പ്രളയം വിഴുങ്ങിയ കുട്ടനാടിനെ അതിജീവനത്തിന്റെ പാതയിലേക്ക് കരകയറ്റുന്നതിനായി ആരംഭിച്ച മഹാശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എഴുപത്തിഅയ്യായിരത്തോളം പ്രവർത്തകരെത്തി. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയിൽ കർഷകത്തൊഴിലാളിയായ കൈതവനത്തറ ജയപ്രകാശന്റെ വീട് ശുചീകരിച്ച് മന്ത്രി ജി. സുധാകരൻ ഇന്നലെ നിർവഹിച്ചിരുന്നു. ജില്ലയ്ക്ക് പുറമെ നിന്നും നിരവധി പ്രവർത്തകർ കുട്ടനാട്ടിലെത്തിയിട്ടുണ്ട്.
കുട്ടനാട് താലൂക്കിൽ 12 പഞ്ചായത്തിലും കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ, ചെറുതന, വീയപുരം, പള്ളിപ്പാട് എന്നിവിടങ്ങളിലും ഇന്നലെ ശുചീകരണം നടത്തി.
മൂന്നുദിവസം ഇവർ ജില്ലയിൽ ക്യാമ്പ് ചെയ്യും. കുട്ടനാട്ടിൽ 16 പഞ്ചായത്തുകളിലായി 226 വാർഡുകളിലെ ജനങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. രണ്ടു ദിവസം 50,000 വീടുകൾ ശുചീകരണ പ്രവർത്തനം നടത്താനാണ് പദ്ധതി. പ്രവർത്തകരെ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ ബാർജുകളും കേവുവള്ളങ്ങളും ബോട്ടുകളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
കുട്ടനാട് ശുചീകരണം – പുളിങ്കുന്ന് പഞ്ചായത്തിലേക്കുള്ള ജങ്കാര്‍ വോളന്ടീയര്മാരുമായി ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്നു
കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം എന്നിവിടങ്ങളിൽ വെള്ളം ഇറങ്ങാത്ത വീടുകളിൽ താമസിക്കുന്നവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും. നെടുമുടി, മങ്കൊമ്പ് റോഡിലെ വെള്ളം ഹൈപ്രഷർ പമ്പ് ഉപയോഗിച്ച് വറ്റിച്ച് തുടങ്ങി. 30 ശക്തിയേറിയ പമ്പുകൾ കൂടി എത്തിക്കും. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധദിനമായി ആചരിക്കും.
സാങ്കേതിക വിദഗ്ദ്ധരുടെ സംഘവും കുട്ടനാട്ടിൽ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട് . കെട്ടിട നിർമ്മാണം, ഐ.ടി, ഇലക്ട്രിക്കൽ എന്നീ മേഖലകളിലെ വിദഗ്ദ്ധരും രണ്ടായിരത്തോളം എൻജിനിയർമാരും സംഘത്തിലുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് മാത്രം 450 എൻജിനിയർമാർ പങ്കെടുത്തു. ഇവർ വീടുകളുടെ കെട്ടുറപ്പ് പരിശോധന നടത്തും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ പുന്നപ്ര എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വീടുകളിലെ വയറിംഗ് പരിശോധന നടത്തി.
ശുചീകരണത്തിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണമെത്തിച്ചത് ജയിൽവകുപ്പാണ്. 1.17 ലക്ഷം ചപ്പാത്തിയും 20000 കറിയും വിതരണം ചെയ്തു. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകൾ, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലാ ജയിലുകൾ എന്നിവിടങ്ങളിൽ നിന്നാണ് ചപ്പാത്തി ശേഖരിച്ചത്. 10000 ലിറ്റർ കുപ്പിവെള്ളവും വകുപ്പ് കൈമാറി. തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് എം.കെ. വിനോദ് കുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് ആർ. സാജൻ, ജയിൽ അസോ. പ്രസിഡന്റ് കെ.ആർ. രാമഭദ്രൻ എന്നിവരിൽ നിന്ന് മന്ത്രി തോമസ് ഐസക് ചപ്പാത്തിയും കറിയും ഏറ്റുവാങ്ങി.

