Sun. Nov 22nd, 2026

തന്‍റെ മതത്തെ രക്ഷിക്കുവാന്‍ വേണ്ടിയാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്ന് പിടിയിലായ പ്രതി പരശുറാം വാഗ്മോര്‍. അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയുടെ കുറ്റസമ്മതം. ” എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. എന്നാല്‍ ഇര ആരാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നത് ആ സ്ത്രീയെ കൊല്ലേണ്ടിയിരുന്നില്ല എന്നാണ്.” കൊല്ലാന്‍ പോകുന്നത് ആരെയാണെന്ന് പോലും അറിയാതെയായിരുന്നു മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ ഘാതകന്‍ കൃത്യം നടത്തിയതെന്നു റിപ്പോര്‍ട്ട്.

തന്നെ സെപ്റ്റംബര്‍ മൂന്നിന് ബെംഗളൂരുവില്‍ എത്തിക്കുകയും കൊലയ്ക്കുള്ള പരിശീലനം നല്‍കി എന്നും പരശുറാം മൊഴിനല്‍കിയിട്ടുണ്ട്. അവിടെ മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

‘ഒരു വീട്ടിലേക്കായിരുന്നു ആദ്യം കൊണ്ടുവന്നത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ ബൈക്കില്‍ കയറ്റി താന്‍ കൊല്ലേണ്ടയാളുടെ വീട് കൊണ്ടുപോയി കാണിച്ചു. പിറ്റേന്ന് അയാള്‍ തന്നെ ബൈക്കില്‍ ബംഗലുരുവിലെ മറ്റൊരു മുറിയിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റൊരാള്‍ ഉണ്ടായിരുന്നു. അയാള്‍ ബൈക്കില്‍ കയറ്റി വീണ്ടും ഇരയുടെ ആര്‍ആര്‍ നഗറിലെ വീടിന് മുന്നിലേക്കും തിരികെ മുറിയിലേക്കും കൊണ്ടുപോയി. വൈകിട്ട് വീണ്ടും ഗൗരിയുടെ വീടിനടുത്തേക്ക് കൊണ്ടുപോയി. തലേ ദിവസം ബൈക്കില്‍ കൊണ്ടുപോയയാളാണ് ഇത്തവണ വന്നത്. അന്ന് തന്നെ പണി തീര്‍ക്കണമെന്നായിരുന്നു കിട്ടിയിരുന്ന നിര്‍ദേശം. ജോലി കഴിഞ്ഞ് ഗൗരി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നു. പരശുറാം പോലീസിനോട് പറഞ്ഞു.

ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തിയ സമത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാല് വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തനിക്ക് കൊലപാതകത്തിനുളള നിര്‍ദേശം നല്‍കിയവരും കൂടെ വന്ന് സഹായികളും ആരാണെന്ന് തനിക്കറിയില്ലെന്ന് ഇയാള്‍ പറയുന്നു. തന്നോട് അവര്‍ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. മത വിദ്വേഷിയായ ഒരാളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ തമ്മില്‍ സംസാരിച്ചിരുന്നുളളൂ എന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് പ്രതി 26 കാരന്‍ പരശുറാം വാഗ്‌മോറിനെ പിടികൂടിയത്. കര്‍ണാടകത്തിലെ വിജയപുരയില്‍ നിന്നുമായിരുന്നു ഇയാള്‍ അറസ്റ്റിലായത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു.

പരശുറാമിന് സഹായികളായി മൂന്ന് പേര്‍ ബംഗലുരുവില്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഒരാള്‍ അദ്ദേഹത്തെ ബംഗലുരുവിലേക്ക് കൊണ്ടുവന്നു. രണ്ടാമത്തെയാള്‍ ഗൗരിയുടെ വീട് കാട്ടിക്കൊടുക്കാന്‍ മൂന്ന് ദിവസങ്ങളിലായി കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തു. സെപ്തംബര്‍ 4 ന് ഗൗരിയുടെ വീട്ടിലേക്ക് കൊണ്ടു പോയത് മൂന്നാമനായിരുന്നു. ഈ മൂന്ന് പേര്‍ ആരാണെന്നു പോലും തനിക്കറിയില്ലായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.