Sun. Nov 22nd, 2026

ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകർ പൊങ്കാലയിടുന്നു.കേരളത്തിലെ ബിജെപിയുടെ നേതൃത്വത്തിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാനത്തിന്റെ നേതൃത്വം പൂര്‍ണ പരാജയമാണെന്നും ഉടന്‍ തന്നെ നേതൃമാറ്റം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സഹപ്രവര്‍ത്തകയായ ലസിത പാലക്കലിനെതിരെ തരികിട സാബു അസഭ്യ വര്‍ഷം നടത്തിയിട്ടും ഒരു നേതാവും പ്രതികരിക്കാത്തതും ഇവരെ പ്രകോപിതരാക്കുന്നു. എന്നാല്‍ അക്രമത്തിനിരയായ നടിയുടെ കാര്യത്തില്‍ ഇടപെട്ട വി. മുരളീധരനെയും പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നുണ്ട്.

അമ്മയില്‍ നിന്നും രാജിവെച്ച നടിക്ക് പിന്തുണയുമായി എത്തിയ വി മുരളീധരന്‍ എംപിക്ക് ഇന്നലെ ബിജെപി പ്രവര്‍ത്തകരുടെ പൊങ്കാല കിട്ടിയിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തക ലസിതാ പാലക്കലിനെ അപമാനിച്ചവര്‍ക്കെതിരെ ഒരു പ്രതികരണം പോലും നടത്താതെ നടിയുടെ സംഭവത്തില്‍ പ്രതികരിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. മുരളീധരനെതിരെയുള്ള അമര്‍ഷം ലസിത പാലക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകടിപ്പിച്ചു. ഞാന്‍ ഒരു സിനിമാ നടി അല്ല വെറും ഒരു സ്ത്രീയായതുകൊണ്ടാവാം ഇടപെടാത്തതെന്ന് ലസിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലസിത പാലക്കലിന് നീതി ലഭിക്കണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെടുന്നത്. നിലവിലുള്ള നേതാക്കളുടെ പേര് പറഞ്ഞ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്. കേരള സന്ദര്‍ശനത്തിനായി അമിത് ഷാ അടുത്ത മാസം മൂന്നിന് വരാനിരിക്കെയാണ് പുതിയ പ്രശ്‌നം. അധ്യക്ഷന്‍ ഇല്ലാതെയായിട്ട് ഒരു മാസം പിന്നിടുന്ന കേരളത്തിലെ ബിജെപിക്ക് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക എന്നതാണ് അമിത് ഷായുടെ ലക്ഷ്യം. ഇതിനിടയിലാണ് സംസ്ഥാനത്തെ പാര്‍ട്ടിയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍്ട്ടിയോടാണ് താല്‍പര്യമെന്നും എന്നാല്‍ നേതാക്കള്‍ക്ക് ഗ്രൂപ്പുകളോടാണ് താല്‍പര്യമെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ‘സാക്ഷാല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കേരള ആഖജയുടെ ചുമതല ഏറ്റെടുത്താലും ഇവന്മാരൊക്കെ ഉള്ളടതോളം കാലം കേരളത്തില്‍ ഇത്രയൊക്കയേ നടക്കൂ’ എന്നാണ് ഒരു പ്രവര്‍ത്തകന്റെ കമന്റ്. തങ്ങളുടെ സഹപ്രവര്‍ത്തകയെ അപമാനിച്ച തരികിട സാബു എന്ന നടനെതിരെ നടപടി സ്വീകരിക്കണമെന്നും അത് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്നും പ്രവര്‍ത്തകര്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് എതിരെ പ്രവര്‍ത്തകര്‍ക്കുള്ള പരാതി ഉന്നയിക്കാന്‍ കിട്ടിയ അവസരം പ്രവര്‍ത്തകര്‍ വേണ്ടവിധം ഉപയോഗിക്കുന്നുണ്ട്. അമിത് ഷായുടെ പേജിലുള്ള പ്രവര്‍ത്തകരുടെ അമര്‍ഷം വൈറലായതോടെ നേതാക്കളെ വിമര്‍ശിച്ച് കൊണ്ട് കൂടുതല്‍ പ്രവര്‍ത്തകര്‍ അമിത് ഷായുടെ പേജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.