ജില്ലയിൽ ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി ആഘോഷം പ്രതീകാത്മകമായി സംഘടിപ്പിക്കാൻ പൊലീസ് അനുമതി നൽകിയില്ല. പ്രളയ സാഹചര്യത്തിൽ ഓണാഘോഷം സർക്കാർ ഒഴിവാക്കിയെങ്കിലും ആഘോഷങ്ങളില്ലാതെ ചടങ്ങായി പുലിക്കളി നടത്തണമെന്ന പുലിക്കളി പ്രേമികളുടെ ആവശ്യത്തിൽ ആദ്യം പൊലീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് 11 പുലികളും 11മേളക്കാരുമായി വൈകീട്ട് അഞ്ചിന് നടുവിലാലിൽ നിന്ന് ആരംഭിച്ച് നടുവിലാലിൽ തന്നെ സമാപിക്കുന്ന വിധം പുലിക്കളി സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ബോധവത്കരണമാണ് ഇതുകൊണ്ട് സംഘടിപ്പിക്കുന്നതെന്നായിരുന്നു സംഘാടകർ പറഞ്ഞിരുന്നത്.പുലിക്കളിയുടെ ചിത്രങ്ങളിട്ട് ജില്ലാ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റും ഇതേ രൂപത്തിൽ സജ്ജമാക്കുകയും പൊലീസും പുലിക്കളിക്കൊപ്പം എന്ന് ടാഗ് ഇടുകയും ചെയ്തിരുന്നു. പുലിക്കളി സംഘടിപ്പിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിച്ചതോടെ കോർപറേഷനും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു.
വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിഞ്ഞതോടെ ജില്ലാ ഭരണകൂടത്തിൽ നിന്നും വിശദീകരണം തേടി. ജില്ലാ ഭരണകൂടം അറിയിച്ചതനുസരിച്ച് ആദ്യം അനുമതി നൽകിയ പൊലീസ് അപേക്ഷ നിരാകരിക്കുകയായിരുന്നു. പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ ആഘോഷം പാടില്ലെന്ന് നിർദ്ദേശമുണ്ടെന്നും അതനുസരിച്ച് പുലിക്കളിക്ക് അനുമതി നൽകിയിട്ടില്ലെന്നും കമ്മിഷണർ ആർ. യതീഷ്ചന്ദ്ര പറഞ്ഞു.