Fri. Nov 20th, 2026

മലയാളികളുടെ ഇപ്പോഴുള്ള ഈ മൽസ്യത്തൊഴിലാളിസ്‌നേഹം സീസണബിൾ ആണ്, അത് കുറച്ചുദിവസമൊക്കെ കാണും.നമ്മള്‍ സംസാരത്തിലും പ്രവർത്തിയിലുമൊക്കെ എപ്പോഴും പാര്‍ശ്വവല്‍ക്കരിക്കുന്ന വിഭാഗം തന്നെയാണ് മത്സ്യത്തൊഴിലാളികള്‍. അവർ ആരും ആവശ്യപ്പെടാതെ തന്നെ ദുരന്തമുഖത്ത് കുതിച്ചെത്തി ആയിരങ്ങളെ രക്ഷിച്ചു. വിശ്രമരഹിതമായി രാവും പകലും പോരാടിയ മത്സ്യത്തൊഴിലാളികള്‍ ആവേശകരമായ ഇതിഹാസമാണ് കേരളത്തിന്റെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയത്.കേരളം മത്സ്യത്തൊഴിലാളികളോട് കടപ്പെട്ടിരിക്കുന്നു എന്നുപറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇക്കാര്യങ്ങളെങ്കിലും ദയവായി പരിഗണിക്കുക. ദേശീയ മത്സ്യതൊഴിലാളി ഫോറം ജനറൽ സെക്രട്ടറി പീറ്റർ തോമസ് എഴുതുന്നു –

കേരളം മത്സ്യത്തൊഴിലാളികളോട് കടപ്പെട്ടിരിക്കുന്നു

ഓഖി ദുരന്തത്തിൽനിന്നും ഒരു പരിധിവരെ മോചിതരായ മത്സ്യതൊഴിലാളികൾ മൈലുകൾക്കപ്പുറം മറ്റൊരു വലിയ ജലപ്രളയം ഉണ്ടായപ്പോൾ നോക്കിനിന്നില്ല, ഉടൻതന്നെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാൻപണിമുടക്കിക്കൊണ്ടു തങ്ങളുടെ മത്സ്യബന്ധന വള്ളങ്ങളും ഔട്ട് ബോർഡ് എഞ്ചിനുകളും ജി.പി.എസ്സും ലൈറ്റുകളും എടുത്ത്, ആവശ്യത്തിനുള്ള ഇന്ധനവും ശേഖരിച്ച് ഒരേമനസ്സോടെ ദുരന്തമേഖലയിലേക്ക് പാഞ്ഞെത്തി, പതിനായിരങ്ങളെരക്ഷിക്കുകയാണുണ്ടായത്. ഈ ദൗത്യത്തിൽ ഏർപ്പെട്ട ധീരരായ പ്രിയ മത്സ്യതൊഴിലാളി സഹോദരങ്ങളെ നിങ്ങൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ!!!

സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യ വള്ളം കൊല്ലത്തുനിന്നും എസ്.സ്റ്റീഫൻറെ നേതൃത്ത്വത്തിൽ 16ന് രാവിലെ 9 മണിക്ക് ചെങ്ങന്നൂരിലെത്തി. തുടർന്ന് അർത്തുങ്കൽ, ചെല്ലാനം പ്രദേശങ്ങളിലെ വള്ളങ്ങൾ ചെങ്ങന്നൂരിലും ആലുവയിലും എത്തി. ഈ യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കാൻ ചിലർ സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കുന്നു. അത്തരം പരാമർശങ്ങൾ ആർക്കും ഗുണം ചെയ്യില്ല.

സർക്കാർ അവരെ ആദരിക്കുന്നത് ഏറെ സ്വാഗതാർഹമാണ്. മത്സ്യതൊഴിലാളികൾക്ക് ലഭിക്കുന്ന അംഗീകാര്യംകൂടിയാണ്. ദുരിതാശ്വാസവേളയിൽ അവരുടെ വള്ളങ്ങൾക്കും എഞ്ചിനുകൾക്കും ഉണ്ടായ കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവുംഇന്ധനച്ചെലവും നൽകുന്നത് നല്ലകാര്യം തന്നെ. എന്നാൽ 3000 രൂപവച്ച് കൂലി കൊടുക്കുവാനുള്ള സർക്കാരിൻറെ തീരുമാനം ഈ അവസരത്തിൽ ഒരു ഔചിത്യകുറവായി കാണാതിരിക്കാനാവില്ല. മത്സ്യതൊഴിലാളികളുടെ തീഷ്ണമായ ഇടപെടലിന്മങ്ങലേൽക്കാൻ ആരും ശ്രമിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ സീസണിൽ മീൻപിടിത്തക്കാർ കടലിൽ പോയാൽ ധാരാളം കൊഞ്ചും കണവയും പരവയും കൊഴിയാളെയും ചൂരയും കിട്ടും. അത് ഉപേക്ഷിച്ചിട്ടാണ് അവർ മൈലുകൾക്കപ്പുറം പാഞ്ഞെത്തി,ജലപ്രളയത്തിൽ അകപ്പെട്ട പതിനായിരങ്ങളെ രക്ഷപ്പെടിത്തിയത്.ചെയ്യുന്ന ഉപകാരത്തിനു കൂലി ആഗ്രഹിക്കുന്നവരല്ല മീൻപിടിത്തക്കാർ.

സർക്കാരിനോടുള്ള അഭ്യർഥന : 1. നിവവിലുള്ള ദുരന്തനിവാരണ കമ്മിറ്റിയിൽ കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. അതിൽ മീൻപിടിത്തക്കാരുടെ പേരുപറഞ്ഞു രാഷ്ട്രീയക്കാരെ തിരുകികയറ്റാൻ ശ്രമിക്കരുത്(നിലവിൽ പല ബോർഡുകളിലും മീൻപിടിത്തക്കാരുടെ പേരിൽ കയറിപ്പറ്റിയിരിക്കുന്നത് മേൽപ്പറഞ്ഞ ആളുകളാണ്. ഇക്കാര്യത്തിലെങ്കിലും അത് ആവർത്തിക്കാതിരിക്കുക). 2. കേരളത്തിൻറെ കടലോരത്തു 222 മത്സ്യഗ്രാമങ്ങൾ ഉണ്ട്. ഇവിടങ്ങളിൽമത്സ്യതൊഴിലാളികളുടെ കർമ്മസേനകൾ രൂപീകരിച്ച് അവരെ സജ്ജരാക്കുക. 3. മറൈൻ എൻഫോഴ്സ്മെൻറ്, തീരദേശ സേന,കോസ്റ്റ് ഗാർഡ്, ലൈഫ് ഗാർഡ് എന്നിവിടങ്ങളിൽ മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്തുകയും വേണം.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇക്കാര്യങ്ങളിൽ അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽഎന്നിവർ ആവശ്യപ്പെട്ടു.