നിര്മ്മാല്യം നിരോധിക്കണം… സംവിധായകനേയും… എഴുതിയവനേയും. വെളിച്ചാപാടിനേയും.. തെരുവിലിട്ട് തല്ലികൊല്ലണം.. ഈ പൊലയാട്ടിന് ദേശിയ അവാര്ഡ് കൊടുത്തവനെയും വെറുതെ വിടരുത്… ദൈവത്തിന്റെ മുഖത്തു തുപ്പുന്നതാണോ സാംസ്കാരിക സ്വാതന്ത്ര്യം… ഹിന്ദുവായി ജനിച്ചൊരുത്തനും ഇത് അംഗീകരിക്കാൻ ആവില്ല.. ജയ് ഭാരത് മാതാ…

ടി കെ.രവീന്ദ്ര നാഥ്
“ഇന്ന് നിർമ്മാല്യം പോലൊരു സൃഷ്ടി സാധ്യമാകാത്ത അവസ്ഥയാണ്”ഇപ്പോൾ ഈ വാചകം സോഷ്യൽമീഡിയയിൽ സർവ്വ സാധാരണമായ ഒരു പോസ്റ്റാണ്. ഇതിനു മുമ്പ് പല ഇടതുപക്ഷ സാംസ്കാരിക വേദികളിലും പലരുടെ ചുണ്ടിൽ നിന്നും ഈ പല്ലവി പുറത്തു വരുന്നതിനു ഞാൻ സാക്ഷിയായിരുന്നു.
1973 ൽ നിർമ്മിച്ച നിർമ്മാല്യം എന്ന ദേശീയ അവാർഡ് നേടിയ സിനിമ അക്കാലത്ത് കണ്ടപ്പോൾ കോരിത്തരിച്ചു പോയ ആളാണ് ഞാൻ. എം.ടി.യുടെ ഏതു കൃതിയെക്കാളും, എന്നെ അദ്ദേഹത്തിൻറെ ആരാധകനാക്കിയത് ഈ സിനിമയാണ്.അന്ധവിശ്വാസം കൊണ്ട് ജീവിക്കുകയും, അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്ത പരമഭക്തനായ വെളിച്ചപ്പാട്, തനിക്കു ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന നെഞ്ചുപിളർക്കുന്ന അനുഭവങ്ങളാൽ നിരാശനും, ദുഖിതനും,രോഷാകുലനുമായി, ഉത്സവനാളിൽ ഉറഞ്ഞു തുള്ളി തലയിൽ വെട്ടി, ഒഴുകി വന്ന ചോരയും തുപ്പലും കൂട്ടിചേർത്ത് തന്റെ ഉപാസനാമൂർത്തിയായ ഭഗവതിയുടെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പുകയും, വാളുകൊണ്ട് വിഗ്രഹത്തിൽ ആഞ്ഞു വെട്ടുകയും ചെയ്ത ശേഷം മരിച്ചു വീഴുന്നു.
അങ്ങേയറ്റത്തെ ദൈവനിന്ദയായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സീനാണിത്. എന്നാൽ ഈ സിനിമ നിരോധിക്കപ്പെടുകയല്ല, കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടുകയാണ് ചെയ്തത്.മതവികാരം വ്രണപ്പെടുത്തി എന്നൊരാരോപണം ഈ സിനിമയ്ക്കെതിരെ ഉയർന്നുവന്നതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി, ചെറിയൊരു മതവിമർശനം തോന്നിയാൽ മതി ഒരു കലാസൃഷ്ടി നിരോധിക്കണം എന്ന മുറവിളി ഉയരുകയായി. മതവർഗ്ഗീയവാദികൾ ഒരു സന്ദർഭം ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതാണ് ആദ്യം പറഞ്ഞ, സാംസ്കാരിക വേദികളിൽ നിന്നുയരുന്ന, പരിദേവനങ്ങളുടെ അടിസ്ഥാനം.
എന്താണ് ഈ മാറ്റത്തിന് കാരണം? മതബോധം വളർന്നതും, അത് വർഗ്ഗീയതയുടെ രൂപം കൈക്കൊണ്ടതു മാണ് കാരണം എന്ന് എളുപ്പത്തിൽ ഉത്തരം പറയാൻ സാധിക്കും. എന്നാൽ, അതിനിടയാക്കിയ സാഹചര്യമെന്തൊക്കെ, അതിന്റെ കാരണക്കാർ ആരൊക്കെ എന്നത് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.’ഇന്ന് നിർമ്മാല്യം പോലൊരു സൃഷ്ടി സാധ്യമാവാത്ത അവസ്ഥയാണുള്ളത്’എന്ന പ്രസ്താവം കേരളത്തിലെ പുരോഗമന വാദികളിൽ നിന്നുണ്ടാവാൻ പാടില്ല എന്നാണു എന്റെ പക്ഷം. ഇതൊരു സ്വയം കീഴടങ്ങലിന്റെ സ്വരമാണ്.
എന്താണ് ഇത്തരത്തിൽ മതനിന്ദ എന്ന് വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സൃഷ്ടിയ്ക്ക് രൂപം കൊടുത്താൽ സംഭവിക്കാൻ പോവുന്നത്? നമ്മൾ ആരെയാണ് ഭയപ്പെടുന്നത്? ഭരണഘടനയും കോടതിയും നമുക്കനുകൂലമാണ്. പി.കെ. എന്ന സിനിമ യ്ക്കെതിരെ പ്രതിഷേധം വന്നപ്പോൾ സിനിമ പ്രദർശിപ്പിക്കാനുള്ള എല്ലാ സംരക്ഷണവും ചെയ്തു കൊടുക്കാൻ സുപ്രീം കോടതി ഗവണ്മെന്റിനു നിർദ്ദേശം നൽകി. അത് കളിക്കുകയും ചെയ്തു.
ആവിഷ്കാരസ്വാതന്ത്രത്തിന്റെ പ്രശ്നം വരുമ്പോൾ, പലപ്പോഴും, സർക്കാരുകൾ പ്രതിഷേധക്കാരുടെ കൂടെ നിൽക്കുന്നതായിട്ടാണ് അനുഭവം. ക്രമാസമാധാനത്തിന്റെ പേര് പറഞ്ഞു കൊണ്ട് ഭരണകൂടം വേട്ടക്കാരുടെ കൂടെ നിൽക്കുന്നു. ഇവിടെ ഇരകൾക്കു രക്ഷ നീതിപീഠം മാത്രമാണ്.ഭരണകൂടം സംരക്ഷിക്കുമെങ്കിൽ ‘നിർമ്മാല്യം മോഡൽ’ കലാസൃഷ്ടികൾ ഒരു കുഴപ്പവുമില്ലാതെ ‘സാധിച്ചെടുക്കാ’ വുന്നതാണ്.കലാസൃഷ്ടികൾക്കെതിരെ വാളെടുക്കുന്ന വികാരവ്രണിതർ ചെറുന്യൂനപക്ഷം മാത്രമാണ്. അവർ വിചാരിച്ചാൽ ഒരു കലാസൃഷ്ടി തടയാൻ കഴിയുമെന്ന് വരുന്നത് മഹാഭൂരിപക്ഷം വരുന്ന ജനാധിപത്യ-മതേതരത്വ മൂല്യസംരക്ഷകന്മാർക്ക് നാണക്കേടാണ്.
ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ ജനാധിപത്യ-ഇടതുപക്ഷ-പുരോഗമന ശക്തികൾ മുന്നോട്ട് വരണം. കേരളത്തിൽ, സി.പി.എം.ഉം, ഡി.വൈ.എഫ്.ഐ. ഉം വിചാരിച്ചാൽ നിഷ്പ്രയാസം കഴിയാവുന്നതേയുള്ളു അത്. പക്ഷെ അതിനവർ തയ്യാറാവുന്നില്ല എന്നതാണ് സത്യം. അതിനു കാരണം ഒരന്ധവിശ്വാസമാണ്. മതവിശ്വാസികളുടെ വോട്ട്നഷ്ടപ്പെടുമെന്ന അന്ധവിശ്വാസം.
ആവിഷ്കാരസ്വാതന്ത്രം സംരക്ഷിക്കാൻ പുരോഗമനവാദികൾ തന്നെ വിചാരിച്ചാൽ സാധിക്കുമെന്നിരിക്കെ, വർഗ്ഗീയവാദഭീതി പ്രചരിപ്പിക്കുന്നത്, വർഗ്ഗീയവാദത്തിനു വളം നൽകുകയേയുള്ളു. നിർമ്മാല്യം പോലുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് എന്റെ ബോധ്യം.
മീശ’ നുള്ളിയവരെ വെറുതെ വിടരുത്
മറ്റൊരാൾ നമുക്ക് രസിക്കാത്ത ഒരു കാര്യം പറയുകയോ എഴുതുകയോ അവതരിപ്പിക്കുകയോ ചെയ്യുന്നു. അത് കേൾക്കുന്ന അഥവാ കാണുന്ന നമ്മൾ അസ്വസ്ഥരാകുന്നു. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോടുള്ള അമർഷപ്രകടനമാണ് അസഹിഷ്ണുത എന്ന് പറയുന്നത്. ഇവിടെ മറ്റൊരാൾ നമ്മൾ എന്നീ സംജ്ഞകൾ വിപുലീകരി ച്ചാൽ രണ്ടു വിഭാഗങ്ങൾ എന്ന അർത്ഥം ലഭിക്കും.
അസഹിഷ്ണുത എല്ലാ കാലത്തും ഏതു സമൂഹ ത്തിലും ഉള്ള ഒന്നാണ്. പ്രാകൃതമായ മനസ്സുള്ളവർ അസഹിഷ്ണുത പ്രാകൃതമായ രീതിയിൽ പ്രകടിപ്പി ക്കുന്നു. ജനാധിപത്യ ബോധം അവർക്കന്യമാണ്. ഈ അസഹിഷ്ണുത മതതീവ്രവാദികളിൽ മാത്രമല്ല ഉള്ളത്. രാഷ്ട്രീയ പാർട്ടികളിലും മറ്റു പല കൂട്ടായ്മ കളിലും, വ്യക്തികളിലും ഇത് കാണാവുന്നതാണ്. പല കലാപങ്ങൾക്കും, കൊലപാതകങ്ങൾക്കും കാരണം അസഹിഷ്ണുതയാണ്.
മീശ എന്ന നോവലിലെ ചില സംഭാഷണ ശകലങ്ങൾ ക്ഷേത്രവിശ്വാസികളെ അവഹേളിക്കുന്നതാണെന്ന്
ആരോപിച്ചു നോവലിസ്റ്റ് എസ്. ഹരീഷിനെതിരെ ഭീഷണിയുയർത്തിയിരിക്കയാണല്ലോ കാവി ഭീകരന്മാർ. നോവലിലെ, ഭീഷണിക്കാധാരമായ സംഭാഷണത്തിലെ ആശയം ഇതാണ്. പെൺകുട്ടികൾ എന്തിനാണ് ഇത്ര ആകർഷകമായി വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നത്? പുരുഷന്മാരെ തങ്ങളി ലേക്ക് ആകർഷിക്കാനാണത്. ലൈംഗികതയാണ് അതിന്റെ പ്രചോദനം.
ഇതൊരാൾ മറ്റൊരാളോട് പറയുന്നതാണ്. ഒരു നോവലോ നാടകമോ ആവുമ്പോൾ അതിലെ കഥാപാത്രം അയാളുടെ സ്വഭാവത്തിനനുസരിച്ചുള്ള കാര്യങ്ങൾ പറയുമല്ലോ.അത് നോവലിസ്റ്റിന്റെ മനസ്സിലിരിപ്പ് ആവണമെന്നില്ല.അതൊക്കെ സാഹിത്യകാരന്റെ ഭാവനയുടെ ഭാഗമാണ്. ഇപ്പറഞ്ഞ ആശയം പൊതുവെ ആളുകൾ പറയാറുള്ളതാണ്. അതിൽ കുറച്ചൊക്കെ സത്യവുമുണ്ട്. അമ്പലത്തിൽ പോവുന്ന എല്ലാ സ്ത്രീകളും കാമദാഹം കൊണ്ട്പോകുന്നതാണ് എന്ന് നോവലിസ്റ്റ് പറഞ്ഞിട്ടില്ല.
ഇനി പറഞ്ഞു എന്ന് തന്നെയിരിക്കട്ടെ. എന്താണ് ചെയ്യേണ്ടത്? അയാളുടെ കുടുംബാംഗങ്ങളെ അപമാനിക്കുകയാണോ ചെയ്യേണ്ടത്? അയാളെ വധിക്കുമെന്ന് ഭീഷണിപ്പെടു ത്തുകയാണോ വേണ്ടത്? അയാളുടെ നോവൽ പ്രസിദ്ധീകരിക്കുന്ന പുസ്തകശാല ആക്രമിക്കുക യാണോ ചെയ്യേണ്ടത്? എന്നാൽ ജനാധിപത്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത മതതീവ്രവാദികൾ ഇതൊക്കെയാണ് ചെയ്തത്. എന്തിനു? തന്റെ നോവലിലെ ഒരു കഥാപാത്രത്തിന്റെ ഒരു സംഭാഷണത്തിന്റെ മാത്രം പേരിൽ. നോവലിസ്റ്റ് തെറ്റാണു ചെയ്തതെങ്കിൽ, അതിനെ ജനാധിപത്യ പരമായ രീതിയിലാണ് നേരിടേണ്ടത്.മതനിന്ദാ കുറ്റത്തിന്റെ പേരിൽ പോലീസിൽ പരാതി കൊടുക്കുക. കോടതി തീരുമാനിക്കട്ടെ അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടോ എന്ന്.
അതാണ് വേണ്ടത്. അതിനു പകരം ഇപ്പോൾ സംഘപരിവാർ ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഫാസിസം ഇക്കാര്യത്തിലും നടപ്പാക്കുക യാണ്.ചെയ്തത്. ഇതിനെതിരെ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചു നിൽക്കുക തന്നെവേണം. ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയുകയും, നിയമം കയ്യിലെടുക്കുകയും ചെയ്യുന്നവർ ആരായാലും അവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കേണ്ട തായിട്ടുണ്ട്. ഹരീഷിനെതിരെ ഭീഷണിമുഴക്കിയവരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരുക തന്നെ ചെയ്യണം. നോവൽ പ്രസിദ്ധീകരണം തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം.
