Sat. Nov 21st, 2026

‘ഇന്നലെയോളം എന്തെന്നറിയില്ല ഇനി നാളെയുമെന്തെന്നറിയില്ല’ എന്നും ‘രാമ…രാമ പാഹിമാം മുകുന്ദ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരമാ പാഹിമാം,ഭംഗിയോട്‌ ഭൂമിതന്നെ ബ്രാഹ്മണർക്ക് നൽകുവാൻ ഭാർഗ്ഗവാനായ് വന്നുദിച്ച രാമ രാമ പാഹിമാം എന്ന് ഇവിടുത്തെ നായരെയും ഈഴവനെയും പുലയനെയും പറയനെയും കൊണ്ട് ദിനംപ്രതി നാമം ചൊല്ലിച്ച ബ്രാഹ്മണ ബുദ്ധിക്ക് ഗുരു നൽകിയ ആദ്യപ്രഹരമായിരുന്നു ദവദശകം. ഇന്നലെയോളം എന്തെന്നറിഞ്ഞാലേ ഇനി നാളെയും എന്തെന്നറിയാൻ കഴിയൂ എന്ന തിരിച്ചറിവ് കൂടി ആയിരുന്നു കേരളത്തിൻറെ നവോഥാന ചരിത്രം. തൻറെ പതിനെട്ടാമത്തെ വയസിൽ നാരായണ ഗുരുവിൻറെ ശിഷ്യത്വം സ്വീകരിക്കുന്നതോടുകൂടി ‘കാലിന്നടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങൾ മുഴങ്ങുന്നു’ എന്ന് ആശാൻ അത് തിരിച്ചറിയുമ്പോഴാണ് ‘മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മറ്റും അതുകളീ നിങ്ങളെത്താൻ എന്ന് എഴുതിയത്. രാമൻ എന്തിനാണ് വന്നതെന്ന് ‘രാമ…രാമ പാഹിമാം വെക്കുന്നതിൻറെ രണ്ടാമത്തെ വരിയിൽ തന്നെയുണ്ട്.എന്നിട്ടും നൂറ്റാണ്ടുകളായി മുകുന്ദരാമ പാഹിമാം പാടിക്കൊണ്ടിരുന്നവനെക്കൊണ്ട് ദൈവദശകം ചൊല്ലിച്ചത് ഇന്ന് ചരിത്ര ബോധമില്ലാത്ത ചില അഭിനവ യുക്തിവാദികൾക്ക് നാരായണ ഗുരുവിൻറെ ജാതിചിന്തയായി തോന്നുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

നാസ്തിക ദൈവത്തിൻറെ ‘വെളിച്ചപ്പാടിൻറെ ഭാര്യ’ എന്ന പുസ്തകത്തിൽ നാരായണ ഗുരുവിനെയും ആക്രമിക്കുണ്ട്.ദൈവദശകത്തെയും രചയിതാവായ ശ്രീനാരായണ ഗുരുവിനെയും ഇത്രയധികം അവഹേളിക്കുന്ന പുസ്തകം വേറെകാണില്ല. കേരള നവോത്ഥാനത്തെ പാളം തെറ്റിച്ചത് നാരായണ ഗുരുവാണെന്നും ദൈവദശകം അന്ധവിശ്വാസത്തിലേക്ക് ജനത്തെ നയിക്കുന്ന മയക്കുപാട്ട് മാത്രമാണെന്നും. വെറുമൊരു ഭിക്ഷാടന സാഹിത്യമാണ് ദൈവദശകം.എന്നും ആര്‍ത്തി മൂത്ത ഭക്തന്‍ കാര്യസാദ്ധ്യത്തിനായി എന്തും ചെയ്യും, ഇങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തുന്ന നിലവിളി മാത്രമാണ് ഗുരുവിന്റെ രചനയെന്നാണ് ഭഗവാൻറെ വിമർശനം.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ഗുരുദേവന്‍ നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’.അദ്വൈതത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ് ദൈവദശകത്തിലും. 1914 ല്‍ ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക് ചൊല്ലാനാണ് ‘ദൈവദശകം’ രചിച്ചത്. എട്ടക്ഷരം വീതമുള്ള പത്ത് ശ്ലോകങ്ങളാണ് ഇതില്‍. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക് വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ് ആലപിക്കാന്‍ കഴിയും.ഗുരുദേവന്‍ ദൈവദശകം രചിച്ചിട്ട് 104 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഗുരുവിൻറെ ദാർശനിക കൃതികളെക്കുറിച്ചോ ആകാലഘട്ടത്തിൻറെ ചരിത്രബോധമോ ഇല്ലാത്ത നാസ്തിക ദൈവത്തിൻറെ ഭക്തരാണ് ഭഗവാൻ പറയുന്നതും കേട്ട് നാരായണഗുരുവിനെ അവഹേളിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് എന്ന് കാണാവുന്നതാണ്.

ഗുരുവിന്റെ മിക്ക കൃതികളെയും പോലെ ദൈവദശകത്തിനും നിരവധി വ്യാഖ്യാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് നൂറു വർഷങ്ങൾക്കു ശേഷവും ഈ കൃതി പുനർ വായനക്ക് വിധേയമാക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നു എന്നത് തന്നെയാണ് ഈ പ്രാർത്ഥനാ ഗീതത്തെ വ്യത്യസ്തമാക്കുന്നത്.ഭാഷയുടെ നിത്യചൈതന്യമായിരുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനും മികച്ച സഞ്ചാര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ.ഷൗക്കത്ത് സംസാരിക്കുന്നു.

ദൈവദശകം – ഒരു ആസ്വാദനം :  (വീഡിയോ കാണാം) ഷൗക്കത്ത് (നാരായണ ഗുരുകുലം)

ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. ആലുവാ അദ്വൈതാശ്രമത്തിൽ പ്രവർത്തിച്ചിരുന്ന സംസ്കൃത പാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914 ലാണ് അദ്ദേഹം ഇത് രചിച്ചത്. അതിനാൽ തന്നെ സമൂഹപ്രാർത്ഥനക്കായി കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം. ഭാഷയുടെയും ആശയത്തിന്റെയും കാര്യത്തിൽ അതിഗാംഭീര്യം പുലർത്തുന്ന അനേകം ദാർശനികകൃതികൾ പൂർത്തിയാക്കിയതിന് ശേഷം തന്റെ ഷഷ്ടിപൂർത്തിയോടടുത്ത ഘട്ടത്തിൽ അതുവരെ സാക്ഷാത്കരിച്ചിട്ടുള്ള ദർശനങ്ങളെ കോർത്തിണക്കി താരതമ്യേനെ മൃദുവായ ഭാഷയിലാണ് ഗുരു ഈ കൃതി രചിച്ചിട്ടുള്ളത്. ലളിതമായ ഭാഷയാണെങ്കിലും വിപുലാർത്ഥദായിയായ പദപ്രയോഗങ്ങളാൽ സമ്പന്നമാണീ കൃതി.

പരമാത്മാവാകുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടു കളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള അപേക്ഷയോടു കൂടി തുടങ്ങുന്ന ഈ പ്രാർത്ഥനാഗീതം അവസാനിക്കുന്നത് സർവർക്കും സൗഖ്യം നല്കണമെന്ന വരികളോടെയാണ്.

ഗുരുവിന്റെ മിക്ക കൃതികളെയും പോലെ ദൈവദശകത്തിനും നിരവധി വ്യാഖ്യാനങ്ങൾ ചമക്കപ്പെട്ടിട്ടുണ്ട്. നിത്യചൈതന്യയതി. ജി. ബാലകൃഷ്ണൻ നായർ, എം.എച്ച്. ശാസ്ത്രി, എം. ദാമോദരൻ തുടങ്ങിയ പ്രഗൽഭമതികൾ ദൈവദശകവ്യാഖ്യാതാക്കളുടെ കൂട്ടത്തിൽ പെടുന്നു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622