ചത്തീസ്ഗഡിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ അധ്വാനത്തിൽ വിളഞ്ഞ ജെട്രോഫ (കടലാവണക്ക്) ചെടിയുടെ എണ്ണ ഇന്ധനമാക്കി ഇന്ത്യയുടെ അഭിമാനം ആകാശത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിലെ ആദ്യ ജൈവ ഇന്ധന വിമാനത്തിന്റെ പരീക്ഷണ പറക്കലാണ് വിജയകരമായി പൂർത്തിയാക്കിയത്. ഡെറാഡൂണിൽ നിന്നാണ് 72 സീറ്റുള്ള സ്പൈസ്ജെറ്റ് വിമാനം ബോംബാർഡിയർ ക്യൂ 400 ഡൽഹിയിലേക്ക് പറന്നത്. ഭാഗികമായി ജൈവ ഇന്ധനം ഉപയോഗിച്ചുപറന്ന വിമാനത്തിൽ സിവിൽ ഏവിയേഷൻ അധികൃതരുൾപ്പടെ 20 പേരാണ് ആദ്യയാത്രക്കാരായി ഉണ്ടായിരുന്നത്. ഡെറാഡൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയമാണ് ജൈവഇന്ധന യാത്രാവിമാനം വികസിപ്പിച്ചെടുത്തത്.
വിമാനത്തിൽ ഉപയോഗിച്ച ജൈവ ഇന്ധനം ഉണ്ടാക്കിയത് ജെട്രോഫ എന്ന ഒരിനം ചെടിയുടെ കുരുവിൽ നിന്നാണ്. ഈ എണ്ണനിർമ്മാണത്തിൽ കർഷകരുടെ പങ്ക് വളരെ വലുതാണെന്ന് സ്പൈസ്ജെറ്റ് അധികൃതർ അറിയിച്ചു. ജെട്രോഫ ചെടിയുടെ കുരുവിന് പുറമെ ജൈവ അവശിഷ്ടങ്ങൾ, വ്യാവസായിക, കാർഷിക മാലിന്യങ്ങൾ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. ജൈവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എൻജിനിന്റെ ക്ഷമത കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിന്റെ വലത് എൻജിനിൽ 25 ശതമാനമാണ് ജൈവഇന്ധനം ഉപയോഗിച്ചത്.
വിമാനയാത്രയുടെ ചെലവ് കുറയ്ക്കു, പരിസ്ഥി സംരക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ജൈവ ഇന്ധനം ഉപയോഗിച്ചുള്ള വിമാനം പരീക്ഷണം നടത്തിയത്. മാത്രവുമല്ല 2035ഓടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വ്യോമനയം രൂപീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഹരിതഗൃഹ പ്രഭാവവും വിദേശത്ത് നിന്നുള്ള പെട്രോളിയം ഇറക്കുമതിയും കുറയ്ക്കുന്നതിന് വേണ്ടി ജൈവ ഇന്ധനത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കണം. കൂടുതൽ വിമാനകമ്പനികൾ ഇതിന് വേണ്ടി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
