അഡ്വ.കെ.വിനോദ് സെൻ
സാധാരണക്കാരെ പിഴിഞ്ഞെടുക്കുന്ന ആർജ്ജവം എന്തുകൊണ്ട് കോർപ്പറേറ്റുകളോട് ചോദിക്കുവാൻ കാണിക്കുന്നില്ല?
പ്രളയ ദുരിതത്തിൽ തകർന്ന കേരളത്തെ വീണ്ടെടുക്കുവാൻ കേരളത്തിൽ കച്ചവടം നടത്തി ലാഭം കൊയ്യുന്ന കോർപ്പറേറ്റുകളോട് മികച്ച ധനസഹായം അഭ്യർത്ഥിക്കുന്നതിന് എന്തു കൊണ്ടാണ് സംസ്ഥാന ഭരണ നേതൃത്വം മടിക്കുന്നത്. ? ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടുന്നതിൽ പുലർത്തുന്നതിലെ ആർജവം എന്തുകൊണ്ട് കോർപ്പറേറ്റുകളോട് ചോദിക്കുവാൻ കാണിക്കുന്നില്ല?
സർക്കാരിനെ സഹായിക്കുവാൻ മാധ്യമസ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരിൽ നിന്നാണ്. സന്തോഷത്തോടെ നാട്ടുകാർ അവരാൽ ആകുന്ന സഹായം ഇവരിലൂടെ പ്രളയബാധിതർക്കെത്തിക്കുവാൻ ശ്രമിക്കുന്നു. ഇത്തരത്തിൽ പിരിവിന് നേതൃത്വം നൽകുന്നവരാരും അവരുടെ ലാഭത്തിൽ നിന്നും യു ക്തമായകാതല ലായ ഭാഗം കേരളത്തിന്റെ കണ്ണീരൊപ്പാൻ കൊടുക്കുന്നതായി കാണുന്നില്ല.
തന്റെ രാഷ്ട്രീയ യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലെയും മുതലാളിമാരുമായി പ്രഭാത ഭക്ഷണം കഴിച്ച് കേരളത്തിന്റെ വികസനം ചർച്ച ചെയ്ത മുഖ്യമന്ത്രി പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ എന്തുകൊണ്ട് അവരുടെ സഹായം അതേ തരത്തിൽ ഗൗരവത്തോടെ യോഗം വിളിച്ചു ചേർത്ത് അഭ്യർത്ഥിക്കുന്നില്ല?
സാധാരണക്കാരനും സർക്കാർ ജീവനക്കാരനും ഒരു മാസത്തെ ശമ്പളം നൽകുന്നതിന്റെ മൂല്യത്തോടെ മുതലാളിമാരോട് സഹായം ചോദിക്കുവാൻ സർക്കാർ തയ്യാറാകാത്തതെന്തുകൊണ്ടാണ്?
കോർപ്പറേറ്റുകളുടെ ഈ വർഷത്തെ CSRഫണ്ട് കേരളത്തിന്റെ പുനർനിർമ്മിതിക്കായി ഉപയോഗിക്കണമെന്ന് സർക്കാർ എന്തുകൊണ്ട് അവരോട് അഭ്യർത്ഥിക്കുന്നില്ല?
കേരള സർക്കാരിന്റെ സ്വന്തം സ്ഥാപനങ്ങളായ KSFE യും ബിവറേജസു മടക്കം കോടാനുകോടി ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ CSRഫണ്ടും ലാഭവും കേരളത്തിന്റെ പുനർനിർമ്മിതിക്കായി മാത്രം വിനിയോഗിക്കുമെന്ന തീരുമാനമെടുക്കാത്തതെന്തുകൊണ്ട്?
മാതൃഭൂമിയും ദേശാഭിമാനിയും കൈരളിയുമടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തം ലാഭത്തിന്റെ (ഈ വർഷത്തെ) 75%മെങ്കിലും കേരളത്തിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്നു് ഇനിയും പ്രഖ്യാപിക്കത്തത് എന്തുകൊണ്ടാണ്. ?
കേരളത്തിലെ വൻകിടആശുപത്രികൾ, കോർപ്പറേറ്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പനികൾ, മാളുകൾ തുടങ്ങിയവയുടെ ഒരു മാസത്തെ ലാഭം സർക്കാരിന് ലഭിക്കാൻ വേണ്ട ആസൂത്രിത ഇടപെടലുകൾ നടത്താത്തതെന്തുകൊണ്ട്?
നടീനടൻമാരുടെ സഹായം ഇതേ രീതിയിൽ സമാഹരിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതെന്തുകൊണ്ട്?
സാധാരണക്കാരൻ ഇനിയും തരും. പക്ഷെ സർക്കാരിന്റെ മുഴുവൻ ആനുകൂല്യങ്ങളും ആസുരതയോടെ അനുഭവിക്കുന്ന അതിസമ്പന്നരിൽ നിന്നും അർഹമായ വിഹിതം നേടിയെടുക്കാൻ അവസരോചിതമായ ഇടപെടൽ വേണം. കേരളത്തിൽ കച്ചവടം നടത്തുന്ന സ്വദേശികളും വിദേശികളുമായ മാരുതിയും റിലയൻസും ടാറ്റയും LG യും ഇൻഡിഗോയും അടക്കമുള്ള കോർപ്പറേറ്റുകളെ നാം ഇത് വരെ സമീപിച്ചിട്ടില്ല. സാധാരണക്കാരൻ അവന്റെ കഴിവിലുമുപരി നൽകണമെന്ന് നിർബന്ധം പിടിക്കുന്നവർ സമ്പന്നർ നൽകുന്ന തുഛമായ സംഖ്യ കൊണ്ട് തൃപ്തി അടയുന്നതെന്നു കൊണ്ട്?
ഇനിയുമധികം ചോദിച്ചാൽ സംസ്ഥാന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നതുറപ്പ്. പിന്നൊന്നു കൂടി.,മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നും അർഹർക്ക് ആനുകൂല്യം ലഭിക്കണമെങ്കിൽ അഞ്ചംഗ സമിതിയുടെ റിപ്പോർട്ടും അഞ്ച് മാസവും കഴിയണം. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം??? വാങ്ങാൻ നേരത്തില്ലാത്ത നിയമങ്ങൾ കൊടുക്കാൻ നേരത്ത് വരുമ്പോൾ അറിയാതെ വിളിച്ച് പോകുന്നു. പ്രെയ്സ് ദ ലോർഡ്!!!
