന്ദ്രന്‍ പറഞ്ഞത് പരുഷമായാണ്.‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കുട്ടികളെ യത്തീം ഖാനയില്‍ കൊണ്ട് വന്നു ഭക്ഷണം നല്‍കി തടി വെപ്പിച്ചു ഭീകരര്‍ക്ക്‌ വില്‍ക്കുന്നു എന്ന് മുരളീധരന്‍ പറഞ്ഞത് ശബ്ദമുയര്‍ത്തിയാണ്. ഹാദിയയെ സന്ദര്‍ശിച്ചു കുമ്മനം ശബ്ദമുയര്‍ത്തി പറഞ്ഞത് “ഞങ്ങളുടെ പെണ്‍കുട്ടികളെ സിറിയയിലോട്ട് ലൈംഗിക അടിമകളായി അയക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. കേരള മുസ്ലിംകള്‍ വേണമെങ്കില്‍ കുഞ്ഞാലികുട്ടിയുടെ പെണ്മക്കളെ ലൈംഗിക അടിമകളായി അയക്കട്ടെ” എന്നാണു. ഹാദിയയെ ആ പയ്യന്‍ വിവാഹം കഴിച്ചത് സിറിയയിലോട്ട് അയക്കാനാണ് എന്ന കാര്യത്തില്‍ മേഘാലയ ഗവര്‍ണര്‍ക്ക് ഒരു സംശയവുമില്ലായിരുന്നു. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ രാജേട്ടന്‍ സൌമ്യന്‍ തന്നെയല്ലേ?