ഡിവൈ എഫ് ഐ പെൺകുട്ടികൾക്ക് ഇത് പീഡന കാലം. എം.എൽ.എ ഹോസ്റ്റലിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഇരിങ്ങാലക്കുട കാട്ടൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് ജീവൻലാലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്ത്. ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു പെൺകുട്ടിക്കും ജീവൻലാലിൽ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി. താൻ സഹോദരനെ പോലെ കരുതിയ ആളിൽ നിന്ന് വിചാരിക്കാത്ത തരത്തിലുണ്ടായ പെരുമാറ്റം തന്നെ ഞെട്ടിച്ചുവെന്നും യുവതി പറഞ്ഞു.
യുവതിയുടെ വാക്കുകൾ: മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ജീവൻലാലാണ് തിരുവനന്തപുരത്തുള്ള കോച്ചിംഗ് സെന്ററിനെ കുറിച്ച് പറഞ്ഞത്. എം.എൽ.എ.യുടെ പി.എ.യുടെ മകൾ അവിടെയാണ് പഠിക്കുന്നതെന്നും പ്രവേശനം അദ്ദേഹം ശരിയാക്കിത്തരുമെന്നും ഉറപ്പ് നൽകി. ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലംമുതലേ തനിക്ക് ജീവൻലാലിനെ അറിയാം. ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടെന്ന് ജീവൻലാൽ പറഞ്ഞിരുന്നു. അങ്ങനെ ജൂലായ് ഒമ്പതിന് രാത്രി തിരുവനന്തപുരത്തെത്തി.
അന്ന് എം.എൽ.എ. ഹോസ്റ്റലിൽ താമസിച്ചു. കാര്യങ്ങൾ ശരിയാക്കി പിറ്റേന്നുതന്നെ തിരിച്ചു പോകണമെന്നാണ് കരുതിത്. എന്നാൽ കഴിഞ്ഞില്ല. ജീവൻലാലിന് എന്തൊക്കെയോ പേപ്പറുകൾ ശരിയാക്കാനുണ്ടെന്ന് പറഞ്ഞു. അതിനാൽ അന്നു തിരികെ വന്നില്ല. ഒരു ദിവസംകൂടി തങ്ങി. ആ രണ്ട് ദിവസവും ഇയാളെക്കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. 11ന് രാവിലെ തിരികെ പോകാൻ ബാഗെടുക്കുമ്പോൾ മുറിയിലെത്തിയ ജീവൻലാൽ വാതിൽ പൂട്ടി. തന്നെ കിടക്കയിൽ തള്ളിയിടാൻ ശ്രമിച്ചു. ഞാൻ ശബ്ദമുണ്ടാക്കി ഓടി മാറാൻ തുടങ്ങിയപ്പോൾ എന്റെ വായ് പൊത്തിപ്പിടിച്ചു. ഞാൻ ചെറുത്തതോടെ അയാൾ പിന്മാറി. പിന്നീട് മാപ്പ് പറഞ്ഞ് കരഞ്ഞു.
ഞാൻ തകർന്നുപോയി. കുറേ കരഞ്ഞു. സഹോദരനെപ്പോലെ കരുതിയ ആൾ വിചാരിക്കാത്ത തരത്തിൽ പെരുമാറിയത് ഞെട്ടിച്ചു. എനിക്ക് എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നായി. തിരിച്ചുള്ള യാത്രയിൽ ആർക്കും സംശയം തോന്നരുതെന്ന രീതിയിൽ ശ്രദ്ധിച്ചാണ് അയാൾ പെരുമാറിയത്. ഞാൻ വീട്ടിലെത്തി സംഭവിച്ചതെല്ലാം പറയുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി.

ജീവൻലാലിനെപ്പറ്റി പിന്നീടാണ് താൻ കൂടുതൽ കാര്യങ്ങൾ അറിഞ്ഞതെന്നും യുവതി പറഞ്ഞു. ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു പെൺകുട്ടിക്കും ഇയാളിൽനിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. ആ കുട്ടിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ആ കുട്ടിയിൽനിന്നാണ് സി.പി.എം. ലോക്കൽ കമ്മിറ്റിയിലേക്കും ഏരിയാ കമ്മിറ്റിയിലേക്കും കാര്യങ്ങൾ എത്തിയത്.
ജീവൻലാലിന്റെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐ.യിലുണ്ട്. പുറത്തുപറഞ്ഞാൽ പാർട്ടിക്കു പ്രശ്നമാണെന്ന് അവർ തന്നോട് പറഞ്ഞിരുന്നു. സി.പി.എം. കുടുംബം എന്ന നിലയിൽ പാർട്ടിക്കുള്ളിൽതന്നെ പ്രശ്നം പരിഹരിക്കാമെന്നാണ് കരുതിയത്. വിഷയം സൂചിപ്പിച്ച ആരോടോഅവർ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ലല്ലോ എന്ന് ജീവൻലാലിന്റെ ബന്ധു പറഞ്ഞതായി അറിഞ്ഞു. അങ്ങനെയാണ് ലോക്കൽ കമ്മിറ്റിയിൽ ഞങ്ങൾ രേഖാമൂലം പരാതി കൊടുത്തതെന്നും യുവതി വെളിപ്പെടുത്തി.
ഏരിയാ കമ്മിറ്റി ചേർന്ന് ജീവൻലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീടും ജീവൻലാലിനെ പല പരിപാടികളിലും കണ്ടു. ഇതോടെയാണ് നിയമവഴി തേടിയത്. സെപ്തംബർ മൂന്നിന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ക്ക് പരാതി നൽകി. ഇതിനിടെ തന്നെയും കുടുംബത്തെയും കുറിച്ച് സമൂഹത്തിൽ മോശമായി അപവാദങ്ങൾ പറഞ്ഞുപരത്തുകയും ചെയ്തുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.