തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില് നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സര്ക്കാരിനില്ലെന്ന് നിയമസഭയില് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എന് ഷംസുദ്ദീന്. ഉപസമിതിയുടെ റിപ്പോര്ട്ട് അനുസരിച്ച് ആയിരിക്കും തുടര്നടപടി എന്നും മന്ത്രി പറഞ്ഞു. പദ്ധതിയില് നിന്ന് പിന്മാറുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് നിയമസഭയിലെ മറുപടി.

പി എം ശ്രീ നടപ്പാക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതം 1,607 കോടിരൂപ തടഞ്ഞുവച്ചിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു. തടഞ്ഞു വച്ചിരിക്കുന്ന പണം ലഭിക്കാന് കേസിന് പോകാന് സര്ക്കാര് തയ്യാറാകണമെന്ന് കെ എന് ബാലഗോപാല് ആവശ്യപ്പെട്ടു. കേസിന് പോകാന് തയ്യാറുണ്ടോ എന്ന് സര്ക്കാരിനെ കെ എന് ബാലഗോപാല് വെല്ലുവിളിച്ചു. പദ്ധതി അറബിക്കടലില് എറിയാന് ആര്ജ്ജവം ഉണ്ടെന്ന് പറഞ്ഞ യു ഡി എഫ് നേതാക്കള് ഈ സഭയില് ഉണ്ടെന്ന് സി പി എം നേതാവ് കെ എന് ബാലഗോപാല് എം എല് എ പറഞ്ഞു.
കേന്ദ്ര സര്ക്കാരുമായുള്ള കരാര് വിദ്യാഭ്യാസ മന്ത്രി സഭയില് വായിച്ചു. കഴിഞ്ഞ സര്ക്കാരാണ് ധാരണ പത്രത്തില് ഒപ്പിട്ടത്. പിന്മാറാന് കഴിയില്ലെന്ന് മുന് സര്ക്കാരിനും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ സര്ക്കാര് പദ്ധതി നടപ്പിലാക്കാമെന്ന് സമ്മതിച്ചാണ് ഒപ്പിട്ടത്. ആ പ്രതിസന്ധിയാണ് ഇപ്പോഴുള്ള സര്ക്കാരിന്റെ മുന്നിലുള്ളത്. പദ്ധതിയില് നിന്ന് മാറാന് കഴിയുക കേന്ദ്രസര്ക്കാരിന് മാത്രമാണെന്ന് മന്ത്രി എന് ഷംസുദ്ദീന് പറഞ്ഞു.
വിഷയത്തില് നിയമിച്ച സബ് കമ്മിറ്റി രണ്ട് പ്രാവശ്യം യോഗം ചേര്ന്നു. റിപ്പോര്ട്ട് വരുന്നതനുസരിച്ച് നടപടിയെടുക്കും. കഴിഞ്ഞ സര്ക്കാരിന്റെ ഉപസമിതി ഒരു യോഗം പോലും ചേര്ന്നിരുന്നില്ല. കഴിഞ്ഞ സര്ക്കാരിന്റെ ഉപസമിതി ഏഴുമാസം അടയിരുന്നു. പി എം ശ്രീ പദ്ധതിയുടെ കാലാവധി 2027 മാര്ച്ചില് അവസാനിക്കും. തുടരുമെന്ന കാര്യം രേഖാമൂലം കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മന്ത്രി എന് ഷംസുദ്ദീന് മറുപടി നല്കി.
Content Highlights: Education Minister N Shamsudheen clarified in the Assembly that the state government has no authority to unilaterally withdraw from the PM SHRI scheme. He added that Rs 1,607 crore in central funds remains blocked due to non-implementation, and further decisions await the subcommittee report.


