ഡോ.നെൽസൺ ജോസഫ്
കേരളത്തിനെതിരെ ആസൂത്രിതമായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുൻപുള്ളത് തോന്നലായിരുന്നെങ്കിൽ ഇപ്പൊ എനിക്കത് ഉറപ്പാണ്.
അല്പം മുൻപ് കെ.സുരേന്ദ്രൻ്റെ പേജിൽ വന്ന ഒരു പോസ്റ്റിൽ കണ്ട ആദ്യ വാചകം ഇതായിരുന്നു. ” ചില സത്യങ്ങൾ പറയാതിരുന്നാൽ മനസാക്ഷിക്കുത്തുണ്ടാകും. 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായി. 5748 പേർ മരിച്ചു. കേന്ദ്രസഹായം. ആകെ 1000 കോടി. കേരളം സഹായിച്ചത്. 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാഘണ്ഡിലും കോൺഗ്രസ്സ് ഭരണം. “
എനിക്ക് പക്ഷേ ഉറപ്പായിരുന്നു കേരളം സഹായിച്ചിരുന്നു എന്ന്. കാരണം രണ്ട് ദിവസം മുൻപാണ് ഇതേ സംഗതി പോസ്റ്റ് ചെയ്ത ഒരു ചേട്ടനു മറുപടിയായി വിക്കിപ്പീഡിയ തപ്പി കേരളത്തിൻ്റെ സഹായം എന്തായിരുന്നെന്ന് കണ്ടുപിടിച്ചത്.
രണ്ട് കോടി രൂപ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ വകയായി നൽകിയത് കൂടാതെ മന്ത്രിമാരടക്കമുള്ളവർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസമായി നൽകിയെന്ന് അന്ന് മറുപടി നൽകിയതാണ്.
വിക്കിപ്പീഡിയയിൽ കയറി നോക്കിയപ്പോൾ ആ വാചകം അവിടെയില്ല. വിക്കിപ്പീഡിയ എഡിറ്റ് ചെയ്തത് ആരാണെന്നും എന്താണ് അവർ റിമൂവ് ചെയ്തതെന്നും അനായാസം അറിയാൻ കഴിയും.
അതനുസരിച്ച് എഡിറ്റ് ഹിസ്റ്ററി നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ഓഗസ്റ്റ് 23 , 6:49 പി.എമ്മിന് 272 ബൈറ്റുകൾ “Aftermath” എന്ന ഭാഗത്തുനിന്ന് നീക്കം ചെയ്തു എന്നതായിരുന്നു.
ആ നീക്കം ചെയ്ത വാചകം ഇതാണ്. ” Kerala offered 20 million rupees and the state govt employees have donated their one day salary “
അതായത് സാധാരണക്കാരൻ ഒരു വാർത്ത ശരിയാണോ എന്ന് നോക്കുന്ന വിക്കിപ്പീഡിയയും എഡിറ്റ് ചെയ്യുന്നുണ്ട്. ഇതൊന്നും വെറും യാദൃശ്ചികമാണെന്ന് കരുതാൻ നിർവ്വാഹമില്ല. സ്ക്രീൻഷോട്ടുകൾ താഴെക്കൊടുക്കുന്നു.കേരളത്തെ ഇത്തരത്തിൽ ദ്രോഹിച്ചും കരിവാരിത്തേച്ചും ഇവർക്കെന്താണു കിട്ടുന്നതെന്നെനിക്കറിയില്ല.
വാൽ കഷ്ണം സ്പെഷ്യൽ
” ഗോസ്വാമി കേരളത്തെ ഒന്നടങ്കം ആക്ഷേപിച്ചത്രേ “
” ഇപ്പഴാ ആശ്വാസമായത്. നമ്മളെക്കുറിച്ച് അയ്യാളെന്തേലും നല്ലത് പറഞ്ഞാരുന്നേ വിഷമിച്ചുപോയേനെ . . .
ബൈ ദ ബൈ ആലപ്പുഴയിൽ ക്യാമ്പുകൾ സന്ദർശ്ശിച്ച യൂനിസെഫ് ടീമിന്റെ വക അഭിനന്ദനമുണ്ട് ട്ടോ. . ക്യാമ്പുകളുടെ നിലവാരത്തിൽ അവർ പൂർണ്ണതൃപ്തരാണ്. “
” Arnab Goswami calls Keralites the most shameless bunch of people. “
” Oh. . It is a relief. It would ‘ve been a shame if he said anything good about us. By the way, the UNICEF team who visited the camps praised us. They are very happy in the professional approach, clenliness, security and safety.”
പ്രിയ അർണബ്,
ഇത് നിങ്ങൾക്കുള്ള മറുപടിയല്ല, ഞങ്ങൾക്കറിയാം കുറച്ച് നുണകളും കുറച്ച് ദേശസ്നേഹവും ചേർത്ത് നിങ്ങൾക്ക് എത്ര വ്യാജവാർത്തകൾ വേണമെങ്കിലും സൃഷ്ടിക്കാനാവുമെന്ന്. നിർഭാഗ്യമെന്ന് പറയട്ടേ, എനിക്ക് ആ വാർത്തയുടെ പത്തുമിനിറ്റേ കാണാൻ കഴിഞ്ഞുള്ളൂ. മറ്റൊന്നും വിചാരിക്കരുത്. എനിക്ക് ശബ്ദമലിനീകരണം അലർജിയാണ്
ഇത് നിങ്ങൾ പറ്റിക്കാൻ ശ്രമിക്കുന്ന ആൾക്കാർക്കുവേണ്ടിയാണ്.
ഇന്ന് ഞങ്ങൾ ഓണം ആഘോഷിക്കുകയാണ്. അതുകൊണ്ട് ആദ്യം നിങ്ങൾക്കെല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. ഞാൻ പറയാൻ പോകുന്നത് ഞങ്ങളെ ഒന്നിപ്പിച്ച ഒരു ദുരന്തത്തെക്കുറിച്ചാണ്.
മഴ തുടങ്ങിയപ്പൊ ആരും പ്രവചിച്ചിരിക്കാനിടയില്ല, അത് ഇത്ര നാശനഷ്ടങ്ങളും ജീവനാശവുമെല്ലാം ഉണ്ടാക്കുമെന്ന്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടത്. പത്തുലക്ഷത്തിലധികമാളുകൾ ദുരിതാശ്വാസക്യാമ്പുകളിലായി. ഇരുപതിനായിരം കോടിയിലധികമാണ് നഷ്ടം കണക്കാക്കുന്നത്.
ഞങ്ങളെ നാണം കെട്ടവരുടെ കൂട്ടമെന്നാണ് അർണബ് വിളിച്ചത്. അയാളെന്തെങ്കിലും നല്ലത് പറഞ്ഞാലാണ് ശരിക്കും ഞങ്ങൾക്ക് വിഷമം തോന്നുക.
ഞങ്ങൾ നാണം കെട്ടവരായിരുന്നു.. ഞങ്ങളുടെ സഹോദരീസഹോദരന്മാർ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പൊ, അതിനു രക്ഷിക്കാൻ എല്ലാവരുടെയും സഹായം ആവശ്യമാണെന്ന് മനസിലാക്കിയപ്പൊ ഞങ്ങൾ ദുരഭിമാനം മാറ്റിവച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും സാധനങ്ങൾ അയയ്ക്കാനും ഏതൊക്കെ വിധത്തിൽ സഹായിക്കാമോ അങ്ങനെയെല്ലാം സഹായിക്കാനും അക്ഷരാർഥത്തിൽ ഞങ്ങൾ യാചിക്കുകയായിരുന്നു..
ഞങ്ങൾ രാജ്യത്തിനെതിരാണെന്നും രാജ്യം ഞങ്ങളെ ശ്രദ്ധിച്ചില്ലെന്നും വരുത്തിത്തീർക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നാണ് അർണബ് പറയുന്നത്..ഞങ്ങൾക്കെങ്ങനെയാണ് അത് സാധിക്കുക?
രാജ്യമെന്നാൽ പ്രധാനമായും അവിടത്തെ ജനങ്ങളാണ്. തമിഴ് നാട് തൊട്ട് ജമ്മു കശ്മീർ വരെ നിങ്ങൾ ഞങ്ങളുടെ വിളി കേട്ടു. നിങ്ങൾ കഠിനാദ്ധ്വാനം വഴി സമ്പാദിച്ച പണവും ഭക്ഷണവും വസ്ത്രവുമെല്ലാം നിങ്ങൾ ഞങ്ങൾക്കായി അയച്ചുതന്നു.
അതിൽ നിങ്ങളുടെ ഹൃദയത്തോട് അടുത്തുനിൽക്കുന്ന ഒട്ടേറെ വസ്തുക്കളുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. (നവജാത ശിശുക്കളെക്കുറിച്ചുളള വാർത്തകൾ കണ്ട് ഒരു പെൺകുട്ടി എന്നോട് ചോദിച്ചിരുന്നത് ഒരിക്കൽ മാത്രമിടീച്ചശേഷം അലക്കി അടുക്കി സൂക്ഷിച്ചിരിക്കുന്ന ആദ്യമായി അവളുടെ കുഞ്ഞിനെ ധരിപ്പിച്ച വസ്ത്രം അയയ്ക്കട്ടേ എന്നായിരുന്നു.) ഇതിനെല്ലാം ശേഷവും ഞങ്ങൾക്കെങ്ങനെയാണ് നിങ്ങൾക്ക് കരുതലില്ലായിരുന്നെന്ന് പറയാനാവുക?
നിങ്ങൾ ഞങ്ങൾക്കായി എന്ത് ചെയ്തെന്ന് ഞങ്ങൾക്കറിയാം..അത് ഞങ്ങൾ മറക്കുകയുമില്ല.
സൈന്യത്തെ ഞങ്ങൾ അധിക്ഷേപിക്കുന്നെന്നും അയാൾ പറയുന്നുണ്ട്. അത് നിങ്ങൾ സൈന്യത്തോട് തന്നെ ചോദിക്കൂ, ഞങ്ങളുടെ പ്രതികരണമെന്തായിരുന്നെന്ന്…
റിപ്പബ്ലിക് ടി വി റിപ്പോർട്ടിങ്ങിൻ്റെ മുൻ നിരയിലുണ്ടായിരുന്നെന്നാണ് അദ്ദേഹത്തിൻ്റെ വാദം. ടി.വി കാണാനുള്ള സമയവും മാനസികാവസ്ഥയും ഞങ്ങൾക്കില്ലായിരുന്നു..എങ്കിലും ഞങ്ങളുടെ ചാനലുകൾ ചെയ്ത പ്രവർത്തനവുമായി സ്വന്തം പ്രവർത്തനം ഒന്ന് താരതമ്യം ചെയ്ത് നോക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്നേ എനിക്കദ്ദേഹത്തോട് പറയാനുള്ളൂ
ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിക്കാൻ കേരളം ഒന്നിച്ചു. അവിടെ അതിരുകളില്ലായിരുന്നു..രാഷ്ട്രീയമോ മതമോ… (ഇടയ്ക്കുള്ള പാഷാണത്തിൽ കൃമികളെ ഇവിടെ സൂചിപ്പിക്കാനുദ്ദേശിക്കുന്നില്ല) ഇനിയും ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുമുണ്ട്.
അവസാനിപ്പിക്കുന്നതിനു മുൻപ് ഒരു കാര്യം. ഷേക്ക് മൊഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ഓഗസ്റ്റ് 17 ന് ഒൻപത് ട്വീറ്റുകൾ ചെയ്യുകയുണ്ടായി. മൂന്നെണ്ണം വീതം മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും.അതിൻ്റെ ചുരുക്കമിതാണ്. യു.എ.ഇയുടെ വിജയകഥയിൽ കേരളം എന്നും , ഇന്നും ഒരു ഭാഗമാണ്. ഞങ്ങൾക്ക് അവരെ സഹായിക്കാൻ ഒരു പ്രത്യേക കടമയുണ്ട്.
നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയും ട്വീറ്റ് ചെയ്യുകയുണ്ടായി. അതായത് മൂന്നാമതൊരാളിൽ നിന്ന് യഥാർഥത്തിൽ വിവരങ്ങൾ അർണബിനറിയണമെങ്കിൽ ശ്രീ നരേന്ദ്രമോഡിയാണ് അദ്ദേഹം ചോദിക്കേണ്ട ആൾ..
ബൈ ദ ബൈ അർണബ് ജീ..ഇന്റർവ്യൂവും ഡിബേറ്റുമൊക്കെ നടത്തുമ്പൊ അമ്മായിയമ്മ – മരുമകൾ സീര്യലിന്റെ ഇമോഷണൽ ഡ്രാമ വിട്ട് ശാന്തമായി പറഞ്ഞാലും ആൾക്കാർക്ക് കാര്യം മനസിലാകും..ഒരു വശത്തിരുന്ന് ആൾക്കാരെ പറയാൻ സമ്മതിക്കാതെ ഒച്ച വയ്ക്കുന്നതിനല്ല ഡിബേറ്റെന്ന് പറയുന്നത്…
അപ്പൊ
നിർത്തട്ടെ…
From Kerala , with love…

വാൽ കഷ്ണം സ്പെഷ്യൽ