പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്,ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ)
ഡൽഹിയിൽ നിന്ന് നാല് മണിക്കൂർ വേണ്ടിവന്നു ഉത്തർപ്രദേശിലെ മീററ്റിൽ എത്തിച്ചേരാൻ. ചിതറിക്കിടക്കുന്ന ചിരപുരാതനങ്ങളായ തുരുമ്പിച്ച സൈക്കിൾ റിക്ഷകളും പ്രാകൃതമായ സിറ്റി ബസ്സുകളും സ്വകാര്യ ചതുർ വാഹനങ്ങളും കോലാഹലമുണ്ടാക്കിയ ആ അന്തരീക്ഷത്തിലെ ധൂളിപ്രസരത്തെ വകഞ്ഞു മാറ്റികൊണ്ടുള്ള ഒരു ഞെരിഞ്ഞമർന്ന യാത്രയായിരുന്നു.ഡൽഹിയിൽ നിന്ന് മീററ്റിലേയ്ക്കുള്ള ഒരു ദീർഘദൂര പാതയുടെ പണികൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.
വൃഷ്ടിപ്രദേശങ്ങൾ നഷ്ടപെട്ട ഒരു ഉത്തരേന്ത്യൻ പട്ടണമായ മീററ്റ് അതിന്റെ രൂക്ഷമായ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും തികച്ചും വന്യമായി കാണപ്പെട്ടു. നിർവികാരമായ മുഖഭാവമുള്ള മനുഷ്യർ അശാന്തരായി നടക്കുന്നുണ്ട്. തോക്കുകൾ തോളിൽ തൂക്കി നടക്കുന്ന പൊലീസുകാരെ കണ്ടു. ഹിംസാത്മകതയും അനിശ്ചിതത്വവും ജീവിതത്തിന്റെ സാമൂഹ്യ തലത്തിലേയ്ക്ക് ഇറഞ്ഞി ചെന്ന കാഴ്ചകൾ. തോക്കുധാരികൾ പ്രകടമായ സൗഹൃദരാഹിത്യത്തോടെ കടകൾ അടപ്പിക്കുന്നത് കണ്ടു. മുഖ്യമന്ത്രി ആദിത്യ നാഥിന്റെ അടുത്ത ദിവസത്തെ വരവ് പ്രമാണിച്ചു നടത്തുന്ന മുന്നൊരുക്കത്തിന്റെ ഭാഗമായാണത്രെ നിർബന്ധമായ കടയടപ്പും വിപുലമായ പോലീസ് വിന്ന്യാസവും.

പിറ്റേ ദിവസം മീററ്റിലെ ഒരു യൂണിവേഴ്സിറ്റി അധ്യാപകനുമായുള്ള കൂടികാഴ്ചയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാറിൽ ആ ഊഷര അന്തരീക്ഷത്തിലൂടെയുള്ള യാത്രയിൽ കണ്ടത് ദുരിതങ്ങളുടെയും ജീർണതയുടെയും ദൃശ്യങ്ങളാണ്. വിയർപ്പും പൊടിയും പുരണ്ട മനുഷ്യ ദേഹങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. അവർ ഉദാസീനരാണ്. പൊടിപിടിച്ച ആ അന്തരീക്ഷത്തിൽ നിറയെ പഴങ്ങളും തുണികളും നിരത്തിവെച്ചിരിക്കുന്നു. നഗ്നരായ തെരുവ് കൂട്ടികൾ വിശന്ന് കരയുന്നുണ്ട്. ആ തെരുവ് മനുഷ്യരുടെ ചേഷ്ടകളിൽ ശ്രദ്ധിച്ചു് നിശബ്ദനായി ഇരിക്കുന്ന എന്നോട് ആ പ്രൊഫസർ കൗതുകത്തോടെ ചോദിച്ചു: “നിങ്ങൾക്ക് ഈ കാഴ്ചകളെല്ലാം പുതിയ അനുഭവമാണോ ?
ഞാൻ പറഞ്ഞു :”ഒരിക്കലും അല്ല. ഉത്തരേന്ത്യയിലേ പല സ്ഥലങ്ങളിലെയും കാഴ്ച്ചകൾ ഇതിനെക്കാൾ ദാരുണമാണ്. ചെളിവെള്ളം കുടിച്ചു് ജീവിക്കുന്ന കുട്ടികളെകണ്ടിട്ടുണ്ട്. ഒട്ടിയ വയറിൽ അടിച്ചു് വിശന്ന് അലറികരയുന്നവരെ കണ്ടിട്ടുണ്ട്. ദാരിദ്ര്യവും അനാരോഗ്യവും കൊണ്ട് മരണമടയുന്ന കുഞ്ഞുങ്ങൾക്കായി ഗ്രാമാന്തരങ്ങളിൽ പ്രത്യേകം സ്ഥാപിച്ച ശ്മശാനങ്ങൾ കണ്ടിട്ടുണ്ട്.പക്ഷെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നോർത്ത് ഇന്ത്യയിലൂടെ നടത്തിയ യാത്രയിൽ കണ്ട കാഴ്ച്ചകൾ അതിഭീകരമാണ്. മോഡി സർക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്കാരത്തിന്റെ ഇരകളായ നിരവധിപേരുടെ കഥനകഥകൾ കണ്ടറിഞ്ഞു. നാം ചുറ്റും നിരന്തരമായി കാണുന്ന പരിക്ഷീണിതരായ സാധാരണ മനുഷ്യർ .പക്ഷെ തിളങ്ങുന്ന ഇന്ത്യ എന്ന പ്രചരണം വല്ലാതെ വേദനിപ്പിക്കുന്നു”.
“നിങ്ങളോട് ഞാൻ യോജിക്കുന്നു”. പ്രൊഫസ്സർ തുടർന്നു : “അപരിഷ്കൃതമായ സാമ്പത്തിക പരിഷ്കാരങ്ങൾ വരുത്തിവെച്ച വിനകൾ അപരിഹാര്യമാണ്. ഇടത്തട്ടുകാർ പ്രതിസന്ധിയിലും ദരിദ്രർ നിസ്സഹായരായി ജീവിക്കുന്ന ഒരു ഇന്ത്യൻ യാഥാർഥ്യം ഞാൻ കുറച്ചുകാണുന്നില്ല. അല്ലെങ്കിൽ തന്നെ ലോകത്തെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണിത്. വ്യത്യസ്ത ജീവിത രീതികളിലും സംസ്കാരങ്ങളിലുമാണ് മനുഷ്യർ ജീവിക്കുന്നത്. ചില സംസ്കാരങ്ങൾ വൻ നാഗരികതകൾ സൃഷ്ടിച്ചു കോടിക്കണക്കിന് ആളുകൾക്ക് താമസിക്കാവുന്ന വൻ നഗരങ്ങളും കെട്ടിടങ്ങളും പണിതു. വൈവിധ്യമായ വിഭവ സോത്രസ്സുകൾ കണ്ടെത്തി. നൂതന സാങ്കേതിക വിദ്യകളിലൂടെ ദൂരത്തേയും സമയത്തെയും കുറിച്ചുള്ള സങ്കല്പങ്ങൾ എല്ലാം തിരുത്തി. പക്ഷെ ലോകത്തുള്ള മനുഷ്യർക്കെല്ലാം ഇതിന്റെ നേട്ടങ്ങൾ ലഭിക്കാതിരിക്കാൻ ചില ഭരണാധികാരികളുടെ ഭ്രാന്തൻ ആശയങ്ങൾ കാരണമായിട്ടുണ്ട്”.
” താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ ഇന്ത്യയിലെ ദരിദ്രരായ മനുഷ്യർ അവരുടെ കുഞ്ഞുങ്ങൾ” ?ഞാൻ സന്ദേഹപ്പെട്ടു
“ദരിദ്രരായ അവരെല്ലാം താഴ്ന്ന ജാതിയിൽ പെട്ടവരാണ്. അതെല്ലാം അവരുടെ വിധി. വിധിയെ തടുക്കാൻ ആർക്ക് കഴിയും?”.ഞെട്ടലിലൂടെ ഞാൻ അയാളുടെ ഈ വാക്കുകൾ ശ്രവിച്ചു. തെല്ലു നേരത്തെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഞാൻ ചോദിച്ചു:
“2019 പാർലിമെന്റ് തിരഞ്ഞെടുപ്പിൽ താങ്കൾ ആര് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്”.
“തീർച്ചയായും നരേന്ദ്ര മോഡി തന്നെ”.
ഞാൻ പരിഭ്രമത്തോടെ അയാളെ നോക്കി. അയാൾ നൈസർഗികമായ നിസങ്കോചഭാവത്തോടെ തന്റെ വിശ്വാസങ്ങൾ ഉറപ്പിച്ചു പറഞ്ഞു:മഹത്തായ മൂല്യങ്ങളുള്ള ഇന്ത്യയ്ക്ക് വേണ്ട ഒരു ദീർഘ സാമ്പത്തിക പരിഷ്ക്കാരത്തിന് തുടക്കമിടാൻ നരേദ്ര മോഡിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യം കുറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും ക്രമേണ ഇന്ത്യ ഏറ്റവും വലിയ സമ്പന്ന രാജ്യമായി തീരും.ഇന്ത്യൻ മൂല്യങ്ങൾ, സാമൂഹ്യ ആചാരങ്ങൾ, അനുഷ്ടാനങ്ങൾ എന്നിവയെല്ലാം അധിനിവേശ സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നരേന്ദ്ര മോഡിയ്ക്കല്ലാതെ ആർക്ക് കഴിയും ?
കാര്യവിവരമുള്ളതും യുക്തിസഹജവുമായ നിരവധി വിവരങ്ങൾ പങ്കുവെച്ചതിന് ശേഷം അയാളുടെ വിധി വിശ്വാസവും സവർണ്ണ ബോധവുമാണ് ദാരിദ്ര്യത്തിന്റെ കാരണങ്ങളും ഭരണത്തിന്റെ കയ്യാളുകളെയും നിശ്ചയിച്ചത്.

അടിമത്തവും സതി സമ്പ്രദായവും ശൈശവവിവാഹവും ജാതിവ്യവസ്ഥയും ക്ഷേത്രങ്ങളിലെ വേശ്യ വൃത്തിയുമൊക്കെയാണല്ലോ മഹത്തായ ഭാരതീയ പാരമ്പര്യം എന്ന് ചോദിക്കാൻ ഞാൻ നിനയ്ച്ചതാണ്. പക്ഷെ അതിനു തുനിഞ്ഞില്ല. അപരിചിത ദേശത്തു എത്തിയ ഒരുവന്റെ നിസ്സഹായാവസ്ഥയിലായിരുന്നു അപ്പോൾ.
മൊറാദാബാദിൽ വെങ്കലം കൊണ്ട് കരകൗശല ജോലി ചെയ്തിരുന്ന ഒരു ഗ്രാമീണനെ കണ്ടു. ഒന്നര വർഷമായി അയാൾ ജോലിയൊന്നും ഇല്ലാതെ ഇരിപ്പാണ് . കുറേകാലം ജോലി ചെയ്തവകയിൽ കിട്ടാനുള്ള പണം മാലിക്ക് കൊടുത്തിട്ടുമില്ല. നോട്ട് നിരോധനത്തെ തുടർന്നാണ് ജോലി നഷ്ടപ്പെട്ടതെന്ന് അയാൾ പറഞ്ഞു. വിദ്യാഹീനനാണെങ്കിലും ധാരാളം കാര്യങ്ങൾ അറിയുന്നവനായിരുന്നു അയാൾ.
“എന്നെപോലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു”.
“നിങ്ങൾക്കെല്ലാവർക്കും മാലിക്കിനെതിരെ സംഘടിച്ചുകുടെ ” .ഞാൻ ചോദിച്ചു .
അവരെല്ലാം ശക്തരാണ് എന്നായിരുന്നു അയാളുടെ ഉറച്ച മറുപടി.
“നിങ്ങളെല്ലാവരും ശക്തിനേടി നിങ്ങളുടെ താല്പര്യത്തിന് വേണ്ടി നിൽക്കാൻ കഴിയില്ലേ” ?
“ഞങ്ങൾ മസ്ദൂർകൾ എല്ലാം സംഘടിച്ചു് സമരം ചെയ്താലേ അത് സാധ്യമാവുകയുള്ളു”.
“എന്തുകൊണ്ട് അത് ചെയ്യുന്നില്ല” ?
ഞങ്ങൾ ഒരിക്കലും അത് ചെയ്യുകയില്ല. ഞങ്ങൾക്ക് അത് വിധിച്ചിട്ടില്ല. മാലിക് ഉയർന്നകുലജാതനാണ്. അദ്ദേഹത്തിന് എതിരെ പ്രവർത്തിക്കുന്നത് പാപമാണ്. മുന്ജന്മ പാപം കൊണ്ടാണ് ഈ ജന്മത്തിൽ ഞാൻ ഹരിജനായി ജനിച്ചത്. അടുത്ത ജന്മത്തിൽ സവർണ്ണനായി ജനിച്ചാൽ അവരെപോലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു് ജീവിക്കാൻ കഴിയും.
അയാൾ പുരാണകഥകളും ഐതിഹ്യങ്ങളുമായി ഹിന്ദുമതത്തെ വർണ്ണിച്ചുകൊണ്ടിരുന്നു. ദശരഥപുത്രനായ ശ്രീരാമചന്ദ്രൻ നടത്തിയ അത്ഭുത പ്രവർത്തനങ്ങളെക്കുറിച്ചുള്ള പാഴ്ക്കഥകളുടെ വ്യാഖ്യാനത്തിൽ നരേന്ദ്ര മോഡി ശ്രീരാമന്റെ അവതാരമാണെന്നുള്ള ആഖ്യാനവുമുണ്ടായി. കൗതുകവും അത്ഭുതവും ഉണർത്തുന്ന കഥകൾ ഗ്രാമത്തിലെമ്പാടും പ്രചരിപ്പിക്കുകയാണ് അയാളുടെ ഇപ്പോഴത്തെ ജോലി.ഈ പ്രവൃത്തികൊണ്ട് ജീവിക്കാനുള്ള വകയും ജന്മസുകൃതവും ലഭിക്കുമെന്ന് അയാൾ പറഞ്ഞു.

കണ്ണുണ്ടെങ്കിലും കാണാത്തമനുഷ്യർ ….
സ്വന്തം ജാതിക്കും വർഗ്ഗത്തിനും മതത്തിനുമെതിരായ നിലപടുകളൊന്നുമില്ലാത്ത മനുഷ്യർ. സവർണ്ണരുടെയും അധികാരി വർഗ്ഗത്തിന്റെയും ദാനമാണ്, ആനുകൂല്യമാണ് തങ്ങളുടെ ജീവിതം എന്ന വിശ്വാസമാണ് അവരുടെ കാതൽ. ശാസ്ത്രീയബോധമോ പുതിയ പരിപ്രേഷ്യമോ, സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യത്തിന്റെ വഴികളോ അവർക്ക് അപരിചിതമാണ്. ലഹളകളും കൊലപാതകപരമ്പരകളും നടക്കുന്നത് തങ്ങളുടെ സനാതന ധർമ്മ പരിപാലനത്തിനാണെന്ന് വിശ്വസിക്കുന്ന അവർ മാനസിക അടിമകളാണ്.ഫാസിസിസ്റ്റുകളുടെ ബന്ധനത്തിലാണവർ.തങ്ങളുടെ വിശ്വാസങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ട കാഴ്ച്ചകൾ മാത്രം അവരിലേയ്ക്കെത്തുന്നു. വിഭാഗീയതയുടെ പുരാതന ഇന്ത്യയുടെ മഹത്തത്തെക്കുറിച്ചുള്ള ആശയങ്ങൾ മാത്രം അവർ അറിയുന്നു.മതപരമായ ആശയങ്ങൾ അനുഷ്ടാനങ്ങൾ ജാതി പാരമ്പര്യം എന്നിവയാണ് മഹത്തായ കാര്യങ്ങൾ എന്നുമാത്രം അവരെ കാണിക്കുന്നു.
ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ മാത്രം നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് അവരുടെ നിരീക്ഷണത്തിൽ പാളിച്ചകൾ വരുന്നു. വ്യത്യസ്ത സംസ്കാരങ്ങൾ കാഴ്ച്ചകൾ അവരിൽ ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. കണ്ണും കാതും ഉപയോഗിച്ച് അവർ കാണുന്ന, ഗ്രഹിക്കുന്ന അനുഭവം എന്ന ജൈവപ്രക്രിയയിൽ അവർ നിരന്തരം സ്വാംശീകരിച്ചു കൊണ്ടുവന്ന കാഴ്ച്ചപ്പാടുകൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കാഴ്ചകൾക്ക് വിപരീതമായ എല്ലാം അവർ അബോധപൂർവം തന്നെ ഒഴിവാക്കുന്നു. ബുദ്ധിയുണ്ടെങ്കിലും അത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് മാനസിക അടിമത്തത്തിലേയ്ക്ക് കുറെ മനുഷ്യർ പരിണമിച്ചു് ദുഷ്പ്രതീക്ഷകളുമായി ജീവിക്കാൻ ഇടവന്നത് ഇങ്ങനെയാണ്.
ദിവസവും വാട്സാപ്പിൽ തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോഡിയെ പ്രകീർത്തിച്ചുകൊണ്ടുള്ള വിഡിയോകളും ഹിന്ദു ദൈവങ്ങളുടെ രൂപഭാവത്തിലുള്ള മോഡിയുടെ ഫോട്ടോകളും കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു:
“ഭാരതത്തിന്റെ ദൈവമാണ് മോഡിജി . ഈ കലികാലത്തിൽ നമ്മെ രക്ഷിക്കാൻ വേണ്ടി അവതരിച്ചതാണ്”.
കുറെ മനുഷ്യർ ഒരു ദൈവമായി, അവതാരമായി ഒക്കെ കാണുന്ന ഒരു അധികാരിക്കെതിരെ ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞു അത് വിനിയോഗിക്കാൻ അടിമകളും മൂഢന്മാരുമായ ഒരു കൂട്ടം ആളുകൾക്ക് കഴിയുമോ?
By Prasad Amore