Sat. Nov 21st, 2026

കേരളത്തിലെ കോളേജ് കാമ്പസുകളെ ഇളക്കിമറിച്ച ‘താരകപ്പെണ്ണാളേ…’ എന്ന പാട്ടിൻറെ രചയിതാവ് സത്യൻ കോമല്ലൂറിൻറെ കൊച്ചോലക്കിളി….പ്രളയ നൊമ്പരങ്ങൾക്കിടയിലും കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികള്‍ ഏറ്റെടുക്കുകയാണ്.ഇതുവരെ അരങ്ങിലെത്താതെ അണിയറയില്‍ തന്റെ പാട്ടുകൾ കേരളം ഏറ്റെടുക്കുന്നത് കണ്ട് സന്തോഷിക്കുകയാണ് രചയിതാവായ സത്യന്‍ കോമല്ലൂര്‍.

അരികുവത്ക്കരിക്കപ്പെട്ട ജനതയുടെ അതിജീവനത്തിന്റെ കഥകളാണ് ഓരോ നാടന്‍പാട്ടിനും സമൂഹത്തിലേക്ക് എത്തിക്കാനുള്ളത്. ദളിത് ജനതയുടെ വാമൊഴിപ്പാട്ടുകളാണ് ഇന്ന് ജനപ്രീതിയാര്‍ജ്ജിച്ച പല നാടന്‍പാട്ടുകളുടെ ആധാരം. സത്യന്‍ പാട്ട് കേട്ട് പഠിച്ച്, പാടിത്തുടങ്ങിയത് അമ്മയില്‍ നിന്നാണ്. അമ്മ പൊന്നമ്മയില്‍ നിന്നാണ് തനിക്ക് എഴുത്തിലും സാഹിത്യത്തിലും താത്പര്യം ലഭിച്ചതെന്ന് സത്യന്‍ പറയുന്നു.

കേള്..കേള്.. പാവാക്കുടുക്കേ എന്ന നാടന്‍പാട്ടാണ് ആദ്യം എഴുതിയത്. പിന്നീടിങ്ങോട്ട് നൂറ്റമ്പതോളം കവിതകളും പന്ത്രണ്ട് നാടന്‍പാട്ടുകളും സത്യന്റേതായി എത്തി. നാടന്‍പാട്ടുകള്‍ എഴുതിത്തുടങ്ങിയിട്ട് ആറു വര്‍ഷമായതേയുള്ളൂ. എന്നാല്‍ താരകപ്പെണ്ണാളേ.. എന്ന പാട്ടിന് ലഭിച്ച സ്വീകാര്യത മറ്റൊന്നിനും ലഭിച്ചിട്ടില്ല എന്ന കാര്യം എടുത്തുപറയേണ്ട ഒന്നാണ്. അതിനേക്കാള്‍ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത ഈ പാട്ടെഴുതിയ ആളെ ആര്‍ക്കും അറിയില്ല എന്നതാണ്. പലരിലേക്കായി ഈ പാട്ടിന്റെ രചനാവകാശം പങ്കിട്ട് പോകുന്നത് കണ്ടിട്ടുണ്ടെന്നും സത്യന്‍ പറയുന്നു.പല വേദികളിലും പല ഈണങ്ങളില്‍ ഈ പാട്ടിനൊപ്പം കേരളം തകര്‍ത്താടി. ദളിതനെ ചേര്‍ത്തുപിടിക്കുന്ന, പീഡിപ്പിക്കാത്ത ഒരിടമാണ് ഈ കവി സ്വപ്‌നം കാണുന്നത്.

മാവേലിക്കര സ്വദേശിയായ സത്യന്‍ കോമല്ലൂര്‍ പാട്ടെഴുതിത്തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. എന്നാല്‍ കലോത്സവ വേദികളിലും നാടന്‍ പാട്ട് മത്സരങ്ങളിലും തന്റെ പാട്ടുകള്‍ നിറഞ്ഞാടുമ്പോള്‍ സത്യന്‍ കോമല്ലൂര്‍ ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലാണ്. ”ഞാനെഴുതിയ പാട്ടാണ്, അതെനിക്കറിയാം. എല്ലാവരും അതേറ്റുപാടുന്നതില്‍, ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. എന്നാല്‍ ഒരു പാട്ടെഴുതിയതിന്റെ പേരില്‍ എല്ലായിടത്തും അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ല” സത്യന്‍ കോമല്ലൂര്‍ പറയുന്നു. മണിയും താരകപ്പെണ്ണാളും എന്ന സിഡിയിലെ പത്ത് പാട്ടുകളും എഴുതിയിരിക്കുന്നത് സത്യന്‍ കോമല്ലൂരാണ്.

2013 ല്‍ മുറിഞ്ഞ കടല്‍, 2015ല്‍ ഒപ്പിടാത്ത അപേക്ഷ എന്നീ രണ്ട് കവിതാസമാഹാരങ്ങള്‍ സത്യന്റേതായി പുറത്തിറങ്ങി. താരകപ്പെണ്ണാളേ എന്ന പതിനെട്ട് വരികളുള്ള നാട്ടുപാട്ട് എഴുതിയത് മകള്‍ക്ക് വേണ്ടിയായിരുന്നു. മകള്‍ അനമ്യക്ക് സ്റ്റേജ് പ്രോഗ്രാമില്‍ അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് പല വേദികളിലും ഈ പാട്ട് കേട്ടു. അവരൊന്നും സത്യന്‍ എന്ന എഴുത്തുകാരനെ അന്വേഷിച്ചു പോലുമില്ല. എന്നാല്‍ നാടന്‍പാട്ട് കലാകാരനായ ശാസ്താംകോട്ട സ്വദേശി പി.എസ് ബാനര്‍ജിയാണ് നാടന്‍പാട്ടിന്റെ വേദികളില്‍ ഈ പാട്ടിനെ തരംഗമാക്കിയത്. സത്യന്റെ അനുവാദം വാങ്ങിയിട്ടാണ് മുത്താരം എന്ന സിഡിയില്‍ ഈ പാട്ട് ഉള്‍പ്പെടുത്തിയത്. ”എന്നോടും എന്റെ പാട്ടിനോടും നീതി കാണിച്ചത് ബാനര്‍ജി മാത്രമാണ്. എന്നെ വന്നു കണ്ട് സംസാരിച്ചിട്ടാണ് ബാനര്‍ജി ആ പാട്ട് പാടിയത്.” സത്യന്‍ കോമല്ലൂര്‍ പറയുന്നു.

കണ്ണീരും കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ഒരു കുട്ടിക്കാലത്തില്‍ നിന്നാണ് തന്റെ കവിതകളൊക്കെ മുള പൊട്ടിയതെന്ന് സത്യന്‍ കോമല്ലൂര്‍ പറയുന്നു. അനുഭവങ്ങളാണ് കവിതയിലൊക്കെയും വാക്കുകളായി നിറയുന്നത്. ദളിത് ജീവിതത്തിന്റെ ചൂടും ചൂരുമാണ് തന്റെ ഭാഷയുടെ അടിസ്ഥാനമെന്നും ഇദ്ദേഹം പറയുന്നു. . പത്താം ക്ലാസ്സ് വരെ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്നദ്ദേഹം പറയുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു കാരണം.അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ച് വലതുകാലിന് ബലക്ഷയം സംഭവിച്ചെങ്കിലും കലയോടുള്ള താത്പര്യത്തെ അതൊരിക്കലും പ്രതികൂലമായി ബാധിച്ചില്ല.

കര്‍ഷകരായിരുന്ന ചെല്ലപ്പന്‍ -പൊന്നമ്മ ദമ്പതികളുടെ മകനായ സത്യന്‍ നാട്ടിലെ ചെറിയ സമിതികള്‍ക്ക് വേണ്ടി ലഘുനാടകങ്ങള്‍ എഴുതിക്കൊടുത്താണ് കലാരംഗത്തേയ്ക്ക് പ്രവേശിച്ചത്.ഭാര്യ ബിന്ദു, മക്കള്‍ അനമ്യ, ആദര്‍ശ്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913