ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകൾ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ. ഈ ഹർത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളിൽ നിന്നോ സംഘടനകളിൽ നിന്നോ പിന്തുണ ലഭിച്ചിട്ടില്ല.
നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്നാണ് അയ്യപ്പ ധർമസേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത്, ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ തുടങ്ങിയവർ അറിയിച്ചത്.
ഹർത്താലിനോടനുബന്ധിച്ച് നാളെ വിവിധ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തും. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. എന്നാൽ, പിന്തുണയില്ലാത്തതിനാൽ തന്നെ ഹർത്താലിന് വലിയ ചലനം ഉണ്ടാക്കാനാകില്ലെന്നാണ് കണക്ക് കൂട്ടൽ.
അതേസമയം, ഇടത് -വലത് മുന്നണികളോ, ബി.ജെ.പിയോ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആർ.എസ്.എസും ഹർത്താലിനെ അനുകൂലിച്ചിട്ടില്ല. നാളത്തെ ഹർത്താലിൽ സമുദായത്തിന് പങ്കില്ലെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗവും അറിയിച്ചു.
