Wed. Nov 4th, 2026

തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സമരം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. അതിനോട് തനിക്ക് യോജിപ്പില്ല. സുപ്രീംകോടതി വിധി എന്തായാലും പാലിക്കും. വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്‍കണമെന്നത് സര്‍വകലാശാല അച്ചടക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു.

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍ നല്‍കിയിരിക്കുന്ന ഹാജര്‍ നില തെറ്റാണെന്നും സസ്‌പെന്‍ഷന്‍ കാലയളവ് ഉള്‍പ്പെടെ കാണിച്ചുകൊണ്ടാണ് ഹാജര്‍ നില നല്‍കിയിരിക്കുന്നത് എന്നതടക്കം വിദ്യാര്‍ഥികള്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ പറയുന്നു.

സസ്‌പെന്‍ഷന് മുന്‍പ് പല വിദ്യാര്‍ഥികള്‍ക്കും 90 ശതമാനത്തിന് മുകളില്‍ ഹാജര്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതടക്കം പരിശോധിച്ചു കൊണ്ട് ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്ന യോഗ്യതകളുണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തങ്ങള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സുപ്രീംകോടതിയാണ് ഇനി ആകെയുള്ള പ്രതീക്ഷയെന്നും സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് മറ്റു വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷയെഴുതാന്‍ എത്തിയത്. സസ്‌പെന്‍ഷനിലുള്ള 16 വിദ്യാര്‍ഥികളില്‍ 10 വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയുള്ളത്. ഇതില്‍ ഏഴ് വിദ്യാര്‍ഥികളുടെ പരീക്ഷയാണ് ഇന്ന് നടക്കുന്നത്.

Content Highlights: Higher Education Minister Roji M John stated that students at Kalady Sanskrit University should take their exams while maintaining campus discipline. The Supreme Court will hear a plea tomorrow filed by suspended students seeking permission to appear for their examinations. Other students wrote exams today wearing black badges to express solidarity with their suspended peers.





 

Leave a Reply